Connect with us

Palakkad

ദാരിദ്ര്യവും രോഗപീഡയുമായി ബഷീറും ഭാര്യയും സഹായം തേടുന്നു

Published

|

Last Updated

ബഷീറും ഭാര്യ ആയിഷയും നാഗലശ്ശേരിയിലെ തങ്ങളുടെ ഓല കുടിലില്‍

കുറ്റനാട്: വൃദ്ധസദനങ്ങളും അഗതി മന്ദിരങ്ങളും നാട്ടില്‍ തഴച്ചു വളരുമ്പോഴും സംരക്ഷണം കാത്ത് കഴിയുകയാണ് മാളിയേക്കല്‍ ബഷീറും ഭാര്യയും.
നാഗലശ്ശേരി പഞ്ചായത്തിലെ കുന്നതെരി മാളിയേക്കല്‍ ബഷീറും (67) ഭാര്യ ആഇശയുമാണ് ദാരിദ്ര്യവും രോഗവുമായി കഴിയുന്നത്. മക്കളില്ലാത്ത ഈ കുടുംബം ഇപ്പോള്‍ ചെറ്റക്കുടിലില്‍ പരസഹായമില്ലാതെ കഴിയുകയാണ്. ഒരുഭാഗം തളര്‍ന്ന ബഷീറിന് പരസഹായം കൂടാതെ നടക്കുവാനോ മലമൂത്ര വിസര്‍ജനം ചെയ്യുവാനോ സാധ്യമല്ല.
ഭര്‍ത്താവിനെ പരിചരിക്കേണ്ടതിനാല്‍ ഭാര്യ ആഇശക്ക് ജോലിക്കോ മറ്റു കാര്യങ്ങള്‍ക്കോ വീടിനുപുറത്ത് പോകാന്‍ സാധ്യമല്ല. മണ്ണില്‍ പടുത്തുയര്‍ത്തിയ ഓലപ്പുരക്ക് ചിതല്‍ ശല്യം ഏറെയാണ്. ഇതിനുപുറമെ ഇഴജന്തുക്കളുടെ ശല്യവും. മഴ പെയ്താല്‍ ചെറ്റകുടിലില്‍ വെളളം നിറയും. ഇതിനാല്‍ മഴ പെയ്യുമ്പോള്‍ ഉറങ്ങാതെ കിടക്കുകയാണ് പതിവ്. സ്വന്തമായി റേഷന്‍ കാര്‍ഡോ സര്‍ക്കാര്‍ രേഖകളോ ഇവര്‍ക്കില്ല. ഇതിനാല്‍ ഒരു ഗവ. സഹായവും ഇവര്‍ക്ക് ലഭിക്കുന്നില്ല.
കണ്ണൂര്‍ സ്വദേശികളായ ഈ കുടുംബം വര്‍ഷങ്ങളായി വാടക വീടുകളില്‍ നിന്ന് വാടക വീടുകളില്‍ മാറി മാറി ഒടുവിലാണ് നാഗലശ്ശേരിയില്‍ എത്തിയത്. ഇവിടെയും വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് ആലിക്കര സ്വദേശി ഷാജി സൗജന്യമായി നല്‍കിയ മൂന്ന് സെന്റിലാണ് ചെറ്റകുടില്‍ നിര്‍മിച്ചത്. എങ്ങിനെയാണ് ജീവിതം മുന്നോട്ട് പോകുന്നതെന്ന് ഈ കുടുംബത്തിന് അറിയില്ല. കയറി കിടക്കാന്‍ മഴ നനയാത്ത അടച്ചുറപ്പുളള വീടാണ് ഈ ദമ്പതികളുടെ സ്വപ്‌നം.

Latest