Connect with us

Kerala

അപ്രത്യക്ഷമാകുന്ന ജീവികളുടെ എണ്ണം ഓരോ വര്‍ഷവും കൂടുന്നു, കേരളത്തിലെ 228 ജീവിവര്‍ഗങ്ങള്‍ കടുത്ത വംശനാശ ഭീഷണിയില്‍

Published

|

Last Updated

 

സിംഹവാലന്‍ കുരങ്ങ്, വന്‍തത്ത, കാരാമ, കാവേരി പരല്‍, പച്ച ചോല മരത്തവള

സിംഹവാലന്‍ കുരങ്ങ്, വന്‍തത്ത, കാരാമ, കാവേരി പരല്‍, പച്ച ചോല മരത്തവള

കണ്ണൂര്‍: വന്യമൃഗങ്ങളും ഉരഗങ്ങളും മത്സ്യങ്ങളുമടക്കം സംസ്ഥാനത്തെ 228 ജീവി വര്‍ഗങ്ങള്‍ വംശനാശ ഭീഷണിയിലായതായി സര്‍ക്കാര്‍ പഠനം. പ്രകൃതി സംരക്ഷണത്തിനായി രൂപംകൊണ്ട വേള്‍ഡ് കണ്‍സര്‍വേഷന്‍ യൂനിയന്റെ (ഐ യു സി എന്‍) ചുവന്ന പട്ടികയില്‍ (റെഡ് ഡാറ്റാ ബുക്ക്) ഉള്‍പ്പെട്ടതാണ് ജീവിവര്‍ഗങ്ങളെന്നും സംസ്ഥാന വനം പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി. നേരത്തെയുള്ളതില്‍ നിന്ന് കൂടുതലായി അടുത്തകാലത്തായി ചുവന്ന പട്ടികയില്‍ കേരളമുള്‍പ്പെടുന്ന പശ്ചിമഘട്ടത്തിലെ നിരവധി ജീവിവര്‍ഗങ്ങള്‍ ഉള്‍പ്പെട്ടതായും ഇതു സംബന്ധിച്ച നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, ജലജീവികള്‍, മത്സ്യങ്ങള്‍ എന്നിങ്ങനെയാണ് വംശനാശം നേരിടുന്ന ജീവിവര്‍ഗങ്ങളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. സസ്തനികളുടെ വിഭാഗത്തില്‍ തീര്‍ത്തും കാണാതായിരിക്കുന്ന ഉരഗജീവിയായി മലബാര്‍ വെരുകിനെയാണ് ചേര്‍ത്തിട്ടുള്ളത്. കന്യാകുമാരി മുതല്‍ വടക്കന്‍ കര്‍ണാടകയിലെ ഹൊന്നവര്‍ വരെയുള്ള പശ്ചിമഘട്ട പ്രദേശങ്ങളില്‍ യഥേഷ്ടമുണ്ടായിരുന്ന ജീവിയായിരുന്നു മലബാര്‍ വെരുക്.
1978 മുതലാണ് ഈ ജീവിവര്‍ഗം അപ്രത്യക്ഷമായതായി ഐ യു സി എന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, 1980ലും 90ലും സംസ്ഥാനത്ത് മലബാര്‍ വെരുകിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പക്ഷേ, കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഈ ജീവിയുടെ സാന്നിധ്യം ഇല്ലാതായി. മൂന്നടിയോളം നീളം വെക്കുന്ന ആറ് കിലോയോളം തൂക്കം വരുന്ന വെരുകിന് 20 വര്‍ഷത്തെ ആയുസ്സാണുള്ളത്. വനഭൂമി കുറഞ്ഞുവന്നതും വേട്ടയാടിയതുമാണ് ഇവയുടെ നാശത്തിന് കാരണമായത്.
ആന, സിംഹവാലന്‍ കുരങ്ങ്, കാട്ടുചുണ്ടെലി, കാട്ടുനച്ചെലി, നെല്ലെലി, ഈനാംപേച്ചി, കാട്ടുനായ, ചെന്നായ, മീന്‍പൂച്ച, കടുവ, വരയാട് തുടങ്ങിയവയെല്ലാം വംശനാശത്തിന്റെ വക്കിലാണെന്ന് സര്‍ക്കാര്‍ പഠനം വ്യക്തമാക്കുന്നു. ചാമ്പല്‍ അണ്ണാന്‍, യൂറേഷ്യന്‍ നീര്‍നായ, പുള്ളിപ്പുലി തുടങ്ങിയവ ഉടന്‍ അപകടത്തിലാകുന്ന ജീവികളായും കണക്കാക്കുന്നുണ്ട്.
പക്ഷികളില്‍ 50 ഇനങ്ങളെയാണ് ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തലേക്കെട്ടന്‍ തിത്തിരി, ചുട്ടിക്കഴുകന്‍, തവിട്ടുകഴുകന്‍ എന്നിവയാണ് ഗുരുതരമായ വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന പക്ഷികള്‍. കാതിലക്കഴുകന്‍, തോട്ടിക്കഴുകന്‍, തെക്കന്‍ ചിലുമിലുപ്പന്‍, സന്ധ്യക്കിളി തുടങ്ങിയ പക്ഷികളും വംശനാശ പട്ടികയിലുണ്ട്. അടുത്തുതന്നെ അപകടാവസ്ഥയിലാകുന്നത് 25 ഇനം പക്ഷികളാണെന്നും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. സൂചിമുഖി ഇലക്കുരുവി, നീലക്കിളി പാറ്റപിടിയന്‍, ചെറിയ മീന്‍ പരുന്ത്, കരിങ്കഴുകന്‍, മലമുഴക്കി, ചേരക്കോഴി തുടങ്ങിയവും ഇതില്‍പ്പെടും.
ഉരഗവര്‍ഗങ്ങളില്‍ ചൂണ്ടന്‍ കടലാമയാണ് തീര്‍ത്തും കാണാതായിക്കൊണ്ടിരിക്കുന്ന ഒരു ജീവിവര്‍ഗം. ചൂരലാമ, കടലാമ, കാരാമ, ഭീമനാമ, ചിത്രയാമ എന്നിവയും നീലവയറന്‍ മരയരണ, വയനാടന്‍ മരപ്പല്ലി, കങ്കാരു ഓന്ത് എന്നിവയും വംശനാശ ഭീഷണി നേരിടുന്നവയാണ്. 12 ഇനം പാമ്പുകളില്‍ മലംപച്ചോലന്‍ പാമ്പ്, വയലറ്റ് പാമ്പ് എന്നിവ കാണാമറയത്താകുന്ന ജീവികളാണ്. തവളകളില്‍ പത്ത് ഇനങ്ങളെ പൂര്‍ണമായും കാണാതായിട്ടുണ്ട്. കൈകാട്ടി തവള, മൂന്നാര്‍ ഇലത്തവള, പുള്ളി പച്ചിലപ്പാറാന്‍, പച്ചക്കണ്ണി ഇലത്തവള തുടങ്ങിയവയാണ് അവ. കേരളത്തില്‍ 53 ഇനം തവളകളെ വംശനാശ ഭീഷണി നേരിടുന്ന പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ വംശനാശ ഭീഷണിയുള്ള 57 ഇനം മീനുകളില്‍ ആറെണ്ണത്തിന്റെ വംശമറ്റതായി കണക്കാക്കുന്നുണ്ട്. മഞ്ഞ കടന്ന, പൂക്കോടന്‍ പരല്‍, ആനമല കൊയ്മ, അരുണാചലം കല്ലൊട്ടി തുടങ്ങിയവയാണവ.
മലബാര്‍ കൂരിയും നാടന്‍ മുഷിയും ആറ്റുവാളയും കളക്കൊടിയന്‍ പരലുമുള്‍പ്പെടെ വര്‍ഷങ്ങള്‍ക്കുമുമ്പ് വരെ നമ്മുടെ തോട്ടിലും പുഴയിലുമെല്ലാം കണ്ടുവന്നിരുന്ന മത്സ്യങ്ങളെല്ലാം തന്നെ വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടികയിലുള്‍പ്പെടും. ആവാസവ്യവസ്ഥയുടെ ശോഷണമാണ് ജീവിവര്‍ഗങ്ങളുടെ തിരോധാനത്തിനും വംശനാശ ഭീഷണിക്കും കാരണമായതെന്ന് പഠനം പറയുന്നു.
തണ്ണീര്‍ത്തടങ്ങള്‍ നികത്തിയതും കുന്നുകളും വനപ്രദേശങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടതും ജീവിവര്‍ഗങ്ങളുടെ നാശത്തിന് ആക്കംകൂട്ടി. വേട്ടയാടലാണ് മൃഗങ്ങളുടെയും പക്ഷികളുടെയും നാശത്തിനുള്ള മറ്റൊരു കാരണം.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളുടെയും വനങ്ങളുടെയും സംരക്ഷണത്തിനായി 15 വന്യജീവി സങ്കേതങ്ങളും അഞ്ച് ദേശീയോദ്യാനങ്ങളും രണ്ട് കടുവാ സങ്കേതങ്ങളും ഒരു കമ്യൂണിറ്റി റിസര്‍വുമുള്‍പ്പെടെ 23 സംരക്ഷിത വനപ്രദേശങ്ങള്‍ സംസ്ഥാനത്തുണ്ടെങ്കിലും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെയെണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest