Connect with us

Kerala

അപകടകാരിയായ തെരുവ് നായ്ക്കളുടെ കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നടപടി സ്വീകരിക്കാം

Published

|

Last Updated

തിരുവനന്തപുരം: നായ്ക്കളുടെ ശല്യത്തില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ അപകടകാരിയായ നായയുടെ കാര്യത്തില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി സമഗ്ര പദ്ധതി നടപ്പാക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മനുഷ്യ ജീവനാണ് പ്രധാനം. പേവിഷബാധയുള്ളതും അപകടകാരികളുമായ നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസ്സമില്ല. സംസ്ഥാനത്ത 50 സ്ഥലങ്ങളില്‍ മൃഗ ജനന നിയന്ത്രണ കേന്ദ്രങ്ങള്‍ (എ ബി സി) തുടങ്ങും.
അത് പിന്നീട് 500 ആയി ഉയര്‍ത്തും. ഗ്രാമ പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും ഈ കേന്ദ്രങ്ങളില്‍ പട്ടിയെ എത്തിക്കണം. ഇതിനായി പറ്റിയ സന്നദ്ധ സംഘടനകളെ ഏല്‍പ്പിക്കും. പദ്ധതി നടപ്പാക്കുന്നതിനായി താത്കാലികാടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്മാരെ നിയമിക്കും. ആരെയും പ്രകോപിക്കാതെ ഫലപ്രദമായ നടപടി സ്വീകരിക്കണം. നായ്ക്കളെ കൊല്ലുകയെന്നത് ആദ്യ നടപടിയല്ല. വംശവര്‍ധനവ് തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും സൂചിപ്പിച്ചു. കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളില്‍ തെരുനായ്ക്കളെ വന്ധീകരണത്തിന് എ ബി സി പരിപാടി നടപ്പാക്കി.
പദ്ധതി നടപ്പാക്കുന്നതിന് ഈ മൂന്ന് ജില്ലകളുടെയും കോപ്പി മറ്റ് ജില്ലകള്‍ക്ക് നല്‍കും. ജില്ലകളിലെ സാധ്യത അനുസരിച്ച് ഇതില്‍ ഏതു പാരിപാടിയും നടപ്പാക്കാമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. രണ്ട് വെറ്ററിനറി ഡോക്ടര്‍മാരും രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെ ഏഴ് പേരുള്ള യൂനിറ്റാണ് കോട്ടയം മാതൃക. പട്ടിപ്പിടിത്തം തൊഴിലായി സ്വീകരിക്കാന്‍ താത്പര്യമുള്ള ആറ് പേര്‍ക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് 12 ദിവസത്തെ പരിശീലനം നല്‍കി. കേന്ദ്രത്തിലത്തെിക്കുന്ന പട്ടിയെ ഒരു ദിവസം നിരീക്ഷിക്കുകയും അടുത്ത ദിവസം ഓപറേഷന്‍ നടത്തി മുന്ന് ദിവസം കഴിഞ്ഞ് പിടിച്ച സ്ഥലത്ത് ഇറക്കിവിടുന്ന പരിപാടിയാണ് കോട്ടയത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിശദീകരിച്ചു. നായ്ക്കളുടെ കടിയേറ്റത് ഒരു ലക്ഷമാണെന്ന് നിയമസഭയില്‍ പറഞ്ഞെങ്കിലും അഞ്ച് ലക്ഷം പേര്‍ക്കെങ്കിലും കടിയേറ്റിട്ടുണ്ടെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. അതേസമയം യോഗത്തില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി ജനപ്രതിനിധികള്‍ സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. പട്ടികള്‍ക്ക് നല്‍കുന്ന പരിഗണനയെങ്കിലും മനുഷ്യ ജീവന് നല്‍കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. നിയമസഭയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരായ എം കെ മുനീര്‍, വി എസ് ശിവകുമാര്‍. കെ പി മോഹനന്‍, വകുപ്പ് മേധാവികളും പങ്കെടുത്തു.

Latest