Connect with us

Kozhikode

ബസ് ടെര്‍മിനല്‍ നിര്‍മാണത്തിന് ശ്രദ്ധ ക്ഷണിക്കല്‍ ചര്‍ച്ച ചെയ്തില്ല: കോര്‍പറേഷന്‍ കൗണ്‍സിലില്‍ പ്രതിപക്ഷ ബഹളം

Published

|

Last Updated

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ബസ് ടെര്‍മിനല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കല്‍ ചര്‍ച്ച ചെയ്യാത്തതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ കൗണ്‍സിലില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം ബഹളം തുടരുന്നതിനിടെ 144 അജന്‍ഡകള്‍ ഭരണപക്ഷം പാസാക്കി.
മെഡിക്കല്‍ കോളജിലെ ബസ് ടെര്‍മിനല്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയം പ്രതിപക്ഷ അംഗം പി കിഷണ്‍ ചന്ദാണ് സഭയില്‍ ഉന്നയിച്ചത്. പ്രദേശത്തെ ജനങ്ങള്‍ക്ക് ആശങ്കയുള്ള വിഷയമാണെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും കിഷന്‍ചന്ദ് ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍മാണത്തിന്റെ കേസ് കോടതി പരിഗണനയിലായതിനാല്‍ ചര്‍ച്ച ചെയ്യാന്‍ പറ്റില്ലെന്ന് മേയര്‍ എ കെ പ്രേമജം അറിയിച്ചു. മേയറുടെ മറുപടിയില്‍ തൃപ്തരാവാതെ പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്നു. മേയര്‍ അഴമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.
ബഹളം തുടരുന്നതിനിടെ നടപടി ക്രമങ്ങള്‍ തുടര്‍ന്ന മേയര്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ 144 അജന്‍ഡകള്‍ പാസാക്കുകയായിരുന്നു. എരവത്ത്കുന്നിലെ മാതൃക അങ്കണ്‍വാടി ഉദ്ഘാടനത്തിന്റെ ബ്രോഷറില്‍ കോര്‍പറേഷന്റെ പേര് പരാമര്‍ശിക്കാത്ത സംഭവത്തില്‍ ജില്ലാ സാമൂഹിക നീതി ഓഫീസറോട് വിശദീകരണം ആവശ്യപെടാന്‍ യോഗം തീരുമാനിച്ചു. സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള അങ്കണ്‍വാടി സ്ഥിതി ചെയ്യുന്ന 10 സെന്റ് സ്ഥലം കോര്‍പറേഷന്‍ വിട്ടു നല്‍കിയതാണെന്നും സ്ഥലം നല്‍കിയിരുന്നില്ലെങ്കില്‍ അങ്കണ്‍വാടി യാഥാര്‍ഥ്യമാകില്ലായിരുന്നുവെന്നും മേയര്‍ അഭിപ്രായപ്പെട്ടു. എം രാധാകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മേയര്‍. സംഭവത്തില്‍ കോര്‍പറേഷന്റെ പരാതി വകുപ്പ് മന്ത്രിക്ക് രേഖാമൂലം നല്‍കാന്‍ ധാരണയായി.
സരോവരം ബയോ പാര്‍ക്കിലെ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്ന സാഹചര്യത്തില്‍ പാര്‍ക്ക് പ്ലാസ്റ്റിക് മുക്തമാക്കി ഉത്തരവിറക്കാന്‍ കലക്ടറോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. പെന്‍ഷന്‍ പ്രായം 58 ആക്കാനുള്ള ശമ്പള കമ്മീഷന്റെ ശിപാര്‍ശ ചര്‍ച്ചക്ക് പോലും എടുക്കാതെ സര്‍ക്കാര്‍ തള്ളിക്കളയണമെന്ന് കൗണ്‍സിലര്‍ സി പി സലീം അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രമേയം കൗണ്‍സില്‍ ഐക്യകഠ്യേന പാസാക്കി.
നഗരത്തിലെ പ്രധാന പ്രശ്‌നമായി വളര്‍ന്നിരിക്കുന്ന തെരുവ് നായ ശല്യം കുറക്കാന്‍ രണ്ടാം ഘട്ട വന്ധ്യംകരണ ക്യാമ്പ് നടത്തുമെന്ന് നഗരവികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത രാജന്‍ അറിയിച്ചു. പൊന്നത്ത് ദേവരാജന്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകായിരുന്നു അവര്‍. മൃഗങ്ങളെ കൊല്ലാന്‍ കോടതി അനുമതിയില്ലാത്തതിനാല്‍ നായകളെ കൊല്ലാന്‍ കഴിയില്ലെന്നും അങ്ങനെ ചെയ്താല്‍ കോടതി അലക്ഷ്യമാകുമെന്നും മേയര്‍ പറഞ്ഞു.

Latest