Connect with us

Articles

ഹംദുകളെല്ലാം അല്ലാഹുവിന്

Published

|

Last Updated

വിശുദ്ധ റമസാനിലെ ആത്മീയ ധന്യമായ ജീവിതത്തിന്റെ പരിസമാപ്തി കുറിച്ച് ഇന്ന് വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുകയാണ്. നോമ്പുകാലം സമ്മാനിച്ച ആത്മീയ സമര്‍പ്പണത്തിന്റെയും ഈമാനികാവേശത്തിന്റെയും വെളിച്ചം ഉള്ളില്‍ വഹിച്ചാണ് സത്യവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
അല്ലാഹു അടിമകള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈദ്. ആഘോഷങ്ങള്‍ ഇസ്‌ലാമിന് അന്യമല്ല. ദീന്‍ അനുവദിച്ച രൂപത്തില്‍ ഇന്ന് ആഘോഷങ്ങള്‍ ആവാം. വിശ്വാസികള്‍ക്ക് മതാനുഷ്ഠാനത്തിന്റെ ഭാഗമാണ് ഈദാഘോഷം. പ്രപഞ്ച നാഥനായ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും മനുഷ്യരോട് കരുണ ചെയ്യാനുമുള്ള ദിനമാണിത്. പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകമായി ചെയ്യാനുള്ള അമലുകള്‍ ചെയ്യുന്നതിലൂടെ ആത്മീയ ധന്യമായ അനുഭവമായിരിക്കണം ഓരോ വിശാസിക്കും ഈ പുണ്യദിനം.
പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന ദിവസം കൂടിയാണിത്. ധാരാളം ദുആ ചെയ്യുക. ഉള്ളില്‍ നീറുന്ന നൂറുകൂട്ടം പ്രശ്‌നങ്ങളുമായി കഴിയുന്നവരുണ്ട്. വിവിധ കാരണങ്ങളാല്‍ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍. എല്ലാ പ്രയാസങ്ങളും പരിഹരിക്കുന്നവന്‍ അല്ലാഹുവാണ്. ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക. നാഥന്‍ കേള്‍ക്കുക തന്നെ ചെയ്യും. ആഖിറത്തിലെ ശാശ്വത വിജയത്തിനാണ് നമ്മുടെ പ്രാര്‍ഥനകളില്‍ മുന്‍ഗണന നല്‍കേണ്ടത്.
ഒപ്പം ഈദ് ദിനത്തില്‍ പ്രത്യേകം ചെയ്യല്‍ സുന്നത്തുള്ള ആരാധനകള്‍ ചെയ്യുക. അല്ലാഹുവിനോടുള്ള സ്‌നേഹവും അടുപ്പവും ഹൃദയത്തിന്റെ ആഘോഷമായി കൊണ്ടു നടക്കുന്നവര്‍ക്ക് ആത്മീയതയാണ് ആഘോഷം. പെരുന്നാള്‍ ദിനം പതിവിലും നേരത്തെ എഴുന്നേറ്റ് കുളിച്ചൊരുങ്ങേണ്ടതുണ്ട്. ഇസ്‌ലാമിക സംസ്‌കാരം വിളിച്ചോതുന്ന പുതു വസ്ത്രങ്ങള്‍ അണിയുക. സുഗന്ധം ഉപയോഗിക്കല്‍ പ്രത്യേകം സുന്നത്താണ്. മാതാപിതാക്കളോടും ഭാര്യയോടും സന്താനങ്ങളോടും മറ്റു കുടുംബംഗങ്ങളോടും കൂടുതല്‍ വിശാലത ചെയ്യേണ്ട ദിനമാണിത്. ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന് പോകുന്നതിനു മുമ്പ് അല്‍പം ഭക്ഷണം കഴിക്കല്‍ പ്രവാചക ചര്യയാണ്. തിരുനബി (സ) ഒറ്റയായ എണ്ണം ഈത്തപ്പഴം കഴിച്ചിരുന്നു. ഈദുല്‍ ഫിത്വര്‍ ദിവസം മസ്ജിദില്‍ നിസ്‌കരിക്കാന്‍ പോകുന്നതിനു മുമ്പ് നബി(സ) അല്‍പം ഈത്തപ്പഴം കഴിക്കാറുണ്ടായിരുന്നു എന്ന് അനസ് ഇബ്‌നു മാലിക് (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മാസം കണ്ടത് മുതല്‍ പെരുന്നാള്‍ നിസ്‌കാരം വരെ തക്ബീര്‍ ചൊല്ലല്‍ ഈ സുദിനത്തില്‍ വലിയ പ്രാധാന്യമുള്ള സുന്നത്താണ്. അല്ലാഹുവിനെ മനസ്സറിഞ്ഞ് പുകഴ്ത്തുക. എത്രമേല്‍ സ്തുതി പറഞ്ഞാലും അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി ആവില്ലല്ലോ. അല്ലാഹുവാണ് വലിയവന്‍ എന്നതിന് മനോഹരമായ നിരവധി അര്‍ഥങ്ങള്‍ ഉണ്ട്. അര്‍ഥതലങ്ങള്‍ വളരെ വിശാലമാണതിന്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം ഇല്ലെങ്കില്‍ ദുര്‍ബലനായ മനുഷ്യന് ഒന്നും ചെയ്യാനുള്ള കഴിവില്ല. എല്ലാം അവന്‍ തീരുമാനിക്കുന്നു. ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും അവനോട് കടപ്പെട്ടിരിക്കുന്നു. റബ്ബിന്റെ ജലാലിയ്യത് വിവരണാതീതം തന്നെ. ഈയൊരു തിരിച്ചറിവാണ് “വലില്ലാഹില്‍ ഹംദ്” സര്‍വ സ്തുതിയും അല്ലാഹുവിനാണ് എന്ന് പറഞ്ഞ് വിശ്വാസികള്‍ തക്ബീര്‍ അവസാനിപ്പിക്കുന്നത്. ധാരാളം തക്ബീര്‍ ചൊല്ലുക. ഹൃദയം കൊണ്ട് അല്ലാഹുവിന് ഹംദ് ചൊല്ലുക.
മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് നേരത്തെ എത്തുക. വിശ്വാസികള്‍ തമ്മില്‍ ഹസ്തദാനം ചെയ്ത്, ആശ്ലേഷിച്ച് സ്‌നേഹം പങ്കിടാനും കൂടിയുള്ള ദിവസമാണിത്. പരസ്പരം വിട്ടുവീഴ്ച ചെയ്ത്, കുടുംബ ബന്ധം ചേര്‍ത്ത്, സ്‌നേഹത്തിന്റെ സന്ദേശം കൈ മാറുക. നമുക്ക് ചുറ്റും ജീവിക്കുന്നവരിലേക്ക് ഇസ്‌ലാമിന്റെ സമാധാന പ്രകാശം പരത്തുക. അയാള്‍ വീടുകളിലും കുടുംബങ്ങളിലും സന്ദര്‍ശനം നടത്തുക. പാവപ്പെട്ടവര്‍ക്ക് സ്വദഖ നല്‍കുന്നതിന് പ്രത്യേകം പ്രതിഫലമുള്ള ദിനമാണ് പെരുന്നാള്‍. സാമൂഹിക ബാധ്യതകള്‍ മറന്ന് സ്വന്തം വീടിന്റെ ചുറ്റുമതിലിനുള്ളില്‍ ഒതുങ്ങിപ്പോകരുത് പെരുന്നാള്‍ സന്തോഷം. ഫിത്വര്‍ സകാത്ത് നല്‍കുക.
അത് നിര്‍ബന്ധ ബാധ്യതയാണ്. പെരുന്നാള്‍ നിസ്‌കാരത്തിന് മുമ്പ് തന്നെ അവകാശികള്‍ക്ക് എത്തിച്ചു കൊടുക്കലാണ് ഉത്തമം. നോമ്പിന്റെ ന്യൂനതകള്‍ പരിഹരിക്കുക എന്നതാണ് ഫിത്വര്‍ സകാത്തിന്റെ ലക്ഷ്യം. അത് വഴി പെരുന്നാള്‍ ദിവസം നാട്ടിലെ മുഖ്യാഹാരം ലഭിക്കാത്ത ഒരു മുസ്‌ലിം വീടും ഇല്ലാതാവുന്നു. പെരുന്നാള്‍ രാവിലും പകലിലും താമസിക്കാനുള്ള വീട്, കഴിക്കാനുള്ള ഭക്ഷണം, വസ്ത്രം, കടമുണ്ടെങ്കില്‍ അത് വീട്ടാനുള്ള ആസ്തി എന്നിവ കഴിച്ച് മിച്ചമുള്ളവരൊക്കെ ഫിത്വര്‍ സകാത്ത് നല്‍കണം.
ചുരുക്കത്തില്‍, പെരുന്നാള്‍ തനിമ നിലനിര്‍ത്തി ആഘോഷിക്കാം. ഇസലാമികാഘോഷത്തിന്റെ തനത് സംസ്‌കാരം വിളിച്ചോതുന്ന പ്രവര്‍ത്തനങ്ങളിലൂടെ ആത്മീയ ധന്യമായ ഒരു ഈദാവട്ടെ ഈ വര്‍ഷത്തെ പെരുന്നാള്‍. പെരുന്നാള്‍ ദിവസം ആഘോഷം എന്ന പേരില്‍ നടക്കുന്ന ആഭാസങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാം. ഈദാശംസകള്‍.