Connect with us

National

ചാരവിമാനവും അതിര്‍ത്തിയിലെ വെടിവെപ്പും: ഇന്ത്യ- പാക് ബന്ധം ഉലയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി/ഇസ്‌ലാമാബാദ്: അതിര്‍ത്തിയില്‍ തുടരുന്ന പാക് വെടിവെപ്പും ഡ്രോണ്‍ വിമാനത്തെച്ചൊല്ലിയുള്ള തര്‍ക്കവും മുറുകിയതോടെ ഇന്ത്യ- പാക് ബന്ധം വീണ്ടും വഷളാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു സന്ദര്‍ശിക്കാനിരിക്കെയാണ് അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ് രൂക്ഷമായത്. അതിര്‍ത്തിയിലെ ബി എസ് എഫ് ഔട്ട്‌പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യമാക്കിയാണ് വെടിവെപ്പുണ്ടായത്. ശക്തമായി പ്രതികരിക്കുമെന്ന് ഇന്ത്യയും വ്യക്തമാക്കിയതോടെ അതിര്‍ത്തി വീണ്ടും സംഘര്‍ഷഭരിതമായി. നിയന്ത്രണരേഖക്ക് സമീപം ആളില്ലാ ചാരവിമാനം (ഡ്രോണ്‍) പാക്കിസ്ഥാന്‍ സൈന്യം വെടിവെച്ചിട്ടതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ വാക് തര്‍ക്കം മുറുകിയത്. ഇന്ത്യന്‍ ചാരവിമാനമാണ് വെടിവെച്ചിട്ടതെന്ന പാക്കിസ്ഥാന്റെ ആരോപണം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫും നടത്തിയ കൂടിക്കാഴ്ചയില്‍ സമാധാന ശ്രമങ്ങള്‍ പുനരാരംഭിക്കാന്‍ ധാരണയായതിനു പിന്നാലെയാണ് ഉഭയകക്ഷി ബന്ധം വീണ്ടും വഷളാകുന്നത്.
പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് സാധാരണക്കാര്‍ക്ക് പരുക്കേറ്റു. ആര്‍ എസ് പുരയിലെ ബി എസ് എഫ് ഔട്ട്‌പോസ്റ്റിനും പൂഞ്ച് ജില്ലയിലെ ഷാഹ്പൂര്‍ സെക്ടറിലുമാണ് പാക് റെയ്‌ഞ്ചേഴ്‌സ് വെടിവെപ്പ് നടത്തിയതെന്ന് ബി എസ് എഫ് അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച നടന്ന വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. നരേന്ദ്ര മോദി ഇന്ന് ജമ്മുവില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് ആക്രമണം രൂക്ഷമായത്. യന്ത്രത്തോക്കുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ബി എസ് എഫിന്റെ അഞ്ച് ഔട്ട്‌പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യമിട്ടാണ് വെടിവെപ്പുണ്ടായത്.
ഇന്ത്യന്‍ ചാര ഡ്രോണ്‍ പാക് വ്യോമോതിര്‍ത്തി ലംഘിച്ചുവെന്നതാണ് പാക്കിസ്ഥാന്റെ പ്രധാന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ വിശദീകരണം തേടിയിട്ടുണ്ട്. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി സി എ രാഘവനെ പാക് വിദേശകാര്യ സെക്രട്ടറി സര്‍താജ് അസീസിന്റെ ഓഫീസ് വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയായിരുന്നു.
ഇന്ത്യന്‍ ചാര ഡ്രോണുകള്‍ പാക് വ്യോമ മേഖലയില്‍ പ്രവേശിപ്പിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെയും 1991ലെ വ്യാമ മേഖലാ കരാറിന്റെയും ലംഘനമാണെന്നും പാക്കിസ്ഥാന്റെ അഖണ്ഡതക്ക് പരുക്കേല്‍പ്പിക്കുന്ന ഇത്തരം നടപടികള്‍ ഇന്ത്യ അവസാനിപ്പിക്കണമെന്നും അസീസിന്റെ ഓഫീസ് രാഘവനോട് പറഞ്ഞു.
എന്നാല്‍, പാക്കിസ്ഥാന്‍ കണ്ടുവെന്ന് പറയുന്ന ഡ്രോണ്‍ പാക് റേഞ്ചേഴ്‌സിന്റെത് തന്നെയാണെന്ന് മുന്‍ അനുഭവം ചൂണ്ടിക്കാണിച്ച് ഇന്ത്യ വാദിക്കുന്നു. നേരത്തേ ഇത്തരത്തില്‍ വെടിവെച്ചിട്ട ഡ്രോണ്‍ പാക് റേഞ്ചേഴ്‌സിന്റെതായിരുന്നു.
അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതില്‍ ഇന്ത്യന്‍ ഭാഗത്ത് ഒരു സ്ത്രീ മരിച്ചുവെന്നും നിരവധി പേര്‍ക്ക് പരുക്കേറ്റുവെന്നും പാക് വിദേശകാര്യ മന്ത്രാലയത്തെയും ഡല്‍ഹിയിലെ പാക് ഹൈക്കമീഷണറെയും ഇന്ത്യ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാക് റേഞ്ചേഴ്‌സ് രണ്ട് തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. അഖ്‌നൂര്‍ സെക്ടറില്‍ വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവുമുണ്ടായി. ഭല്‍വാല്‍ ഭര്‍ത്, മലാബേലാ, സിദര്‍വാന്‍ തുടങ്ങിയ അതിര്‍ത്തി ഗ്രാമങ്ങളില്‍ സിവിലിയന്‍ മേഖലയിലാണ് പാക് ആക്രമണം നടന്നത്.
ഉഫ സംയുക്ത പ്രസ്താവന പ്രകാരം സമാധാന ചര്‍ച്ചകള്‍ മുന്നോട്ടു പോകുമെന്ന ഘട്ടത്തിലാണ് ഈ വെടിനിര്‍ത്തല്‍ ലംഘനങ്ങളും വാക്‌പോരുമെന്നത് പ്രധാനമാണ്.