Connect with us

Sports

ടെവസിനെ ബൊക്ക എതിരേറ്റു, രാജകുമാരനെ പോലെ

Published

|

Last Updated

ബ്യൂണസ്‌ഐറിസ്: വനവാസം കഴിഞ്ഞ് രാജകുമാരന്‍ തിരിച്ചെത്തിയപ്പോഴുള്ള പ്രതീതിയായിരുന്നു ബൊക്ക ജൂനിയേഴ്‌സിന്റെ തട്ടകത്തിലെത്തിയ പതിനായിരങ്ങള്‍ക്ക്. കാര്‍ലോസ് ടെവസായിരുന്നു അവരുടെ രാജകുമാരന്‍. യുവെന്റസിന് കഴിഞ്ഞ സീസണില്‍ രണ്ട് കിരീടങ്ങള്‍ സമ്മാനിച്ചാണ് ടെവസ് കൊതിച്ചിരുന്ന ആ മടക്കം പൂര്‍ത്തിയാക്കിയത്.
2001 ല്‍ പതിനെട്ടാം വയസില്‍ ബൊക്ക ജൂനിയേഴ്‌സിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് കാലൂന്നിയ ടെവസ് 2004 ല്‍ ബ്രസീലിലെ കോറിന്ത്യന്‍സിലേക്കും അവിടെ നിന്ന് യൂറോപ്യന്‍ ഫുട്‌ബോളിലേക്കും പരകായപ്രവേശം നടത്തി.
വെസ്റ്റ്ഹാം യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, യുവെന്റസ് ക്ലബ്ബുകളില്‍ കളിച്ച ടെവസ് തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ പ്രായം 32 ലെത്തിയിരിക്കുന്നു. പക്ഷേ, ഇന്നും ടെവസിനോട് ബൊക്കയുടെ കാണിക്കൂട്ടത്തിന് ആ പതിനെട്ടുകാരനോടുള്ള സ്‌നേഹം തന്നെ. നാല്‍പതിനായിരം പേരാണ് ബൊംബോനെറ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്.
അര്‍ജന്റീനയില്‍ ലയണല്‍ മെസിയേക്കാള്‍ ആരാധനയുള്ള ഫുട്‌ബോള്‍ താരമായി കാര്‍ലോസ് ടെവസ് മാറുന്നതിന്റെ രഹസ്യവും ബോംബൊനെറ പറഞ്ഞു തരും. അര്‍ജന്റൈന്‍ ഫുട്‌ബോളിന്റെ ജീവാത്മാവാണ് ബൊക്ക ജൂനിയേഴ്‌സ്. ആ ടീമിന് വേണ്ടി ജീവന്‍ നല്‍കുന്നവനെ ആ രാഷ്ട്രവും നെഞ്ചേറ്റും. കാര്‍ലോസിന്റെ തിരിച്ചുവരവ് കാണാന്‍ സാക്ഷാല്‍ ഡിയഗോ മറഡോണയുണ്ടായിരുന്നു സ്റ്റേഡിയത്തില്‍. മറഡോണയുടെ ആശംസാബാനറുകള്‍ ഗ്യാലറിയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.