Connect with us

National

ചട്ടങ്ങളില്‍ ഇളവ് വരുത്തുന്നു മുന്‍കൂര്‍ അനുമതിയില്ലാതെ വിമാനങ്ങള്‍ ഇറക്കുമതി ചെയ്യാനാകും

Published

|

Last Updated

ന്യൂഡല്‍ഹി: വിമാനക്കമ്പനികള്‍ക്ക് ഇനി വ്യോമയാന മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ വിദേശത്ത് നിന്ന് വിമാനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കും.
ഇത്തരം കൈമാറ്റങ്ങള്‍ക്കുള്ള ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിന് സിവില്‍ വ്യോമയാന മന്ത്രാലയം തീരുമാനിക്കുന്ന പശ്ചാത്തലത്തിലാണിത്.
ആഭ്യന്തര വ്യോമയാന മേഖലയില്‍ ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ ഇളവുകള്‍. മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന പുതിയ വ്യോമയാന നയം ഉടന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് പുതുക്കിയ നയം വരാനിരിക്കുന്നത്.
വിമാനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന പിന്‍വലിക്കുന്ന കാര്യം മന്ത്രാലയം ഗൗരവപൂര്‍വം പരിഗണിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ സുരക്ഷയടക്കമുള്ള മറ്റ് പ്രധാന മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരമാവധി ഉദാരവത്കരിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഇത് ഗുണഫലമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വാണിജ്യ, വ്യവസായ വകുപ്പുകള്‍ക്കും ആര്‍ ബി ഐക്കും വ്യോമയാന മന്ത്രാലയം കത്തയച്ചിട്ടുണ്ട്.
ഇപ്പോള്‍ വിദേശത്ത് നിന്ന് വിമാനങ്ങള്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ വാണിജ്യ, വ്യവസായ വകുപ്പുകളില്‍ നിന്നും ആര്‍ ബി ഐ യില്‍ നിന്നും അനുമതി വാങ്ങുന്നതിന് മുമ്പായി വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് അനുമതിപത്രം വാങ്ങേണ്ടതുണ്ട്.
വ്യോമയാന മന്ത്രാലയത്തിന്റെ നീക്കം ഏറെ പ്രതീക്ഷപകരുന്നുണ്ടെന്ന് സ്‌പൈസ് ജെറ്റ് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ സഞ്ജീവ് കപൂര്‍ പറഞ്ഞു. ചുവപ്പു നാടയുടെ വരിഞ്ഞു മുറുക്കല്‍ അവസാനിക്കുന്നത് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
യാത്രക്കാരുടെ ആധിക്യം കണക്കിലെടുത്ത് വലിയ വിമാനങ്ങള്‍ വാങ്ങാന്‍ മിക്ക കമ്പനികളും തയ്യാറെടുക്കുകയാണ്. പ്രധാന വിമാന നിര്‍മാതാക്കളായ എയര്‍ ബസും ബോയിംഗും ഇത് മൂന്‍കൂട്ടി കണ്ട് ഇന്ത്യന്‍ കമ്പോളത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ്.
20 വര്‍ഷത്തിനകം അഞ്ച് ട്രില്യണ്‍ ഡോളറിന്റെ വിമാന വില്‍പ്പന നടക്കുമെന്നാണ് എയര്‍ ബസിന്റെ കണക്കു കൂട്ടല്‍. 2029ഓടെ ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന കമ്പോളമായി ഇന്ത്യ മാറുമെന്നാണ് ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐ എ ടി എ-അയാട്ട) പറയുന്നത്.

Latest