Connect with us

Malappuram

അംഗ വൈകല്യം അഭിനയിക്കുന്നവരും കൂട്ടത്തില്‍ ക്വാര്‍ട്ടേഴ്‌സ് കേന്ദ്രമാക്കി വന്‍ ഭിക്ഷാടന മാഫിയ

Published

|

Last Updated

കോട്ടക്കല്‍: പുതുപ്പറമ്പ് ചുടലപ്പാറയിലെ ക്വാര്‍ട്ടേഴ്‌സ് കേന്ദ്രമാക്കി ഭിക്ഷാടന മാഫിയ പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍. മുസ്‌ലിം വേഷത്തില്‍ ഭിക്ഷാടനത്തിന് ഇറങ്ങുന്ന ഇവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭിക്ഷ യാചിക്കുന്നുണ്ട്.
ആന്ധ്രയില്‍ നിന്നുള്ളവരാണിവര്‍. ഇവരുടെ താമസ കേന്ദ്രം “ആന്ധ്ര കോളനി” എന്ന പേരിലാണ് വര്‍ഷങ്ങളായി അറിയപ്പെടുന്നത്. സ്ത്രീകള്‍ പര്‍ദയും പുരുഷന്‍മാര്‍ പണ്ഡിത വേഷവും അണിഞ്ഞാണ് ഭിക്ഷാടനത്തിന് ഇറങ്ങുന്നത്. ഇവരില്‍ പലര്‍ക്കും മതത്തെ കുറിച്ച് പ്രാഥമിക വിവരം പോലും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. റമസാനില്‍ പ്രത്യേകമായി തന്നെ ഭിക്ഷ യാചിക്കാനായി ഒരു സംഘം എത്താറുണ്ട്. നല്ല ആരോഗ്യമുള്ളവരാണ് കൂട്ടത്തിലെ പലരും. വൈകുന്നേരം മദ്യപിച്ച് ബഹളം വെക്കുന്ന സ്വഭാവക്കാരും കൂട്ടത്തിലുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അധികപേരും പ്രദേശത്തൊന്നും യാചന നടത്താറില്ല. നടത്തുന്നവരെ നാട്ടുകാരില്‍ പലരും ഫാതിഹ ഓതിപ്പിക്കാറുണ്ട്. കൂടുതലാര്‍ക്കും ഓതാന്‍ പോലും അറിയാറില്ല.
സലാം പറയാനും ശഹാദത്ത് കലിമ ഉച്ചരിക്കാനുമാണ് പലരും ശീലിച്ചിരിക്കുന്നത്. ഇവര്‍ക്കിടയില്‍ തന്നെ വികലാംഗരായവരെ ഊഴം നിശ്ചയിച്ച് ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നുണ്ട്. അംഗപരിമിതി അഭിനയിക്കുന്നവരുമുണ്ട്. കൈകാലുകള്‍ക്ക് ശേഷിയില്ലാത്ത ഒരാളിനെയാണ് സംഘം ഊഴം നിശ്ചയിച്ച് ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത്. പലപ്പോഴും ഇതിന്റെ പേരിലും ഇവര്‍ക്കിടയില്‍ കലഹങ്ങള്‍ ഉണ്ടാകുന്നതായും നാട്ടുകാര്‍ പറയുന്നു. കുട്ടികളെ കൂടെ കൂട്ടിയാണ് ഭിക്ഷാടനം നടത്തുന്നത്. സ്ത്രീകളാണ് ഇതില്‍ ഏറെയും. വീടുകളില്‍ എത്തി സ്ത്രീകളുടെ സഹതാപം നേടാനാണ് ഇത്.
ഇത്തരത്തില്‍ പലരും പരിസരത്ത് തന്നെ ഇടക്കിടക്ക് ഭിക്ഷാടനത്തിന് എത്താറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പെ കാര്യങ്ങള്‍ പത്രങ്ങള്‍ പുറത്ത് വിട്ടിരുന്നെങ്കിലും ഇവരെ സംരക്ഷിക്കുകയായിരുന്നു. അതെ സമയം ചില ക്വാര്‍ട്ടേഴ്‌സ് ഉടമകളാണ് ഇത്തരം പ്രവര്‍ത്തനത്തിന് കൂട്ട് നില്‍ക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ താമസിക്കുന്ന പരിസരം വേണ്ടത്ര ശുചിയില്ലാത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Latest