Connect with us

Kerala

സഫിയ വധം: കരാറുകാരനും ഭാര്യയും ഉള്‍പ്പെടെ മൂന്നുപ്രതികള്‍ കുറ്റക്കാര്‍

Published

|

Last Updated

കാസര്‍കോട്: കുടക് അയ്യങ്കേരിയിലെ മൊയ്തു- ആഇശ ദമ്പതികളുടെ മകള്‍ സഫിയ(14)യെ ഗോവയിലെ ഫഌറ്റില്‍ വെച്ച് കൊന്ന് വെട്ടിനുറുക്കി കനാലിന് സമീപം കുഴിച്ചിട്ട കേസിലെ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. രണ്ടുപേരെ വെറുതെ വിട്ടു. ശിക്ഷ നല്‍കുന്നത് സംബന്ധിച്ച് വിസ്താരം ഇന്ന് നടക്കും.
ഒന്നാംപ്രതി ഗോവയിലെ കരാറുകാരന്‍ പൊവ്വല്‍ മാസ്തിക്കുണ്ടിലെ കെ സി ഹംസ(50), മൂന്നാംപ്രതി ഹംസയുടെ ഭാര്യ മൈമൂന(37), നാലാംപ്രതി ഹംസയുടെ ബന്ധു ആരിക്കാടി കുന്നിലിലെ അബ്ദുല്ല (58) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
രണ്ടാംപ്രതി കര്‍ണാടക ദൊഡ്ഡപ്പള്ളിയിലെ മൊയ്തു ഹാജി, അഞ്ചാം പ്രതി എ എസ് ഐ. ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് കുറ്റം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടത്. കൊലപാതകം, അന്യായമായി തടങ്കലില്‍ വെക്കല്‍, തെളിവുനശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ബാലപീഡനം എന്നീ കുറ്റങ്ങള്‍ ഹംസ നടത്തിയതായി കോടതി നിരീക്ഷിച്ചു. തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍, ബാലപീഡനം എന്നിവയാണ് മൈമൂനക്കെതിരെയുള്ള കുറ്റം. തെളിവ് നശിപ്പിച്ചതാണ് അബ്ദുല്ലക്കെതിരായ കുറ്റം.
2006 ഡിസംബര്‍ 22നാണ് ഗോവയിലെ നഷ്വ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് സഫിയ കൊല്ലപ്പെട്ടത്. അടുക്കളയില്‍ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുന്ന സഫിയയുടെ ദേഹത്ത് തിളച്ച കഞ്ഞിവെള്ളം മറിഞ്ഞുവെന്നും മരിച്ചുവെന്ന് കരുതിയ ഹംസ സംഭവം പുറത്തറിയാതിരിക്കാന്‍ പെണ്‍കുട്ടിയെ വെട്ടിനുറുക്കി ചാക്കില്‍കെട്ടി കാറില്‍ കയറ്റി മല്ലോം മഹാദേവ ക്ഷേത്രത്തിനടുത്ത അണക്കെട്ടിനടുത്ത് പൊക്ലയ്ന്‍ ഉപയോഗിച്ച് കുഴിച്ച്മൂടിയെന്നുമാണ് കേസ്.
പിന്നീട് നാട്ടിലേക്ക് വന്ന് സഫിയയെ കാണാനില്ല എന്ന് വരുത്തിത്തീര്‍ത്ത് പിതാവ് മൊയ്തുവിനെ കൊണ്ട് ആദൂര്‍ പോലീസില്‍ പരാതി കൊടുപ്പിക്കുകയായിരുന്നു. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസില്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ ആക്ഷന്‍ കമ്മിറ്റി രംഗത്തുവന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് എസ് പി. കെ പി ഫിലിപ്പ്, ഡി വൈ എസ് പി. കെവി സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സഫിയവധം മറനീക്കി പുറത്തുവന്നത്. ഗോവയിലെ കനാലില്‍ നിന്ന് പുറത്തെടുത്ത സഫിയയുടെ ശരീരാവശിഷ്ടങ്ങള്‍ പരിശോധിച്ച പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധ ഡോ. ഷെര്‍ലി വാസുവിന്റെ റിപ്പോര്‍ട്ടാണ് കേസ് തെളിയിക്കുന്നതിന് നിര്‍ണായകമായത്. സഫിയയുടെ കഴുത്തിനേറ്റ മൂന്നുമുറിവുകള്‍ കത്തികൊണ്ടുള്ള കുത്തേറ്റ് സംഭവിച്ചതാണെന്ന് ഡോക്ടറുടെ പരിശോധനയിലാണ് തെളിഞ്ഞത്. കേസിന്റെ വിധിയറിയുന്നതിന് സഫിയയുടെ മാതാപിതാക്കളും നാട്ടുകാരും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും കോടതിയിലെത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍ ഹാജരായി. സഫിയ കേസില്‍ 37 സാക്ഷികളെയാണ് വിസ്തരിച്ചത്. തെളിവായി സഫിയയുടെ തലയോട്ടി അടക്കമുള്ള 12 തൊണ്ടിമുതലുകളും 64 രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

---- facebook comment plugin here -----

Latest