Connect with us

Wayanad

പനി പടരുന്നു; ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്ത

Published

|

Last Updated

കല്‍പ്പറ്റ: ജൂലൈ ഒന്നു മുതല്‍ കഴിഞ്ഞ 12 ദിവസത്തിനിടെ ജില്ലയില്‍ പനിക്ക് ചികിസ്ത തേടിയത് 5324 പേര്‍. ജില്ലയിലെ വിവിധ ആശുപത്രികളില്‍ പനിബാധിച്ച് ചികില്‍സ തേടിയവരില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളുടെ കണക്ക് കൂടി പരിശോധിക്കുമ്പോള്‍ പനിബാധിതരുടെ എണ്ണം ഇരട്ടിയിലധികമായി ഉയരും. ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജൂലൈ മാസത്തില്‍ പനി ബാധിച്ച് ചികില്‍സ തേടിയവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടാഴ്ചക്കിടെ 30 ഡങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഏഴു കേസുകള്‍ ഡങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനിയെന്ന സംശയത്തില്‍ 26 പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 14 പേര്‍ക്കും എലിപ്പനി സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് എട്ടുപേരും ചികില്‍സ തേടി. പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു. സേഫ് കേരള പദ്ധതി പ്രകാരം 65 പേരടങ്ങുന്ന സംഘം കൊതുകു നിര്‍മ്മാര്‍ജ്ജനവും മറ്റു പ്രവര്‍ത്തനങ്ങളും ലക്ഷ്യമിട്ട് ബോധവല്‍കരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഓരോ വീടുകളിലും കയറിയിറങ്ങി ബോധവല്‍കരണം നടത്തുകയാണ് ലക്ഷ്യം. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഭവന സന്ദര്‍ശനം ഒരുതവണ പൂര്‍ത്തിയായതായി ഡി.എം.ഒ പറഞ്ഞു. ആശുപത്രികളില്‍ സര്‍ക്കാര്‍ ലിസ്റ്റ് പ്രകാരമുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ മിക്ക ആശുപത്രികളിലും മരുന്ന് പുറത്തേക്ക് എഴുതുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ലിസ്റ്റ് പ്രകാരമുള്ള 528 ഇനം മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഇതിലുള്‍പ്പെടാത്ത മരുന്നുകള്‍ അതാത് ആശുപത്രികളിലെ ഫണ്ട് ഉപയോഗിച്ച് വാങ്ങാവുന്നതാണെന്നും ഡി എം ഒ പറഞ്ഞു.

Latest