Connect with us

Gulf

തീവ്രവാദത്തിന് ഇടമില്ലാത്ത രാജ്യം

Published

|

Last Updated

ഭീകര പ്രവര്‍ത്തനത്തിനെതിരെ കര്‍ശന നടപടിയാണ് യു എ ഇ സ്വീകരിക്കുന്നത്. അതിന്റെ മികച്ച ഉദാഹരണമായി, അലാ ബദര്‍ അബ്ദുല്ല അല്‍ ഹാശിമിയുടെ വധശിക്ഷ. സ്വദേശിയാണെന്ന പരിഗണന അവര്‍ക്കു നല്‍കിയില്ല. നീതിന്യായ വ്യവസ്ഥയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല.
2014 ഡിസംബര്‍ ഒന്നിന് അല്‍ റീം ഐലന്റിലെ മാളില്‍ അമേരിക്കക്കാരിയായ ഇബോള്‍യാ റയാനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആസൂത്രിതമായാണ് കൊലപാതകമെന്നും ഭീകരവാദ ആശയങ്ങളുടെ സ്വാധീന വലയത്തിലായിരുന്നു പ്രതിയെന്നും പ്രോസിക്യൂഷന്‍ കണ്ടെത്തി. മാനസിക സ്ഥിരതയില്ലാത്തതുകൊണ്ടാണ് ആക്രമണ മാര്‍ഗത്തിലേക്ക് തിരിഞ്ഞതെന്ന് അലാ ബദറിന്റെ അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഭീകരവാദം ഒരു മാനസിക രോഗമാണെങ്കില്‍ കൂടി, സമൂഹത്തിന് വലിയ ആപത്താണ്.
വ്യാജപേര് ഉപയോഗിച്ച് ഇ-മെയില്‍ എക്കൗണ്ട് തുറക്കുകയും രാജ്യാന്തര ഭീകരവാദ സംഘടനകളുമായി ആശയ വിനിമയം നടത്തുകയും ചെയ്തതായി അലാ ബദറിനെതിരെ കുറ്റപത്രമുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഭീകരവാദികള്‍ പലരെയും സ്വീധീനിക്കാന്‍ ശ്രമിക്കാറുണ്ട്. അതില്‍ വീണുപോകരുതെന്ന താക്കീത് കൂടിയാണ് അലാ ബദറിന്റെ വധശിക്ഷ നടപ്പാക്കിയതിലൂടെ യു എ ഇ ഭരണകൂടം നല്‍കുന്നത്.
ഇന്ന് ലോകം നേരിടുന്ന വലിയ വിപത്താണ് ഭീകരവാദം. മത പ്രത്യയശാസ്ത്രങ്ങളെ വളച്ചൊടിച്ച് യുവതീയുവാക്കളെ വഴിതെറ്റിച്ച് അധികാരം സ്ഥാപിക്കുകയാണ് ഭീകരവാദ സംഘങ്ങള്‍. ഇറാഖിലും സിറിയയിലും ആയിരക്കണക്കിനാളുകളെ ഇവര്‍ ദുരിതത്തിലാഴ്ത്തി. സമാധാനം നിലനില്‍ക്കുന്ന രാജ്യങ്ങളിലേക്ക് ഇവര്‍ ഭീകരത കയറ്റിയയക്കുന്നു.
യു എ ഇ അടക്കം ഗള്‍ഫ് രാജ്യങ്ങള്‍ ഇതിനെതിരെ ജാഗ്രത പുലര്‍ത്തുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ യു എ ഇ മന്ത്രിസഭ പ്രത്യേക യോഗം ചേര്‍ന്ന് ഭീകര സംഘടനകളുടെ പട്ടിക പുറത്തിറക്കിയിരുന്നു. സിറിയ ആസ്ഥാനമായുള്ള അല്‍നുസ്‌റ, ഇറാഖില്‍ നിന്ന് വ്യാപിച്ച ഇസ്‌ലാമിക് സ്റ്റേറ്റ്, ഈജിപ്തില്‍ വേരുകളുള്ള മുസ്‌ലിം ബ്രദര്‍ഹുഡ് തുടങ്ങിയ സംഘടനകളെ യു എ ഇ നിരോധിച്ചു.
മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഒരു ശാഖ അല്‍ ഇസ്‌ലാഹ് എന്ന പേരില്‍ ചില ഗള്‍ഫ് രാജ്യങ്ങളില്‍ രൂപവത്കൃതമായിരുന്നു. കുവൈത്ത് ശാഖയിലെ ഒരംഗം യു എ ഇയില്‍ പ്രചാരണം നടത്തിയതായി പോലീസ് കണ്ടെത്തി. കുവൈത്തിലെ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഇയാള്‍ യു എ ഇയില്‍ ചാനല്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി രണ്ടര ലക്ഷത്തിലധികം ദിര്‍ഹം സ്വരൂപിച്ചു. കോടതിയില്‍ കേസ് തുടരുകയാണ്.
മാധ്യമങ്ങളെ ഉപയോഗിച്ചാണ് തീവ്രവാദം മനുഷ്യമനസുകളിലേക്ക് നുഴഞ്ഞുകയറുന്നത്. ഇതിന്റെ പ്രതിരോധം ഓരോരുത്തരിലും സ്വയം ഉണ്ടാകേണ്ടതാണ്. യഥാര്‍ഥ മത വിശ്വാസികളല്ല, തീവ്രവാദത്തിന് അടിപ്പെടുന്നത്. ആക്രമണോത്സുകത നിറഞ്ഞ മാനസികാവസ്ഥയുള്ളവരാണ്.
ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ സാമൂഹിക അരാജകാവസ്ഥ മുതലെടുത്ത് തീവ്രവാദം വളര്‍ന്നു. സഊദി അറേബ്യ, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും ഇതിന്റെ അലയൊലി കണ്ടു. മസ്ജിദില്‍ പ്രാര്‍ഥനക്കെത്തുന്ന നിരപരാധികളെ ബോംബ് ഉപയോഗിച്ച് കൂട്ടക്കൊല നടത്തുന്നതിന് യാതൊരു ന്യായീകരണവും പറയാനില്ല. ചിന്താപരമായ അടിമത്തം ഉറപ്പുവരുത്തിയശേഷം ചാവേറുകളാക്കി മാറ്റുന്ന നികൃഷ്ട തന്ത്രമാണ് ഭീകര സംഘങ്ങള്‍ അവലംബിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങള്‍ പൊതുവെ, സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുന്നു. മതപാരമ്പര്യം മുറുകെ പിടിക്കുമ്പോള്‍ തന്നെ, മറ്റു സംസ്‌കാരങ്ങളെ അനുഭാവത്തോടെ നോക്കിക്കാണുന്നു. ഇവിടെ തീവ്രവാദത്തിന്റെ വിത്തുകള്‍ ആരും മുളപ്പിക്കരുതെന്നാണ് ഭരണകൂടം നല്‍കുന്ന സൂചന.
ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകളുടെ പ്രചാരണം തടയാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ വിവിധ മാര്‍ഗങ്ങള്‍ അവംലംബിക്കുന്നു. യുവതീയുവാക്കളെ പരമാവധി വിദ്യാഭ്യാസ വത്കരിക്കുക എന്നതാണ് അതിലൊന്ന്. മറ്റൊന്ന്, ആളുകളെ ശരിയായ പാതയിലേക്ക് നയിക്കുന്ന ആശയ വിനിമയ പദ്ധതിയാണ്. അബുദാബിയില്‍ സവാബ് എന്ന പേരില്‍ അത്തരമൊരു കേന്ദ്രമുണ്ട്. ഭീകരവാദത്തിന് ആശയപരമായാണ് പ്രതിരോധമാണ് സവാബ് തീര്‍ക്കുക.

---- facebook comment plugin here -----

Latest