Connect with us

Kerala

നോളജ് സിറ്റിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ സമീപനം മനുഷ്യത്വരഹിതം: കാന്തപുരം

Published

|

Last Updated

kanthapuramകോഴിക്കോട്: മര്‍കസ് നോളജ് സിറ്റിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ സമീപനം മനുഷ്യത്വരഹിതമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് സ്ഥാപിക്കുന്ന നോളജ്‌സിറ്റിക്കെതിരെ എന്തിനാണ് ഇത്തരക്കാര്‍ രംഗത്ത് വരുന്നതെന്ന് മനസ്സിലാകുന്നില്ല. വിദ്യാഭ്യാസം എന്നത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് അനിവാര്യമാണ്. ലോകം മുഴുവന്‍ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നവര്‍ മനുഷ്യത്വത്തിന്റെ തരിമ്പുമില്ലാത്തവരാണ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാന്തപുരം പറഞ്ഞു.

ഏതെങ്കിലും മതത്തിലെ ആളുകള്‍ക്കോ ഏതെങ്കിലും വിഭാഗക്കാര്‍ക്കോ വേണ്ടിയുള്ളതല്ല നോളജ് സിറ്റിയിലെ സ്ഥാപനങ്ങള്‍. എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. നോളജ് സിറ്റിക്ക് സമീപത്തെ മുസ്‌ലിമും ഹിന്ദുവും കൃസ്ത്യാനിയും വലിയ ആഹ്ലാദത്തോടും താത്പര്യത്തോടും കൂടിയാണ് നോളജ് സിറ്റിയുടെ വളര്‍ച്ച നോക്കി കാണുന്നത്. ഇവരുടെ എല്ലാം ഭാഗത്ത് നിന്ന് വലിയ തോതിലുള്ള പിന്തുണയും ഇതിന് ലഭിക്കുന്നുണ്ട്. മത ജാതി കക്ഷിരാഷ്ട്രീയ ബന്ധങ്ങള്‍ക്കതീതമായി എല്ലാവരുടെയും സഹകരണത്തോട് കൂടിയാണ് നോളജ് സിറ്റിക്ക് തുടക്കം കുറിച്ചത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരും ഇടതുപക്ഷത്തു നിന്നുള്ള പ്രമുഖരും പിന്തുണ നല്‍കിയിട്ടുണ്ട്.

സര്‍ക്കാറില്‍ നിന്നും ഇതുവരെ ആവശ്യമായ സഹകരണവും ലഭിച്ചിട്ടുണ്ട്.
പരിസ്ഥിതിയുടെയും വന്യമൃഗങ്ങളുടെയും പേര്പറഞ്ഞ് പദ്ധതി തടസ്സപ്പെടുത്താന്‍ കോടതിയെ സമീപിക്കുന്നത് ആരാണെന്ന് വ്യക്തമായി അറിയാം. എന്നാല്‍ ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടിയായി കാന്തപുരം പറഞ്ഞു.

---- facebook comment plugin here -----

Latest