Connect with us

International

ആസ്‌ട്രേലിയന്‍ സര്‍ഫിങ് താരം സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

Published

|

Last Updated

ജൊഹന്നാസ് ബര്‍ഗ്: ആസ്‌ട്രേലിയന്‍ സര്‍ഫിങ് താരം മിക്ക് ഫാനിങ് കൊലയാളി സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
മൂന്ന് തവണ ലോകചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ 34 കാരനായ താരത്തെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോക സര്‍ഫിങ് ലീഗ് ജെ ബേ ഓപണ്‍ ഫൈനലിന്റെ പരിശീലനത്തിനിടെയാണ് സ്രാവ് അക്രമിച്ചത്.

ദക്ഷിണാഫ്രിക്കയിലെ ജഫ്രീക്കാ കടല്‍തീരത്ത് പരിശീലനം നടത്തുകയായിരുന്നു മിക്ക് ഫാനിങ്. സര്‍ഫിങിന് പറ്റിയ തിര കാത്ത് കടലില്‍ നില്‍ക്കുമ്പോഴാണ് അടിയിലൂടെ ആരോ തന്റെ കാലില്‍ പിടിച്ചു വലിക്കുന്നതായി ഫാനിങ്ങിന് തോന്നിയത്. സ്രാവാണ് കാലില്‍ പിടികൂടിയിരിക്കുന്നത് എന്നറിഞ്ഞപ്പോഴും ആത്മവിശ്വാസം കൈവിടാതെ ഫാനിങ് സര്‍ഫിങ് ബോര്‍ഡ് കൊണ്ട് സ്രാവിനെ എതിരിട്ടു. രക്ഷാബോട്ടുകള്‍ എത്തിയാണ് ഫാനിങിനെ സ്രാവിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. സ്രാവിനോട് പൊരുതിനില്‍ക്കാന്‍ ഫാനിങ് കാണിച്ച ധീരതയാണ് ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത്. ഫാനിങിന് അപകടം പറ്റിയതിനെ തുടര്‍ന്ന് ഞായറാഴ്ച നടക്കേണ്ടിയിരുന്ന ജെ ബേ ഓപണ്‍ ഫൈനല്‍ മാറ്റി വച്ചു. ദക്ഷിണാഫ്രിക്കയുടെ തീരപ്രദേശങ്ങളിലാണ് ഉപദ്രവകാരികളായ സ്രാവുകള്‍ ഏറ്റവും കൂടുതലുള്ളത്.

 

Latest