Connect with us

Editorial

ഒരു ചുവട് മുന്നോട്ട് ഒരു പാട് പിന്നോട്ട്

Published

|

Last Updated

ഇന്ത്യാ പക് അതിര്‍ത്തി വീണ്ടും സംഘര്‍ഷഭരിതമാകുകയാണ്. വെല്ലുവിളികളും താക്കീതുകളും കൊണ്ട് മുഖരിതമാണ് അന്തരീക്ഷം. റഷ്യയിലെ ഉഫയില്‍ നരേന്ദ്ര മോദിയും നവാസ് ശരീഫും തമ്മില്‍ നടന്ന ചര്‍ച്ചയും തുടര്‍ന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഊഷ്മളമായ മാറ്റത്തിന്റെ പ്രതീക്ഷയുണര്‍ത്തിയിരുന്നു. മോദിയെ നവാസ് ശരീഫ് പാക്കിസ്ഥാനിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. ഈ ചുവടുവെപ്പിന് പിറകേ ഇരുരാജ്യങ്ങളില്‍ നിന്നുമുണ്ടായ പ്രതികരണങ്ങളും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഈ അയല്‍ക്കാര്‍ക്കിടയില്‍ എന്തു കൊണ്ടാണ് ശാശ്വത സമാധാനം സാധ്യമാക്കത്തത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്.
മുംബൈ ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുന്നതും സമാധാന ചര്‍ച്ചകള്‍ ഊര്‍ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രഖ്യാപിക്കുന്നതുമായിരുന്നു സംയുക്ത പ്രസ്താവന. ഭീകാരാക്രമണത്തിന്റെ സൂത്രധാരനെന്ന് ഇന്ത്യ വ്യക്തമാക്കുന്ന ലശ്കര്‍ നേതാവ് സാകിയുര്‍റഹ്മാന്‍ ലഖ്‌വിയുടെ ശബ്ദ സാമ്പിളുകള്‍ ഇന്ത്യക്ക് കൈമാറുമെന്നും ലഖ്‌വിയുടെ വിചാരണയുടെ വിശദാംശങ്ങള്‍ ഇന്ത്യയെ അറിയിക്കുമെന്നും പാക്കിസ്ഥാന്‍ ഉഫയില്‍ സമ്മതിച്ചിരുന്നു. പാക് പത്രങ്ങള്‍ മിക്കതും സംയുക്ത പ്രസ്താവനയുടെ പേരില്‍ നവാസിനെ ആക്രമിക്കുകയാണ് ചെയ്തത്. മോദിക്കു മുന്നില്‍ നവാസ് കീഴടങ്ങിയെന്ന് വിമര്‍ശിച്ചു. ഇവിടെ ശിവസേന നേരെ വിപരീതദിശയിലുള്ള ആരോപണമാണ് തൊടുത്തു വിട്ടത്. അതിര്‍ത്തിയില്‍ വെടിമുഴങ്ങുമ്പോള്‍ ചര്‍ച്ചയല്ല, സൈനിക നടപടിയാണ് വേണ്ടതെന്ന് ഉദ്ധവ് താക്കറെ ആക്രോശിച്ചു.
സംയുക്ത പ്രസ്താവന വന്നതിന് തൊട്ടുപിറകേ അതിന് വിരുദ്ധമായ ആദ്യത്തെ ഔദ്യോഗിക വെടിമുഴക്കിയത് ലഖ്‌വി കേസിലെ പ്രോസിക്യൂഷന്‍ അഭിഭാഷകനായിരുന്നു. ശബ്ദ സാമ്പിളുകള്‍ നല്‍കുമെന്ന പ്രഖ്യാപനം നിയമവിരുദ്ധമാണെന്നും അത്തരമൊരു ഏര്‍പ്പാട് പാക് നിയമത്തിലില്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. പിറകേ പാക് പ്രധാനമന്ത്രിയുടെ ആഭ്യന്തര, വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. ലഖ്‌വി വിഷയത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തമാണെന്നും കാശ്മീര്‍ വിഷയം ഉള്‍പ്പെടാത്ത ഒരു ചര്‍ച്ചക്കും പാക്കിസ്ഥാന്‍ ഒരുക്കമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
എന്നാല്‍ സര്‍താജ് അസീസിന്റെ പ്രസ്താവന മുഖവിലക്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി സമാധാനത്തിനുള്ള വാതില്‍ തുറന്നു തന്നെ വെക്കുകയാണ് ഇന്ത്യ ചെയ്തത്. അത് അഭിനന്ദനാര്‍ഹമമായ സമീപനമായിരുന്നു. സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യ ഊന്നുന്നത്. അസീസിന്റെ പ്രസ്താവന ആഭ്യന്തരമായ ലക്ഷ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന് നമ്മുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പക്ഷേ, അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമാകുന്നതാണ് പിന്നെ കണ്ടത്. നരേന്ദ്ര മോദി ജമ്മു സന്ദര്‍ശിക്കാനിരിക്കെ അതിര്‍ത്തിയിലെ ബി എസ് എഫ് ഔട്ട്‌പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യമാക്കി വെടിവെപ്പുണ്ടായി. ആര്‍ എസ് പുരയിലെ ബി എസ് എഫ് ഔട്ട്‌പോസ്റ്റിനും പൂഞ്ച് ജില്ലയിലെ ഷാഹ്പൂര്‍ സെക്ടറിലുമാണ് പാക് റെയ്‌ഞ്ചേഴ്‌സ് വെടിവെപ്പ് നടത്തിയത്. കഴിഞ്ഞ ബുധനാഴ്ച നടന്ന വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ സ്ത്രീകള്‍ അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കുമെന്ന് ഇന്ത്യന്‍ സൈനിക നേതൃത്വം താക്കീത് നല്‍കിയിട്ടുണ്ട്. മറുവശത്ത് ഇന്ത്യന്‍ ചാര ഡ്രോണ്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച് പറന്നുവെന്ന് പാക്കിസ്ഥാന്‍ ആരോപിക്കുന്നു. ബി എസ് എഫുകാര്‍ പ്രകോപനമൊന്നുമില്ലാതെ തങ്ങളുടെ സിവിലിയന്‍മാരെ വകവരുത്തുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയങ്ങള്‍ ഉന്നയിച്ച് യു എന്നില്‍ ഇന്ത്യക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് പാക്കിസ്ഥാന്‍. വാക്‌പോര് ആളിക്കത്തിച്ച് മറ്റൊരു വിഷയം കൂടി സജീവമാകുന്നുണ്ട്. നയതന്ത്ര, സൈനിക പ്രതിനിധികള്‍ക്ക് വിസ നിഷേധിക്കുന്നുവെന്നാണ് ഇരുപക്ഷവും ആരോപിക്കുന്നത്. അസൈന്‍മെന്റ് വിസകള്‍ അനുവദിക്കുകയെന്നത് കീഴ്‌വഴക്കവും നയതന്ത്ര മര്യാദയുമാണ്. നാവികസേനാ ഉദ്യോഗസ്ഥര്‍ അടക്കം 12 ഉദ്യോഗസ്ഥര്‍ക്ക് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചുവെന്ന് ഇന്ത്യ ആരോപിക്കുമ്പോള്‍ സമാനമായ പരാതി പാക്കിസ്ഥാനും ഉന്നയിക്കുന്നു.
ചുരുക്കത്തില്‍, സമാധാനത്തിന്റെ ഒരു ചുവട് മുന്നോട്ട് വെക്കുമ്പോള്‍ ഒരു പാട് ചുവട് പിന്നോട്ട് വെക്കുകയാണ് ഈ അയല്‍ക്കാര്‍. ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയ നേതൃത്വം സമാധാനത്തിന്റെ കരുക്കള്‍ നീക്കുമ്പോഴും എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഘര്‍ഷം ഉണ്ടാകുന്നത്? ഈ നീക്കങ്ങള്‍ ആത്മാര്‍ഥം തന്നെയല്ലേ? രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് ശമനമായി പലപ്പോഴും രാഷ്ട്രീയ നേതൃത്വങ്ങള്‍ അതിര്‍ത്തിയെ കണക്കാക്കുന്നുണ്ടോ? ആഭ്യന്തരമായ ചില ശക്തികള്‍ ഇരുപക്ഷത്തും സംഘര്‍ഷപ്രിയരായുണ്ട് എന്നതാണ് വാസ്തവം. എപ്പോഴൊക്കെ സമാധാന ശ്രമങ്ങളുണ്ടായോ അപ്പോഴൊക്കെ അവര്‍ കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കുന്നു. ഈ ശക്തികളെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയുമാണ് യഥാര്‍ഥ പരിഹാരം. ഈ രണ്ട് രാജ്യങ്ങള്‍ നിതാന്തമായ ശത്രുതയില്‍ കഴിയണമെന്ന് നിശ്ചയിച്ചുറപ്പിച്ച ആഗോള ശക്തികളുടെ ഇംഗിതങ്ങളാണ് ഇവിടെ പുലരുന്നത്.

Latest