Connect with us

Articles

സമത്വത്തിലേക്കുള്ള വഴികാട്ടി

Published

|

Last Updated

കുന്നുകൂട്ടിയ പാപങ്ങളെയോര്‍ത്ത് പശ്ചാത്താപത്തിന്റെ ഉമിത്തീയില്‍ നീറിപ്പുകഞ്ഞും പശിയുടെയും സഹനത്തിന്റെയും വിലയറിഞ്ഞും ഉള്ളതിന്റെ ഒരോഹരി സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് പങ്കുവെച്ചും ജീവിച്ച വിശ്വാസികള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുകയാണ്. പുത്തന്‍ വസ്ത്രമണിഞ്ഞ് അത്തര്‍ പരിമളം പരത്തികടന്നുപോകുന്ന വിശ്വാസി ആ ദിവസവും പാവങ്ങളുടെ കണ്ണീരൊപ്പുന്നു. അന്നേദിവസം ആരും പട്ടിണിയിലായിക്കൂടായെന്ന ഉറച്ച തീരുമാനവുമായി അവരുടെ വീടുകളില്‍ നേരിട്ട് ഭക്ഷ്യധാന്യം എത്തിക്കുന്നു. അവര്‍ക്ക് ദാനമായി പണം നല്‍കുന്നു.
ഒരു മാസം വിശുദ്ധിയില്‍ ജീവിക്കുകയും ബാക്കി നാളുകളില്‍ പാപപങ്കിലമായ മനസ്സുമായി ജീവിതത്തെ മലിനപ്പെടുത്തുകയും ചെയ്യുന്നവര്‍ക്ക് പാപമോചനം സാധ്യമാകില്ലെന്നാണ് റമസാന്‍ ഓര്‍മിപ്പിക്കുന്നത്. തന്റെ സമ്പാദ്യത്തില്‍ നിന്നും നിശ്ചയിക്കപ്പെട്ട ഒരു വിഹിതം ദരിദ്രര്‍ക്ക് പങ്ക് വെക്കപ്പെടുന്ന സക്കാത്ത് കര്‍മം അലംഘനീയമായ ദൈവ കല്‍പ്പനയാണ്. എല്ലാം തന്റെ കൈപ്പിടിയിലൊതുക്കാന്‍ വെമ്പുന്നവന്റെ മേല്‍ ദൈവീകമായ ഇടപെടലാണ് സക്കാത്ത് എന്ന് ഞാന്‍ കരുതുന്നു. അത്യാര്‍ത്തിയോടെ മനുഷ്യന്‍ ഭൗതിക നേട്ടങ്ങള്‍ക്ക് പരക്കം പായുന്ന വര്‍ത്തമാനകാല അവസ്ഥയില്‍ റമസാന്‍ വഴികാട്ടുന്ന പ്രബോധനം എല്ലാവരും ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. മരണത്തിലേക്ക് മടങ്ങുന്ന ഒരു മനുഷ്യനും താന്‍ നേടിയ സല്‍ക്കര്‍മ്മങ്ങള്‍ക്കപ്പുറം മറ്റൊന്നും കൂടെ കൊണ്ടുപോകുന്നില്ല. മാനവരാശിയെ സ്‌നേഹവും സഹനവും ഓര്‍മിപ്പിക്കുന്നതാണ് ഓരോ റമസാന്‍ കാലവും. റമസാന്റെ പകലുകളും രാത്രികളും പ്രാര്‍ഥനയുടെ അലൗകികമായ ആനന്ദത്തിലേക്ക് നയിക്കുന്ന ദിനങ്ങളാണ്. മനുഷ്യമനസ്സില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ കഴുകിക്കളയാനും മാനവികമായ എല്ലാ നന്മകളിലേക്കും മനസ്സിനെ ഉണര്‍ത്താനും റമസാന്‍ വഴിയൊരുക്കുന്നത് കൊണ്ട് വിശ്വാസികള്‍ക്ക് റമസാന്‍ അനുഗ്രഹത്തിന്റെ മാസമാണ്.
സഹനശീലം, സമസൃഷ്ടി സ്‌നേഹം, ആത്മസംയമനം, വിവേകം, വിശാലത, സ്‌നേഹം, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ മാനവിക ഗുണങ്ങളെല്ലാം ഹൃദയത്തിലേക്ക് ചേര്‍ത്ത് വെക്കാന്‍ റമസാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഉദാത്തമായ ഒരു സാമൂഹിക സങ്കല്‍പം കൂടിയാണ് റമസാന്‍ പങ്കുവെക്കുന്നത്. ഒരു മാസത്തെ റമസാന്‍ വ്രതം വിശപ്പിന്റെ തിരിച്ചറിയാന്‍ സമ്പന്നനെപ്പോലും പ്രേരിപ്പിക്കുന്നു. വാക്കുകൊണ്ടോ, നോട്ടംകൊണ്ടോ, ചിന്തകൊണ്ടോ മറ്റൊരാളിനെ മുറിപ്പെടുത്താതിരിക്കാന്‍ വിശ്വാസികള്‍ ഈ മാസം കരുതലെടുക്കണമെന്നാണ് പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചത്. ഈ കരുതല്‍ ആയുഷ്‌ക്കാലം മുഴുവന്‍ ഏറ്റെടുക്കുന്നവനാണ് യഥാര്‍ഥ വിശ്വസിയായി തീരുന്നത്. പകലന്തിയോളം ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞത് കൊണ്ടു മാത്രം മനുഷ്യന് സ്വര്‍ഗ വാതിലുകള്‍ തുറക്കപ്പെടുമെന്ന് ഖുര്‍ആന്‍ ഉറപ്പുനല്‍കുന്നില്ല. ത്യാഗ നിര്‍ഭരമായ വ്രതത്തിനൊപ്പം ആത്മവിശുദ്ധി കൂടി മനസ്സിലേറ്റു വാങ്ങാനും അത് ആയുഷ്‌കാലം മുഴുവന്‍ സൂക്ഷിക്കാനും കഴിയുമ്പോഴാണ് റമസാന്‍ സന്ദേശം അര്‍ഥപൂര്‍ണമാകുന്നത്. വ്യക്തിയുടെ വളര്‍ച്ചയും വികാസവും ഹൃദയവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഹൃദയം സംസ്‌കരിക്കപ്പെടുമ്പോള്‍ മനുഷ്യന്‍ നന്നാവുകയും മലിനമാകുമ്പോള്‍ മോശമാവുകയും ചെയ്യുന്നു. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന നിഗൂഢമായൊരു വ്യക്തിവിശേഷം എല്ലാ മനുഷ്യരിലുമുണ്ട്. മൗലികമായ ഒരു യാഥാര്‍ഥ്യമിതാണ്. മതം അനുശാസിച്ചിട്ടുള്ളവ മുഴുവനും മനുഷ്യമനസ്സിന്റെ അന്തര്‍ദാഹം തീര്‍ക്കാനുള്ളതും അതിനെ തൃപ്തിപ്പെടുത്തുന്നതുമാണ്. മതം വിലക്കിയിട്ടുള്ളവ മനുഷ്യ പ്രകൃതി സ്വയം നിരോധിക്കുന്നതുമാണ്. മതവും മനസ്സാക്ഷിയും രണ്ടല്ല; ഒന്ന് മറ്റൊന്നിന്റെ പൂരകമാണ്. സത്പ്രവൃത്തികളില്‍ നിരന്തരം മുഴുകി ഉള്ളിലെ പ്രകാശത്തെ കൂടുതല്‍ പ്രഭാപൂരിതമാക്കുന്നതാണ് ഈ വിശുദ്ധ മാസം.
കൂട്ടിവെച്ചിരിക്കുന്നതും അര്‍ഹതയുള്ളവന് നല്‍കാത്തതുമായ സ്വത്ത് അന്ത്യ നാളുകളിലെ വിചാരണ വേളയില്‍ മനുഷ്യന്റെ കഴുത്തില്‍ കെട്ടിത്തൂക്കുമെന്ന് വായിച്ചതോര്‍ക്കുന്നു. ആര്‍ത്തി പിടിച്ച മനുഷ്യരുടെ എണ്ണം വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ സക്കാത്ത് പോലുള്ള സത്കര്‍മങ്ങള്‍ പുതിയൊരു സാമ്പത്തിക സമത്വത്തിലേക്ക് മനുഷ്യന് വഴികാട്ടുക തന്നെ ചെയ്യും. പരസ്പരം പോരടിച്ചും വെട്ടിപ്പിടിച്ചും പിന്നെയും തൃപ്തിയാകാത്ത അത്യാര്‍ത്തിയുമായി മനുഷ്യര്‍ ജീവിക്കുമ്പോള്‍ ശരിയുടെയും നന്മയുടെയും നേര്‍വഴികള്‍ കാട്ടിത്തരുന്ന റമസാന്‍ ദിനങ്ങള്‍ക്ക് മഹത്തായ പ്രാധാന്യമുണ്ട്. കരുണയുടെയും വാത്സല്യത്തിന്റെയും ആ ദിനരാത്രങ്ങള്‍ നല്‍കിയ ആത്മവിശുദ്ധി ഏറ്റുവാങ്ങി പെരുന്നാള്‍ ആഘോഷിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.
.

---- facebook comment plugin here -----

Latest