Connect with us

Kozhikode

വൈലാലിലെ വീട്ടില്‍ സുല്‍ത്താന്റെ കഥ പറയാന്‍ ഇനി ഫാബിയില്ല

Published

|

Last Updated

കോഴിക്കോട്;ബേപ്പൂര്‍ സുല്‍ത്താന്റെ മരണശേഷവും കോഴിക്കോട്ടുകാര്‍ക്ക് പ്രിയപ്പെട്ടവളായിരുന്നു ഫാബി ബഷീര്‍. പ്രിയതമന്റെ ഓര്‍മകളില്‍ കോഴിക്കോട്ടെ അക്ഷരസ്‌നേഹികള്‍ക്ക് സുല്‍ത്താന്റെ സ്മരണകളെന്നും പകര്‍ന്നു നല്‍കിയത് ഫാബിയായിരുന്നു. ബഷീറിന്റെ ഓരോ ചരമദിനത്തിലും തേടിയെത്തുന്ന കൂട്ടുകാര്‍ക്ക് സുല്‍ത്താന്റെ കഥകള്‍ ഫാബി പറഞ്ഞുകൊടുത്തു. പറഞ്ഞു തീരാത്ത കഥകള്‍ ബാക്കിവെച്ച് സുല്‍ത്താന്റെ വിശേഷങ്ങള്‍ പറയാന്‍ ഫാബിയും ഇവിടെയില്ലാതായിരിക്കുന്നു.
സുല്‍ത്താന്റെ കഥകള്‍ തിരക്കി വരുന്നവരോട് എന്നും ഫാബി പ്രസന്നമുഖത്തോടെയാണ് പെരുമാറിയിരുന്നത്. ഫാബിയുടെ റ്റാറ്റായെ എന്നും വിരുന്നുകാര്‍ ആസ്വദിച്ച് കഥകളാക്കാറുമാണ് പതിവ്. റ്റാറ്റാ പോയിട്ട് കൊല്ലങ്ങളായെങ്കിലും ഈ അന്വേഷണങ്ങളും ആള്‍ത്തിരക്കും കാണുമ്പോള്‍ ഇപ്പോഴും റ്റാറ്റ ഇവിടെയൊക്കെ ഉള്ളതു പോലെയാണ് തോന്നുന്നത്. ഇതായിരുന്നു സുല്‍ത്താന്റെ വിശേഷങ്ങള്‍ക്കായി വിരുന്നിനെത്തുന്നവരോട് ഫാബി പറഞ്ഞിരുന്നത്. എത്തുന്നവരോട് സുല്‍ത്താന്റെ ഓര്‍മ്മകളും കഥകളും പറഞ്ഞങ്ങനെ ഫാബി ഇരിക്കുമായിരുന്നു. കൂട്ടത്തില്‍ റ്റാറ്റായുടെ നോമ്പിന്റെയും പെരുന്നാളിന്റെയും വിശേഷങ്ങള്‍ കൂടി കടന്നുവരാറുണ്ടായിരുന്നു. തികച്ചും ഇസ്‌ലാമിക പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന ഫാബി നോമ്പിന്റെ പുണ്യത്തോടൊപ്പം സഞ്ചരിച്ചവരായിരുന്നു. സുല്‍ത്താനോടെപ്പം ജീവിച്ച കാലമത്രയും നോമ്പിനും പെരുന്നാളിനും ബഷീറിന്റെ കൂട്ട് തീര്‍ത്ത അവിസ്മരണീയമായ ഓര്‍മ്മകള്‍ ഫാബി ഈയടുത്തും ഓര്‍ത്തെടുത്തിരുന്നു. വീട്ടില്‍ അതിഥികളായെത്തുന്ന വലിയ ആള്‍ക്കൂട്ടമാണ് സുല്‍ത്താന്റെ പെരുന്നാള്‍ വിഭവമെന്നും ഓരുപാട് ആളുകളുമായുള്ള പെരുന്നാളായിരുന്നു സുല്‍ത്താന്റെ ഇഷ്ടമെന്നും കാലങ്ങള്‍ക്കിപ്പുറവും ഫാബി ഓര്‍മയില്‍ നിന്ന് ചികഞ്ഞെടുത്തിരുന്നു. നോമ്പിനൊപ്പം തന്നെ സക്കാത്ത് നല്‍കുന്നതിനും സുല്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും ഫാബി പറയുമായിരുന്നു.
എന്നും എപ്പോഴും ഫാബിക്കുമുന്നില്‍ ചെന്നാല്‍ സുല്‍ത്താനെക്കുറിച്ച് അവര്‍ നിശബ്ദയാകാറില്ല. ന്റുപ്പാപ്പാക്കൊരാനണ്ടാര്‍ന്ന് എന്ന നോവല്‍ നാടകമാക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോടെത്തിയപ്പോഴാണ് ബഷീറിന്റെ ആലോചന ഫാബിയെത്തേടിയെത്തുന്നത്. തുടര്‍ന്ന് സുല്‍ത്താന്റെ ജീവിതസഹയാത്രികയായി മാറി. അങ്ങനെ 1958 ഡിസംബര്‍ 18 മുതല്‍ സുല്‍ത്താന്റെ മണവാട്ടിയായി ഫാബി മാറുകയായിരുന്നു. 40 വര്‍ഷം മലയാള കഥയുടെ സുല്‍ത്താനൊപ്പം ജീവിച്ചു. 1994 ജൂലൈ അഞ്ചിന് അക്ഷരങ്ങളുടെ ലോകത്ത് നിന്ന് സുല്‍ത്താന്‍ വിടവാങ്ങി. മരണശേഷം മക്കള്‍ക്കൊപ്പം ബേപ്പൂരിലെ വീട്ടിലായിരുന്നു പിന്നീട് ഫാബി ബഷീര്‍. അനീസ്, ഷാഹിന എന്നിവരാണ് മക്കള്‍.
സുല്‍ത്താന്റെ വിടവാങ്ങലിന് ശേഷവും അക്ഷരസ്‌നേഹികളെ കാത്ത് വൈലാലിലെ വീട്ടില്‍ എന്നും ഫാബി ഇരിക്കാറുണ്ടായിരുന്നു. ബേപ്പുര്‍ സുല്‍ത്താനെക്കുറിച്ച് ആരെന്തു പറയുന്നുണ്ടെങ്കിലും അതിലെല്ലാം ഫാബിയും ഉണ്ടായിരുന്നു. സുല്‍ത്താന്റെ വിടവാങ്ങലിന് ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം കാലം ഫാബിയേയും തിരിച്ചുവിളിച്ചു. സുല്‍ത്താന്റെ സഖിയും പോയതോടെ ഇനി വൈലാലിലെ വീട്ടില്‍ ഇവരുടെ ഓര്‍മ്മകള്‍ മാത്രമാണ് ബാക്കി.