Connect with us

International

ബ്രിട്ടീഷ് സൈന്യത്തിലെ 40 ശതമാനം വനിതാ സൈനികരും ലൈംഗിക ചൂഷണത്തിനിരകള്‍

Published

|

Last Updated

ലണ്ടന്‍: ബ്രിട്ടീഷ് സൈന്യത്തിലെ വനിതാ സൈനികരില്‍ 40 ശതമാനം പേരും ലൈംഗിക ചൂഷണത്തിനിരയാകുന്നതായി സര്‍വേ. ബ്രിട്ടീഷ് സൈന്യം കമ്മീഷന്‍ ചെയ്ത സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരമുള്ളത്. ലൈംഗിക ചൂഷണങ്ങള്‍ക്കിരയാകുന്നവരില്‍ ഭൂരിഭാഗവും തങ്ങളുടെ ജോലിയുടെ സുരക്ഷിതത്വം ഭയന്ന് മേലാധികാരികളോട് പരാതി പറയാറില്ലെന്നും സര്‍വേയില്‍ വ്യക്തമായി. സൈന്യത്തില്‍ ലൈംഗിക ചൂഷണം വ്യാപകമായി നടക്കുന്നുണ്ടെന്ന് 44 ശതമാനം വനിതാ സൈനികരും വിശ്വസിക്കുന്നു. 7,000ത്തിലധികം വനിതാ സൈനികരെ സര്‍വേ നടത്തിയതനുസരിച്ചാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ചീത്ത അനുഭവങ്ങള്‍ ഏല്‍ക്കേണ്ടിവരുന്ന വനിതാ സൈനികരില്‍ മൂന്ന് ശതമാനം മാത്രമാണ് എഴുതിത്തയ്യാറാക്കിയ പരാതി അധികൃതര്‍ക്ക് കൈമാറിയിട്ടുള്ളതെന്ന് സര്‍വേ പറയുന്നു. തങ്ങളുമായി ലൈംഗിക കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രമം നടന്നതായി 33 ശതമാനം പേരും പലരും അനാവശ്യ സ്പര്‍ശനം നടത്തിയതായി 12 ശതമാനം പേരും സമ്മതിക്കുന്നു.
സര്‍വേ ഫലം പുറത്തുവന്നതിനെ തുടര്‍ന്ന്, വനിതാ സൈനികര്‍ നേരിടുന്ന ലൈംഗിക ചൂഷണം ഒരിക്കലും പൊറുപ്പിക്കാനാകില്ലെന്ന് സൈനിക മേധാവി ജനറല്‍ സര്‍ നിക് കാര്‍ട്ടര്‍ പ്രതികരിച്ചു. സൈന്യത്തിന്റെ എല്ലാ മേഖലകളിലും മാറ്റം വരുത്തുമെന്നും പുതിയ നിയമങ്ങള്‍ സെപ്തംബറില്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest