Connect with us

Kozhikode

പെരുന്നാള്‍ തിരക്കില്‍ വീര്‍പ്പ് മുട്ടി നഗരം

Published

|

Last Updated

കോഴിക്കോട്: പെരുന്നാള്‍ അടുത്തതോടെ നഗരം ഗതാഗത കുരുക്കില്‍ മുങ്ങിത്തുടങ്ങി. നഗരത്തിലെ മിക്കറോഡുകളിലും പെരുന്നാള്‍ അടുത്തതോടെ വന്‍ തിരക്കാണനുഭവപ്പെടുന്നത്. മിഠായി തെരുവ് പുതിയ ബസ്റ്റാന്റ് പരിസരം തുടങ്ങി പ്രമുഖ മാളുകളുടെ മുന്‍പിലും വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണ്.
മഴ കുറഞ്ഞത് ഏറെ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും പെരുന്നാള്‍ തിരക്കില്‍ തിങ്ങിയമരുകയാണ് നഗരം. വാഹനങ്ങളുടെ തിരക്ക് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത് ട്രാഫിക് പോലീസുകാരെയും വഴിയാത്രക്കാരെയുമാണ്. ട്രാഫിക്ക് നിന്ത്രിക്കാന്‍ വളരെ കുറഞ്ഞ പോലീസുകാര്‍ മാത്രമേയുള്ളൂവെന്നതും ബ്ലോക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. പുതിയസ്റ്റാന്റ് പരിസരത്തു നിന്നും വൈകുന്നേരങ്ങളില്‍ പുറത്തേക്കു കടക്കാന്‍ അരമണിക്കൂറിലധികം വാഹനത്തിലിരിക്കേണ്ട സാഹചര്യമാണുള്ളത്. മിഠായി തെരുവ് പാളയം മാര്‍ക്കറ്റ് പരിസരത്തെ റോഡുകളിലും പൊതുവെ തിരക്കധികമാണെങ്കിലും പെരുന്നാള്‍ അടുത്തതോടെ അതിരട്ടിയായിരിക്കുകയാണ്.
ഇവിടങ്ങളില്‍ വാഹനങ്ങള്‍ തിങ്ങി നിരങ്ങിയാണ് പോകുന്നത്. പെരുന്നാളിനു മുന്‍പുള്ള ഈ ഗതാഗത കുരുക്ക് എങ്ങനെ പരിഹരിക്കുമെന്നറിയാതെ കുഴയുകയാണ് ട്രാഫിക് പോലീസുകാര്‍. മാനാഞ്ചിറയിലെ അവസ്ഥയ്ക്കും മാറ്റമൊന്നുമില്ല.
റോഡിലെ ഗതാഗതക്കുരുക്ക് നീണ്ടു പോകുന്നതു കാരണം ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഫുട്പാത്തിലേക്ക് ഓടിച്ചു കയറ്റി കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമം ബുദ്ധിമുട്ടിലാക്കുന്നത് കാല്‍നടയാത്രക്കാരെയാണ്. ട്രാഫിക് പോലീസിന്റെ മുന്‍പിലൂടെയാണ് ഈ പ്രവൃത്തിയെങ്കിലും അവരും നിസ്സഹായരായി നോക്കി നില്‍ക്കുന്ന അവസ്ഥയാണുള്ളത്. മഴകുറഞ്ഞത് ഷോപ്പിംഗിനെത്തുന്നവര്‍ക്ക് ഏറെ ആശ്വാസമെങ്കിലും ഇത് കുരുക്ക് കൂടുന്നതിനു കാരണമാകുന്നുണ്ട്. പെരുന്നാളിനോടനുബന്ധിച്ചുള്ള രണ്ടു ദിവസങ്ങളില്‍ നഗരം കൂടുതല്‍ രൂക്ഷമായ ഗതാഗത കുരുക്കിലേക്കാണ് പോകുന്നത്.

---- facebook comment plugin here -----

Latest