Connect with us

Kozhikode

കുഴിയടക്കല്‍ പദ്ധതി ആരംഭിച്ചു

Published

|

Last Updated

കോഴിക്കോട്: നമുക്ക് നിരത്താം നമ്മുടെ നിരത്ത് (4 എന്‍) എന്ന ജില്ലാ ഭരണകൂടത്തിന്റെ പുതിയ കുഴിയടക്കല്‍ പദ്ധതി മേയര്‍ പ്രൊഫ. എ കെ പ്രേമജം ഉദ്ഘാടനം ചെയ്തു. ചുങ്കം മുതല്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ വരെയുള്ള അഞ്ച് കിലോമീറ്റര്‍ നീളത്തിലാണ് ഇന്നലെ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതിയാരംഭിച്ചത്.
നഗര പരിധിയിലെ വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്ന കുഴികളുള്ള റോഡുകള്‍ക്ക് മുന്‍ഗണന നല്‍കിയ പ്രവൃത്തിയുടെ ചെലവ് വഹിക്കുന്നത് ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കാണ്. ജനപങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതിക്കുള്ള ചെലവുകള്‍ക്ക് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സ്‌പോണ്‍സര്‍മാരെ കണ്ടെത്താനാണ് പരിപാടി.
ഫണ്ട് സംബന്ധിച്ച സാങ്കേതികപ്രശ്‌നങ്ങളിലും ടെന്‍ഡര്‍ നടപടികളിലും കുടുങ്ങി കുഴിയടപ്പ് നീണ്ടുപോകുന്നത് ഒഴിവാക്കുകയാണ് 4 എന്‍ പ്രൊജക്ടിലൂടെ ലക്ഷ്യമിടുന്നത്. 48 മണിക്കൂറില്‍ കൂടുതല്‍ നികത്താതെ കിടക്കുന്നതും പി ഡബ്ല്യു ഡി, കോര്‍പറേഷന്‍ അധികൃതര്‍ റിപയറിംഗ് നടപടികള്‍ ആരംഭിച്ചിട്ടില്ലാത്തതുമായ കുഴികളാണ് പദ്ധതിയിലൂടെ നികത്തുക. കുഴിയടപ്പ് യന്ത്രത്തില്‍ സ്ഥാപിക്കുന്ന ഡിസ്‌പ്ലേ പരസ്യത്തിലൂടെ ഇതിനുള്ള ഫണ്ട് കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. സ്‌പോണ്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടാം. യു എല്‍ സി സി ഡയറക്ടര്‍ എം എം സുരേന്ദ്രന്‍, സൈബര്‍ പാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ടി കെ കിഷോര്‍ കുമാര്‍, യു എല്‍ സി സി. പി ആര്‍ ഒ അഭിലാഷ് ശങ്കര്‍, ബാബുലാല്‍ നേതൃത്വം നല്‍കി.

Latest