Connect with us

Gulf

ഒമാനില്‍ ഹൈമയില്‍ വാഹനാപകടം: മലയാളികള്‍ ഉള്‍പെടെ ഏഴ് മരണം

Published

|

Last Updated

മസ്‌കത്ത്: ഹൈമക്ക് സമീപം ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പെടെ ഏഴ് പേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കുണ്ട്. ബോഷര്‍ ലുലു വെയര്‍ ഹൗസിലെ സ്‌റ്റോര്‍ കീപ്പര്‍ തൃശൂര്‍ മാള സ്വദേശി ജിന്‍ഷാദ്, മസ്‌കത്ത് ലുലുവിലെ മറ്റൊരു ജീവനക്കാരനായ ഫിറോസിന്റെ മകള്‍ ഷിഫ (മൂന്ന്) എന്നിവരാണ് മരിച്ച മലയാളികള്‍.

പെരുന്നാള്‍ ആഘോഷിക്കാനായി വെള്ളിയാഴ്ച രാത്രി സലാലയിലേക്ക് ബസില്‍ പുറപ്പെട്ട സംഘം പെരുന്നാള്‍ ദിവസം സുബഹിയോടടുത്ത സമയത്താണ് അപകടത്തില്‍പെടുന്നത്.

ലുലു ജീവനക്കാരും കുടുംബാംഗങ്ങളും സഞ്ചരിച്ച ബസും തമിഴ്‌നാട് സ്വദേശികള്‍ വാടകക്കെടുത്ത് പോയ കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തമിഴ്‌നാട് സ്വദേശികളുടെ വാഹനം പൂര്‍ണമായും കത്തിനശിച്ചു. ബസ് മറിയുകയും ചെയ്തു. ബസിനടിയില്‍ പെട്ടാണ് ജിന്‍ഷാദ്, ഷിഫ എന്നിവര്‍ മരിച്ചത്. തമിഴ്‌നാട് സ്വദേശികളായ തിരുച്ചിറപ്പിള്ളി സ്വദേശി ബഷീര്‍ (28), കന്യാകുമാരി സ്വദേശി ശിവഭാരതി (27), സ്റ്റീഫന്‍ (36), ദിവാകരന്‍ (38), സുരേഷ് (34) എന്നിവരാണ് മരണപ്പെട്ടത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മലയാളികള്‍ സഞ്ചരിച്ചിരുന്ന ബസില്‍ 40ഓളം പേരുണ്ടായിരുന്നു. ഇവരില്‍ പരുക്കേറ്റ 34 പേര്‍ ഹൈമ ആശുപത്രിയിലും നാല് പേര്‍ നിസ്‌വ ആശുപത്രിയിലും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല.