Connect with us

Sports

വിശ്വാസം, ഐ പി എല്‍ വീണ്ടെടുക്കുമോ ?

Published

|

Last Updated

ജസ്റ്റിസ് ലോധ                                            ജസ്റ്റിസ് മുദ്ഗല്‍                    മെയ്യപ്പന്‍                                     രാജ് കുന്ദ്ര

ന്യൂഡല്‍ഹി: ഐ പി എല്ലിന്റെ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) വിശ്വാസം വീണ്ടെടുക്കാന്‍ പോന്ന വിധിയാണിതെന്ന് ഐ പി എല്‍ വാതുവെപ്പ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍. സുപ്രീം കോടതി നിയോഗിച്ച ലോധ കമ്മിറ്റിയുടെ വിധി ഐ പി എല്ലിനും ബി സി സി ഐക്കും ക്രിക്കറ്റ് താരങ്ങള്‍ക്കും ഒരുപോലെ ഗുണംചെയ്യും. കടുത്ത ശിക്ഷയാണിത്. ജനങ്ങള്‍ക്കിടയില്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായക്കേറ്റ തിരിച്ചടി വലുതാണ്. പതിയെ അവര്‍ക്കിടയില്‍ ഐ പി എല്ലിനോടുള്ള വിശ്വാസം തിരിച്ചുവരാന്‍ ഈ വിധി ഒരുപരിധി വരെ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല – മുദ്ഗല്‍ പറഞ്ഞു.
ചരിത്രപരമായ വിധിയെന്നാണ് ബി സി സി ഐയുടെ മുന്‍ മേധാവി ഇന്ദര്‍ജീത് സിംഗ് ബിന്ദ്ര വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ക്ലീന്‍ ചെയ്യാനുള്ള ശ്രമം ഇവിടെ നിന്നാരംഭിക്കണം. ബി സി സി ഐ പിഴവുകള്‍ മനസ്സിലാക്കുക. ഗുരുനാഥ് മെയ്യപ്പനെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും സംരക്ഷിക്കാന്‍ ശ്രമിച്ച എന്‍ ശ്രീനിവാസനെ എത്രയും പെട്ടെന്ന് ഐ സി സി അധികാര കേന്ദ്രത്തില്‍ നിന്ന് ബി സി സി ഐ പിന്‍വലിക്കണമെന്ന് ബിന്ദ്ര ആവശ്യപ്പെട്ടു.
ഐ സി സിയുടെ മേധാവിയായി തുടരാന്‍ ശ്രീനിവാസന് ധാര്‍മികമായി അവകാശമില്ല. എത്രയും പെട്ടെന്ന് പദവി ഒഴിയുകയാണ് അദ്ദേഹം ചെയ്യേണ്ടത് – ബിന്ദ്ര ട്വീറ്റ് ചെയ്തു.
മുന്‍ വിക്കറ്റ് കീപ്പര്‍ സഈദ് കിര്‍മാനി യുടെ വേവലാതി പുറത്താക്കപ്പെട്ട ടീമുകളിലെ കളിക്കാരെ കുറിച്ചാണ്. അതേ സമയം ബിഷന്‍ സിംഗ് ബേദി പറയുന്നത്, ക്രിക്കറ്റിന്റെ ശ്വാസം നിലനിര്‍ത്താന്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും ശിക്ഷകളുമൊക്കെ വരട്ടെയെന്നാണ്.
ബി സി സി ഐ വേണ്ട സമയത്ത് അനുയോജ്യ തീരുമാനമെടുത്തിരുന്നെങ്കില്‍ ഇത്രമാത്രം മലീമസമാകില്ലായിരുന്നു കാര്യങ്ങളെന്ന് ബിസിസിയുടെ മുന്‍ സെക്രട്ടറി നിരഞ്ജന്‍ ഷാ അഭിപ്രായപ്പെട്ടു.
ഐ പി എല്‍ നടത്തിപ്പില്‍ നിന്ന് ബി സി സി ഐ പൂര്‍ണമായും മാറി നില്‍ക്കുകയാണ് വേണ്ടത്. ഒരു സ്വതന്ത്ര ബോഡി ഐ പി എല്‍ നടത്തട്ടെ – ബി സി സി ഐയുടെ മുന്‍ പ്രസിഡന്റ് എ സി മുത്തയ്യ പ്രതികരിച്ചു. ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രക്കും ആജീവനാന്ത വിലക്ക് വന്നതില്‍ അത്ഭുതമില്ല. എന്നാല്‍, രണ്ട് ടീമുകളെ ദീര്‍ഘകാലം വിലക്കുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല – ബി സി സി ഐ അഭിഭാഷകനായ സി ആര്യാമ സുന്ദരം പറഞ്ഞു.

സൂപ്പര്‍ താര
നിരയുടെ ഭാവി?
ജസ്റ്റിസ് രാജേന്ദ്ര മാല്‍ ലോധയുടെ ചരിത്രപരമായ വിധിയില്‍ രാജ്കുന്ദ്രയും ഗുരുനാഥ് മെയ്യപ്പനും മാത്രമല്ല വലഞ്ഞത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങള്‍ കൂടിയാണ്. വരാനിരിക്കുന്ന രണ്ട് ഐ പി എല്‍ സീസണില്‍ പുറത്തിരിക്കാന്‍ പോകുന്നത്. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും വരുന്ന രണ്ട് സീസണിലും വിലക്കപ്പെടുമ്പോള്‍ ഈ താരങ്ങളുടെ ഐ പി എല്‍ മോഹങ്ങള്‍ പൊലിയും. ഭൂരിഭാഗം കളിക്കാരും ഫ്രാഞ്ചൈസികളുമായി ദീര്‍ഘകാല കരാര്‍ ഒപ്പു വെച്ചതിനാല്‍ മറ്റൊരു ടീമിലേക്ക് ചേക്കേറു പ്രയാസമാണ്. ഇന്ത്യന്‍ താരങ്ങളെയാണ് കൂടുതലായി ബാധിക്കുക. വിദേശ താരങ്ങള്‍ ബിഗ് ബാഷ്, കരീബിയന്‍ ലീഗുകളുമായും ധാരണയുണ്ടാക്കിയതിനാല്‍ പേടിക്കാനില്ല.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിരയില്‍ ധോണി, സുരേഷ് റെയ്‌ന, ആശിഷ് നെഹ്‌റ, ബ്രണ്ടന്‍ മെക്കല്ലം, ഡു പ്ലെസ്സിസ്, മൈക്ക് ഹസി, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഡ്വെയ്ന്‍ സ്മിത്ത്, ഇര്‍ഫന്‍ പത്താന്‍, മോഹിത് ശര്‍മ, അശ്വിന്‍, , കൈല്‍ അബോട്ട്. രാജസ്ഥാനിലാവട്ടെ അജിങ്ക്യ രഹാനെ, മലയാളി താരം സഞ്ജു സാംസണ്‍, ഓസീസ് താരം സ്റ്റീവ് സ്മിത്ത്, ക്രിസ് മോറിസ്, ഷെയ്ന്‍ വാട്‌സണ്‍, ജെയിംസ് ഫോക്‌നര്‍, സ്റ്റുവര്‍ട്ട് ബിന്നി, ടിം സൗത്തി, ധവാല്‍ കുല്‍ക്കര്‍ണി, കരുണ്‍ നായര്‍ എന്നിങ്ങനെ നീളുന്നു നിര. പരിശീലകരായ രാഹുല്‍ ദ്രാവിഡ്, സ്റ്റീഫന്‍ ഫ്‌ളെമിംഗ് എന്നിവരെയും വിധി നിരാശപ്പെടുത്തും.
ഐ പി എല്‍ ഭരണ സമിതിയുടെ വരാനിരിക്കുന്ന യോഗങ്ങളിലെ നിര്‍ണായക തീരുമാനങ്ങളിലാണ് ഇനി കളിക്കാരുടെ ഭാവി. ഇവര്‍ക്ക് മറ്റ് ടീമുകളിലേക്ക് വായ്പാടിസ്ഥാനത്തില്‍ കളിക്കാനവസരം ഒരുക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളൊക്കെ നടന്നേക്കുമെന്നാണ് കരുതപ്പെടുന്നത്.

കേരളത്തി

ന്റെ കൊമ്പന്‍ വരുമോ?
രണ്ട് ടീമുകള്‍ പുറത്തു പോകുമ്പോള്‍ അകത്ത് കയറാന്‍ കാത്തു നില്‍ക്കുന്ന ഒരു ടീമുണ്ട്. കേരള ടസ്‌ക്കേഴ്‌സ്. ബി സി സി ഐ നഷ്ടപരിഹാരമായി 550 കോടി രൂപ നല്‍കണമെന്ന ആര്‍ബിട്രേറ്ററുടെ വിധിയുടെ ബലത്തിലാണ് ടസ്‌കേഴ്‌സ് ഐ പി എല്ലില്‍ തിരിച്ചെടുക്കണമെന്നാവശ്യം ശക്തമായി ഉന്നയിക്കുന്നത്. തങ്ങള്‍ക്ക് പണം വേണ്ടെന്നും ഐ പി എല്ലില്‍ കളിച്ചാല്‍ മതിയെന്നും ടസ്‌കേഴ്‌സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ ബി സി സി ഐ ടസ്‌കേഴ്‌സിനോടുള്ള പിടിവാശിയില്‍ അയവ് വരുത്തുമോ? കാത്തിരുന്ന് കാണാം..