Connect with us

Articles

ഇടതുപക്ഷം: പ്രസക്തിയും തകര്‍ച്ചയും

Published

|

Last Updated

ഇന്ത്യയില്‍ ഇടതുപക്ഷം എന്ന രാഷ്ട്രീയ ശാഖ അത്ര ശക്തമല്ല എന്നത് ഏവര്‍ക്കും അറിയാവുന്ന ഒന്നാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ അതിനുണ്ടായിരുന്ന രാഷ്ട്രീയ അടിത്തറ ഇന്നുണ്ടാവില്ല. ഇന്ത്യ എന്നും ഭരിച്ചിട്ടുള്ളത് വലതുപക്ഷങ്ങള്‍ തന്നെയാണ്. പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഒരു സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു എന്നൊക്കെ പറയുന്നുണ്ടെങ്കിലും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പോലുള്ളവര്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടായിരുന്നു ആ ഭരണത്തില്‍. ആ ഭരണം നയിച്ച പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഇടതുപക്ഷം എന്ന ലേബലില്‍ അല്ല അന്നും ഇന്നും അറിയപ്പെടുന്നത്. നെഹ്‌റുവിനു ശേഷം പ്രധാനമന്ത്രി പദത്തിലെത്തിയ പുത്രി ഇന്ദിരാ ഗാന്ധിയും ഒരു ഘട്ടത്തില്‍ സോഷ്യലിസത്തിന്റെ മേലങ്കി അണിഞ്ഞിരുന്നെങ്കിലും ഇടതുപക്ഷക്കാരിയെന്ന വിശേഷണം അവര്‍ക്കും ഉണ്ടായില്ല. പിന്നീടു വന്ന മൊറാര്‍ജി ദേശായി, ചരണ്‍സിംഗ്, രാജീവ് ഗാന്ധി, വജ്‌പൈയ് മന്ത്രിസഭകള്‍ക്കും ഇടതുപക്ഷ വിശേഷണം തീരേ ചേരുമായിരുന്നില്ല. വി പി സിംഗ് മന്ത്രിസഭയാണെങ്കില്‍ ബി ജെ പിയുടെ പുറത്തുനിന്നുള്ള പിന്തുണയോടു കൂടിയായിരുന്നതിനാല്‍ അതിനും ഇടതുവിശേഷണം ചേരുമായിരുന്നില്ല.
ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദിയുടെ സര്‍ക്കാറാണെങ്കില്‍ -പേരിനു എന്‍ ഡിഎ സഖ്യമായി അറിയപ്പെടുന്നുവെങ്കിലും- അത് ഒരിക്കലും ഇടതുമനോഭാവം പ്രകടിപ്പിക്കുകയില്ല എന്നു മാത്രമല്ല തീവ്ര വലതുപക്ഷമായി സ്വയം വിശേഷിപ്പിക്കുന്നതില്‍ സംതൃപ്തര്‍ കൂ ടിയാണ്. ഏതു നിമിഷവും ഏകാധിപത്യത്തിലേക്ക് നടന്നടുക്കാന്‍ പാകത്തില്‍ അണിയറയില്‍ റിഹേഴ്‌സലുകള്‍ പൂര്‍ത്തിയാക്കി മൂന്നാം ബെല്ലിനു കാത്തിരിക്കുന്ന നാടകക്കമ്പനിയുമാണ്. ഇന്ത്യയുടെ ഭൂതകാലവും വര്‍ത്തമാനവും ഒരിക്കലും ഇടതുപക്ഷത്തിന് വഴങ്ങിയിട്ടില്ല എന്നര്‍ഥം. ഇന്ത്യന്‍ രാഷ്ടീയത്തെ ക്രിയാത്മകമായി വിശകലനം ചെയ്താല്‍ സമീപഭാവിയിലൊന്നും ചെങ്കോട്ടയില്‍ ചുവന്ന പതാക പാറാനുള്ള സാധ്യതയും കാണുന്നില്ല.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യന്‍ ഭരണകൂടങ്ങള്‍ക്ക് ബദല്‍ അന്വേഷിച്ചു നടന്നവര്‍ എന്നും ഇടതു പക്ഷബദല്‍ എന്ന ആശയത്തെയാണ് സ്വപ്‌നം കാണുന്നതും ഉറ്റുനോക്കുന്നതും. കാരണം വലതുപക്ഷം വര്‍ഗീയതയുടെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് മാത്രം താരതമ്യം ചെയ്യാവുന്ന വ്യത്യാസങ്ങളേ പ്രകടിപ്പിക്കുന്നുള്ളൂ. ഇന്ത്യയെപ്പോലെ പൂര്‍ണ വികസനമെത്താത്ത വികസ്വര രാജ്യങ്ങളുടെ പട്ടികയിലുള്ള രാജ്യത്തിന് സാമൂഹിക അസമത്തങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഇടതുപക്ഷനയം പിന്തുടരുക നല്ല സാധ്യതയാണല്ലോ. പക്ഷേ ഇന്ത്യയില്‍ ഒരുകാലത്ത് ശക്തമായ വേരോട്ടമുണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും അത് ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു.
ഒരുകാലത്ത് എം എന്‍ റോയ്, റാംമനോഹര്‍ലോഹ്യ, ജയപ്രകാശ് നാരായണന്‍ തുടങ്ങിയ പ്രഗത്ഭതരായ നേതാക്കളുടെ കീഴില്‍ ഉത്തരേന്ത്യന്‍ മണ്ണില്‍ ശക്തിയാര്‍ജിച്ച് മുന്നേറിയിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ എങ്ങനെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് ഇത്ര വേഗത്തില്‍ അപ്രത്യക്ഷമായത്? തുടക്കം മുതലേ ആ പാര്‍ട്ടികളെ പിടികൂടിയിരുന്ന ശൈഥില്യവും പിളരാനുള്ള വെമ്പലുകളും അതിന്റെ ഒടുക്കവും വളരെ വേഗത്തിലാക്കി എന്നുതോന്നുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസ്, രാംവിലാസ് പാസ്വാന്‍ തുടങ്ങിയവര്‍ തീവ്രവലതുപക്ഷക്കാരുടെ സഹയാത്രികരായതോടെയാണ് സ്വപ്‌നങ്ങളില്‍ നിന്നുപോലും സോഷ്യലിസ്റ്റുകള്‍ കാണാമറയത്തേക്ക് പറന്നകന്നത്.
എന്നാല്‍ ഇതിനേക്കാളൊക്കെ ചര്‍ച്ചക്ക് വിധേയമാക്കേണ്ട ഒന്നാണ് ശുദ്ധ ഇടതുപക്ഷത്തിന്റെ വക്താക്കളായ വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ബലക്ഷയം. മധ്യവര്‍ഗ വലതുപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലാണിപ്പോള്‍. ആ തകര്‍ച്ചയുടെ ഗുണഭോക്താക്കളാകുന്നത് വര്‍ഗീയതയേയും ഒപ്പം ഫാസിസത്തെയും താലോലിച്ച് നടക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബി ജെ പി ആണെന്നതാണ് ഇന്ത്യയുടെ വര്‍ത്തമാനകാല ശാപം. കോണ്‍ഗ്രസ് നടത്തിയതിലേറെ കോര്‍പ്പറേറ്റ് താത്പര്യം തങ്ങള്‍ക്കാണെന്നു ബി ജെ പി സ്ഥാപിക്കുമ്പോള്‍ ചെറുത്തുനില്‍ക്കേണ്ടത് ഇടതുപക്ഷമാണ്. പക്ഷേ അതെന്തുകൊണ്ട് സംഭവിക്കുന്നില്ല എന്നതു തന്നെയാണ് ഇടതുപക്ഷം ഇത്രമാത്രം മാധ്യമങ്ങളാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെടാന്‍ ഇടവരുന്നത്.
പ്രഥമ പാര്‍ലിമെന്റില്‍ നെഹ്‌റു പ്രധാനമന്ത്രി സ്ഥാനത്തിരുന്നപ്പോള്‍ പ്രതിപക്ഷ നേതാവായി സഭയില്‍ ഇരുന്നത് അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ എ കെ ഗോപാലനായിരുന്നു എന്ന ചരിത്രം മറന്നുകൂടാ. വന്നുവന്ന് ഇപ്പോള്‍ എത്തിയിരിക്കുന്നതോ? അന്നത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവിനെ സമ്മാനിക്കാന്‍ പോലുമുള്ള അംഗസംഖ്യയില്ല. അന്ന് പ്രതിപക്ഷ നേതൃസ്ഥാനം അലങ്കരിച്ച എ കെ ജിയുടെ പാര്‍ട്ടിക്ക് രണ്ടക്കത്തിനപ്പുറം എം പിമാരെ പാര്‍ലിമെന്റില്‍ എത്തിക്കാനും കഴിയുന്നില്ല. ഈ അവസ്ഥയില്‍ ഇന്ത്യയിലെ സാധാരണക്കാരനെ ഏറ്റവും പ്രതികൂലമായി ബാധിക്കുക ഇടതുപക്ഷത്തിന്റെ തകര്‍ച്ച തന്നെയായിരിക്കും. കാരണം ജനപക്ഷത്തു നില്‍ക്കേണ്ടതും അടിസ്ഥാന വര്‍ഗങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി പ്രക്ഷോഭം നയിക്കേണ്ടതും അതു പ്രതീക്ഷിക്കേണ്ടതും ഇടതുപക്ഷത്ത് നിന്നായതു തന്നെ.
കമ്മ്യുണിസ്റ്റുകാര്‍ ലക്ഷ്യമാക്കുന്ന എല്ലാവിധ പരിവര്‍ത്തനങ്ങള്‍ക്കും നേര്‍വിപരീതമായി ചിന്തിക്കുന്നവരും എല്ലാവിധ മുതലാളിത്തത്തിനും വിരുന്നൊരുക്കുന്നവരും ആണിപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. അവരുടെ വളര്‍ച്ചക്ക് വേണ്ട ഊര്‍ജം അവര്‍ സംരഭരിക്കുന്നതോ കമ്മ്യുണിസ്റ്റുകാര്‍ വിത്തിറക്കേണ്ട ദരിദ്രനാരായണന്മാരുടെ വിളനിലങ്ങളില്‍ നിന്നാണെന്നത് വിരോധാഭാസവും. എന്തുകൊണ്ടാണ് ഫാസിസം നൂറുമേനി കൊയ്യുന്ന ഇന്ത്യയുടെ ഹൃദയഭൂമികളിലൊന്നും ഇടതുപക്ഷത്തിന് പ്രചാരണത്തിന്റെ വിത്ത് എറിയാന്‍ പോലും കഴിയാതാകുന്നത്? ഒരിക്കല്‍ ആന്ധ്രയില്‍ തെലുങ്കാനാ സമരത്തിലൂടെ മുന്നേറ്റം നടത്തുകയും അവിടെ വിമോചന സാക്ഷാത്കാരത്തിന്റെ പടിവാതില്‍ക്കല്‍ എത്തുകയും ചെയ്ത ചരിത്രം കൂടിയുള്ള പ്രസ്ഥാനമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നോര്‍ക്കുക. മുംബൈയിലെ ഏറ്റവും വലിയ ട്രേഡ് യൂനിയന്‍ സംഘടനയും ഒരു കാലത്ത് കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ കീഴിലായിരുന്നു. സമീപകാലം വരെ പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായ ഭരണം നടത്തിയ, ബീഹാറിലും പഞ്ചാബിലും എന്തിന് തമിഴ്‌നാട്ടില്‍ പോലും അടിത്തറയുണ്ടായിരുന്ന ഈ പ്രസ്ഥാനം എങ്ങനെയാണിത്ര ശോഷിക്കാന്‍ ഇടയായത്?
കാര്യമായ ചര്‍ച്ചയും പ്രതിവിധിയും കണ്ടെത്തേണ്ട കാര്യം തന്നെയാണിത്. ഇന്ത്യ ഇടതുപക്ഷത്തിന് പറ്റിയ മണ്ണല്ല എന്ന ലളിതവത്കരണം കാരണമായി കണ്ടെത്തുന്നത് ശരിയല്ല. കാരണം മുന്‍കാല സുവര്‍ണ ഘട്ടങ്ങള്‍ ഇടതുപക്ഷത്തിന്റെ എക്കൗണ്ടില്‍ ഉണ്ടായിരുന്നത് നാം കണ്ടതാണല്ലോ. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ജനകീയ സമരങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുനീങ്ങുകയും ചെയ്യുക എന്നത് പരമപ്രധാനം തന്നെയാണ്. ആഗോളീകരണത്തിന്റെ ചില വൈറസുകള്‍ ഏതൊക്കെയോ വഴികളിലൂടെ ഇടതുപക്ഷത്തേക്കും കടന്നുകയറിയോ എന്ന പരിശോധന അത്യാവശ്യമായിരിക്കുന്നു. മധ്യവര്‍ഗത്തിന്റെ പിന്തുണ നേടാനുള്ള ശ്രമത്തില്‍ അടിസ്ഥാന വര്‍ഗത്തോട് അകലം പാലിച്ചു തുടങ്ങിയേടത്താണ് യഥാര്‍ഥത്തില്‍ പിന്നോട്ടടിക്കു തുടക്കം കുറിക്കുന്നത്. ഏറ്റവും പുതിയ ഉദാഹരണം ബംഗാളില്‍ നിന്നുതന്നെ കണ്ടെടുക്കാവുന്നതേയുള്ളൂ. നന്ദിഗ്രാമിലും സിംഗൂരിലും ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നം രൂക്ഷമായപ്പോള്‍ ഇടതുപക്ഷം ചെയ്യേണ്ട പ്രവര്‍ത്തി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ പാര്‍ട്ടി ഏറ്റെടുത്തു. ഇടതുപക്ഷം വലിയ തകര്‍ച്ചയില്‍ എത്തുകയും ചെയ്തു.
ഗാന്ധിജിയെ കോണ്‍ഗ്രസുകാര്‍ എന്നോ കയ്യൊഴിഞ്ഞതാണ്. നരസിംഹ റാവുവിന്റെ ഭരണകാലം മുതല്‍ക്കെങ്കിലും ആ പാര്‍ട്ടി സമ്പൂര്‍ണമായും കോര്‍പറേറ്റുകളുടെ തടവറയിലാണ്. മന്‍മോഹന്‍ സിംഗിലൂടെ ആ ദാസ്യമനോഭാവം പൂര്‍ണ തോതിലാകുകയും ചെയ്തു. അതിനവര്‍ കണ്ടെത്തിയ മാര്‍ഗം ഗാന്ധിജിയേയും ഒരു പരിധിവരെ നെഹ്‌റുവിനെയും തള്ളിക്കളയുക എന്നതായിരുന്നു. ഇന്ത്യയുടെ ആത്മാവ് ഇന്ത്യന്‍ ഗ്രാമങ്ങളിലാണ് തിരയേണ്ടത് എന്നു പറഞ്ഞുകൊണ്ടേയിരുന്ന മഹാത്മാവിന്റെ സന്ദേശങ്ങളെ കോണ്‍ഗ്ര പാര്‍ട്ടി കൈയൊഴിഞ്ഞപ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടതും ഗ്രാമീണ ഇന്ത്യക്കാര്‍ക്കിടയില്‍ രക്ഷകരായി എത്തേണ്ടതും ഇടതുപക്ഷക്കാരായിരുന്നു. അതിനവര്‍ക്ക് കഴിഞ്ഞില്ല. അതേസമയം ഹിന്ദുത്വം പ്രചരിപ്പിച്ച് തീവ്രവലതുപക്ഷം ആ ശൂന്യതയിലേക്ക് ഇടിച്ചുകയറുകയും ചെയ്തു.
സൈദ്ധാന്തികമായ കടുംപിടുത്തത്തില്‍ അഭിരമിക്കുകയും വലതുപക്ഷത്തിന്റെ ഭരണത്തിന്റെ കെടുതികള്‍ മൂലം തൊഴിലാളിവര്‍ഗലത്തിന്റെ സര്‍വാധിപത്യം സംഭവിക്കുമെന്ന അമിതമായ പ്രതീക്ഷ വെച്ചുപുലര്‍ത്തുകയും ചെയ്തിന്റെ ഫലമായി സംഭവിച്ച നിസ്സംഗത കമ്മ്യുണിസ്റ്റ് പാര്‍ട്ടികളെ വല്ലാതെ പിടികൂടിയിരുന്നു എന്നു വിലയിരുത്തേണ്ടിവരും. ഈ ധാരണ വെച്ചുപുലര്‍ത്തി ചട്ടപ്പടി സമരങ്ങളുമായി മുന്നോട്ടുപോകുന്നതിനു പകരം ഏറ്റവും താഴെത്തട്ടിലുള്ള ഇന്ത്യന്‍ ഗ്രാമീണ ജനതയുടെ അടിസ്ഥാന പ്രശ്‌നങ്ങളായ ദാരിദ്ര്യം, അയിത്തം, ജാതീയമായ ചൂഷണങ്ങള്‍… ഇതൊക്കെ ഏറ്റെടുത്തുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ ഇടതുപക്ഷം ഏറ്റെടുക്കുകയാണ് വേണ്ടത്. അത്തരം കാഴ്ചപ്പാടുകളുള്‍ക്കൊള്ളുന്ന പുതിയ ഇടതുപക്ഷത്തിന് ഇന്ത്യയില്‍ ഇനിയും ഭാവിയുണ്ട്.
തൊഴിലാളികളെക്കൊണ്ട് മാത്രം ഒരു വിപ്ലവവും ജയിക്കാനാകില്ലെന്ന യഥാര്‍ഥ്യവും അംഗീകരിച്ചേ മതിയാകൂ. “തൊഴിലാളികള്‍ക്ക് തങ്ങളുടെ പൊളിഞ്ഞ ജനലിനേയും രോഗിയായ കുഞ്ഞിനേയും അന്നന്നത്തെ അത്താഴത്തേയും നാളത്തെ അവധിയേയും കുറിച്ച ചിന്ത മാത്രമേ ഉണ്ടാവൂ.” ആനന്ദിന്റെ ആള്‍ക്കൂട്ടം എന്ന നോവലിലെ ഒരു കഥാപാത്രം പറയുന്നതാണിത്. സംഗതി ഒരു നോവല്‍ വാക്യം മാത്രമാണെങ്കിലും തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെ വക്താക്കള്‍ക്ക് ഇതില്‍ പാഠം ഉണ്ട്.
ഏറ്റവും താഴേത്തട്ടില്‍ അധിവസിക്കുന്ന തൊഴിലാളികളടക്കമുള്ളവരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല പരിഹാരം കാണേണ്ടത്. ജാതിയുടേയും മതത്തിന്റെയും പേരില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന ഉച്ചനീചത്തങ്ങക്ക് കൂടി പരിഹാരം കാണേണ്ടതുണ്ട്. ആ തലത്തിലേക്ക് നീങ്ങുന്ന രാഷ്ട്രീയ പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ കറകളഞ്ഞ മതേതര മനോഭാവം കൂടി ഉള്‍ക്കൊള്ളുന്നവര്‍ക്കേ കഴിയൂ. എന്തൊക്കെ കുറവുകളുണ്ടെങ്കിലും ഇടതുപക്ഷ മതേതര പാര്‍ട്ടികള്‍ തന്നെയാണ് ആ ചരിത്രദൗത്യം ഏറ്റെടുക്കാന്‍ യോഗ്യരായിട്ടുള്ളത്. അതുകൊണ്ടാണ് ഇടതുപക്ഷത്തിന് സംഭവിക്കുന്ന കുതിപ്പും കിതപ്പും സമഗ്രമായ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നത്. പ്രതീക്ഷ ഉള്ളിടത്തെക്കല്ലേ എത്തിനോക്കിയിട്ട് കാര്യമുള്ളൂ. എന്നാല്‍ ഇത് ഉള്‍ള്ളാന്‍ ഇന്ത്യയിലെ ഇടതുപക്ഷം അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് യോജിപ്പിന്റെ മേഖലയില്‍ വരുമോ എന്നതാണ് കാതലായ പ്രശ്‌നം..

Latest