Connect with us

Gulf

ആദനില്‍ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി മുന്‍ വൈസ് പ്രസിഡന്റ്

Published

|

Last Updated

റിയാദ്: യമനിലെ തുറമുഖ നഗരമായ ആദന്‍, ഹൂതി വിമതരില്‍ നിന്ന് സര്‍ക്കാര്‍ സൈന്യം പിടിച്ചെടുത്തതിന് പിറകേ നഗരത്തിന്റെ “സ്വാതന്ത്ര്യം” പ്രഖ്യാപിച്ച് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട വൈസ് പ്രസിഡന്റ് ഖാലിദ് ബഹാ രംഗത്ത്.
ഓണ്‍ലൈന്‍ പ്രസ്താവനയിലാണ് മുന്‍ വൈസ് പ്രസിഡന്റ് പ്രഖ്യാപനം നടത്തിയത്. നാല് മാസം നീണ്ട രൂക്ഷമായ പോരാട്ടത്തിനൊടുവിലാണ് ഹൂതികള്‍ക്ക് മേല്‍ സര്‍ക്കാര്‍ സേന നിര്‍ണായക വിജയം നേടിയത്. ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ആ സന്തോഷ വാര്‍ത്ത അറിയിക്കുകയാണ്.
ആദന്‍ പ്രവിശ്യ സ്വതന്ത്രമായതായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണ്- ബഹാ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഇന്നലെയായിരുന്നു യമനില്‍ ചെറിയ പെരുന്നാള്‍. നഗരത്തില്‍ ജീവിതം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കും. വെള്ളവും വൈദ്യുതിയും അടക്കം എല്ലാ സൗകര്യങ്ങളും താറുമാറായിക്കിടക്കുകയാണ്. അവ നേരെയാക്കുന്നതിനായിരിക്കും മുന്തിയ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഖാലിദ് ബഹായെ ഔദ്യോഗിക വൈസ് പ്രസിഡന്റായി സഊദിയിലുള്ള പ്രസിഡന്റ് ഹാദി അവരോധിച്ചു.
ഓപറേഷന്‍ ഗോള്‍ഡന്‍ ആരോ എന്ന് പേരിട്ട സൈനിക ദൗത്യത്തിന് ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ സൈന്യം തുടക്കം കുറിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ആദന്‍ പിടിച്ചടക്കിയതോടെയാണ് വിമതര്‍ യമനില്‍ നിര്‍ണായക മുന്നേറ്റങ്ങള്‍ നടത്തിയത്. പ്രസിഡന്റ് മന്‍സൂര്‍ ഹാദിക്ക് സഊദി അറേബ്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. സര്‍ക്കാര്‍ പുനഃസ്ഥാപിക്കാനായി സംയുക്ത അറബ് സൈന്യത്തിന്റെ ആക്രമണം ശക്തമായി തുടരുന്നതിനിടെയാണ് ആദന്‍ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ സൈന്യത്തിന് സാധിച്ചത്.
പുറത്താക്കപ്പെട്ട യമന്‍ സര്‍ക്കാറിലെ നിരവധി മന്ത്രിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ആദനില്‍ തിരിച്ചെത്തിയിട്ടുണ്ട്. സഊദി അറേബ്യയില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴിയാണ് ആദനില്‍ ഇവര്‍ വന്നിറങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരം നില്‍ക്കുന്ന ജില്ല തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ അനുകൂല സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. യുദ്ധം ശക്തമായതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് യമനികള്‍ ദുരിതം നേരിടുകയാണ്.
രണ്ട് കോടിയിലധികം ജനങ്ങള്‍ സഹായം ആവശ്യമുള്ളവരാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ആരംഭിച്ച വ്യോമാക്രമണങ്ങളില്‍ ഇവിടെ 3,200ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Latest