Connect with us

National

പുരുഷന്മാരുടെ വിവാഹ പ്രായം പതിനെട്ട് വയസ്സായി കുറക്കാന്‍ ശിപാര്‍ശ

Published

|

Last Updated

ന്യൂഡല്‍ഹി: ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതിയിലൂടെ പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സായി കുറക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതി ശിപാര്‍ശ. ത്വലാഖിലൂടെ മുസ്‌ലിംകള്‍ക്കിടയിലുള്ള വിവാഹ മോചനരീതി നിരോധിക്കണമെന്നും ഉന്നതതല സമിതി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. നിലവില്‍ പുരുഷന്മാര്‍ക്ക് 21 വയസ്സും സ്ത്രീകള്‍ക്ക് പതിനെട്ട് വയസ്സുമാണ് വിവാഹ പ്രായം. ഇന്ത്യയില്‍ വോട്ട് ചെയ്യാനുള്ള പ്രായപരിധി സ്ത്രീക്കും പുരുഷനും 18 ആണെങ്കില്‍ വിവാഹ പ്രായവും പതിനെട്ടാക്കണമെന്നാണ് വാദം.
സ്‌കൈപ്പ്, ഫേസ്ബുക്ക്, മൊബൈല്‍ സന്ദേശങ്ങള്‍ വഴി മുസ്‌ലിംകള്‍ക്കിടയില്‍ വിവാഹമോചനം നടക്കുന്നതായി മനസ്സിലാക്കാനായെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് തവണ ത്വലാഖ് ചൊല്ലി വൈവാഹിക ബന്ധം അവസാനിപ്പിക്കുന്നത് ഏകപക്ഷീയമായ നടപടിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിവാഹ ബന്ധത്തിലൂടെ സ്ത്രീക്ക് ലഭിക്കുന്ന സുരക്ഷിതത്വം ത്വലാഖിലൂടെ നഷ്ടമാകുമെന്ന വിചിത്രവാദവും സമിതി മുന്നോട്ടു വെക്കുന്നുണ്ട്. സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ഭീഷണി സൃഷ്ടിക്കുന്ന ഇത്തരം രീതികള്‍ ഒരിക്കലും ആശാസ്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക്കിസ്ഥാന്‍, സഊദി അറേബ്യ, തുര്‍ക്കി, ടുണീഷ്യ, അള്‍ജീരിയ, ഇറാഖ്, ഇറാന്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ത്വലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിരോധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നുണ്ട്. ഇന്ത്യയില്‍ മുസ്‌ലിം വ്യക്തിനിയമം ത്വലാഖ് അനുവദിക്കുന്നുണ്ടെന്നും ഇത് നിയമം മൂലം നിരോധിക്കണമെന്നുമാണ് ആവശ്യം.
സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ വിവാഹത്തിന് നോട്ടീസ് പതിക്കുന്ന രീതി അവസാനിപ്പിക്കുക, വിവാഹത്തിനുള്ള നോട്ടീസ് കാലയളവ് മുപ്പതില്‍ നിന്ന് ഏഴ് ദിവസമായി കുറക്കുക, ക്രിസ്ത്യന്‍ വിവാഹമോചനത്തിനുള്ള കാലാവധി ഒരു വര്‍ഷമായി കുറക്കുക തുടങ്ങിയവയും പ്രധാന ശിപാര്‍ശകളാണ്. വിവിധ മന്ത്രാലയങ്ങളില്‍ നിന്നായി പതിനാല് പേരടങ്ങുന്ന സമിതിയെ മുന്‍ യു പി എ സര്‍ക്കാറാണ് നിയോഗിച്ചത്. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് ഉടന്‍ കൈമാറും.

Latest