Connect with us

International

ഇറാന്‍ പ്രമേയം തിങ്കളാഴ്ച യു എന്‍ രക്ഷാ സമിതിയില്‍

Published

|

Last Updated

യു എന്‍: ഇറാനുമായി പാശ്ചാത്യ ശക്തികള്‍ ഉണ്ടാക്കിയ ആണവ ധാരണ യു എന്‍ രക്ഷാ സമിതിയില്‍ തിങ്കളാഴ്ച വോട്ടിനിടും. ഇറാനുമേല്‍ യു എന്‍ ചുമത്തിയിട്ടുള്ള ഉപരോധങ്ങള്‍ നീക്കണമെങ്കില്‍ ധാരണയുടെ വിശദാംശങ്ങള്‍ യു എന്‍ രക്ഷാ സമിതി പാസ്സാക്കേണ്ടതുണ്ട്.
ഇതു സംബന്ധിച്ച പ്രമേയം സമിതി അംഗങ്ങള്‍ക്ക് ബുധനാഴ്ച തന്നെ വിതരണം ചെയ്തിരുന്നു. നിര്‍ണായക ധാരണയിലേക്ക് നയിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത ഇറാന്‍ പ്രതിനിധികളും മറ്റ് ആറ് രാഷ്ട്ര പ്രതിനിധികളും രക്ഷാ സമിതി അംഗങ്ങള്‍ക്ക് മുമ്പാകെ കരാറിലെ വ്യവസ്ഥകള്‍ വിശദീകരിച്ചിരുന്നു. രക്ഷാ സമിതിയില്‍ വീറ്റോ അധികാരമുള്ള അഞ്ച് രാഷ്ട്രങ്ങളായ അമേരിക്ക, ഫ്രാന്‍സ്, റഷ്യ, ചൈന, ബ്രിട്ടന്‍ എന്നിവ ചര്‍ച്ചയില്‍ സജീവ പങ്കാളികളായിരുന്നതിനാല്‍ പ്രമേയം പാസ്സാകുമെന്നുറപ്പാണ്. ഇറാന്റെ ആണവ പരിപാടിയില്‍ കര്‍ശന നിയന്ത്രണം കൊണ്ടു വരണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ധാരണ പ്രകാരം ഇറാന് മേല്‍ വിവിധ രാജ്യങ്ങളും യു എന്നും ചുമത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കും.
കരാര്‍ യു എസ് കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുന്നത് തുടരുകയാണെന്നും അത് പൂര്‍ത്തിയായ ശേഷം മാത്രമേ യു എന്നില്‍ വോട്ടിനിടാവൂ എന്നും ചില അമേരിക്കന്‍ സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ യു എന്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. യു എസ് സെനറ്റിന്റെ വിദേശബന്ധ സമിതി അധ്യക്ഷന്‍ ബോബ് കോര്‍ക്കര്‍ ഈ ആവശ്യമുന്നയിച്ച് പ്രസിഡന്റ് ഒബാമക്ക് കത്തെഴുതിയിരുന്നു.ആസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ നടന്ന 18 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചക്കൊടുവിലാണ് ഇറാനും പാശ്ചാത്യ ശക്തികളും ധാരണയിലെത്തിയത്.
ഇറാന്‍ അതിന്റെ ആണവ പരിപാടികള്‍ ഗണ്യമായ തോതില്‍ വെട്ടിക്കുറക്കാനും ആണവ നിലയങ്ങളും സംവിധാനങ്ങളും പരിശോധനക്ക് തുറന്ന് കൊടുക്കാനും സന്നദ്ധമാകുമെന്നതാണ് കരാറിന്റെ പ്രധാന ഭാഗം. ഇറാന്റെ ആണവനിലയങ്ങളിലുള്ള സെന്‍ട്രിഫ്യൂഗുകളുടെ എണ്ണം 19,000ത്തില്‍ നിന്ന് 6,104 ആയി വെട്ടിക്കുറക്കും. നിലയങ്ങളിലും സൈനിക, ഗവേഷണ കേന്ദ്രങ്ങളില്‍ പോലും പരിശോധന അനുവദിക്കേണ്ടി വരും. പകരം ഒരു വ്യാഴവട്ട കാലമായി ഇറാന് മേല്‍ ചുമത്തിയ പല തലത്തിലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കും. അമേരിക്ക, ബ്രട്ടന്‍, ഫ്രാന്‍സ്, ചൈന, റഷ്യ, ജര്‍മനി എന്നിവയുടെ പ്രതിനിധികളും ഇറാനും 2006ലാണ് ആണവ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.

Latest