Connect with us

National

ഭൂമിയേറ്റെടുക്കല്‍: വീണ്ടും ഓര്‍ഡിനന്‍സിന് സാധ്യത

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദമായ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പുനര്‍വിജ്ഞാപനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മോദി സര്‍ക്കാര്‍ ആലോചിക്കുന്നത്. രാജ്യസഭയില്‍ സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്തതാണ് ബില്‍ പാസ്സാക്കിയെടുക്കാന്‍ തടസ്സം. ഇതിന് മുമ്പ് മൂന്ന് തവണയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു ശേഷമാകും ഓര്‍ഡിനന്‍സ് കൊണ്ടുവരിക. ഈ സമ്മേളനകാലത്ത് ബില്‍ സഭയില്‍ അവതരിപ്പിച്ചേക്കില്ല.
ബില്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ബി ജെ പി. എം പി. എസ് എസ് അലുവാലിയ അധ്യക്ഷനായ പാര്‍ലിമെന്ററി സമിതി രണ്ടാഴ്ച കൂടി സമയം ആവശ്യപ്പെട്ടേക്കും. ആഗസ്റ്റ് മൂന്ന് വരെ സമയം അനുവദിക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഓര്‍ഡിനന്‍സ് വീണ്ടും കൊണ്ടുവരുന്നത് കണക്കിലെടുത്താണ് സമിതി സമയം നീട്ടണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് സൂചന. ഈ മാസം 21ന് തുടങ്ങുന്ന പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ആഗസ്റ്റ് മൂന്നിനാണ് അവസാനിക്കുക. മെയ് 31നാണ് മൂന്നാം തവണ ഭൂമിയേറ്റെടുക്കല്‍ ബില്ലിന്മേല്‍ ഓര്‍ഡിനന്‍സ് പുനര്‍വിജ്ഞാപനം ചെയ്തത്. സാധാരണ ആറ് മാസമാണ് ഓര്‍ഡിനന്‍സിന്റെ കാലാവധി. പാര്‍ലിമെന്റ് സമ്മേളനം ആരംഭിച്ച് ആറാഴ്ചക്കുള്ളില്‍ ബില്‍ പാസ്സാക്കിയെടുക്കാനായില്ലെങ്കില്‍ വീണ്ടും ഓര്‍ഡിനന്‍സ് വിജ്ഞാപനം ചെയ്യാനാകും.
ഓര്‍ഡിനന്‍സ് പുനര്‍വിജ്ഞാപനം ചെയ്യുന്നതില്‍ അസ്വാഭാവികതയില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം. ഇതിന് മുമ്പ് പതിനഞ്ചോളം ഓര്‍ഡിനന്‍സുകള്‍ രണ്ടോ അതിലധികമോ തവണ പുനര്‍വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞത് ആറ് ഓര്‍ഡിനന്‍സുകള്‍ മൂന്ന് തവണ രണ്ടാം യു പി എ സര്‍ക്കാര്‍ പുനര്‍വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മൂന്നാം തവണയും ഓര്‍ഡിനന്‍സ് പുനര്‍വിജ്ഞാപനം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
ബില്‍ പാസ്സാക്കിയെടുക്കുന്നതിനായി പാര്‍ലിമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചുചേര്‍ക്കാവുന്നതാണെങ്കിലും അതിനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സംയുക്ത സമ്മേളനം വിളിച്ച് ബില്‍ പാസ്സാക്കിയാല്‍ രൂക്ഷ വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ നേരിടേണ്ടി വരും.

Latest