Connect with us

Kozhikode

ബിദ്അത്തുകള്‍ സമുദായത്തില്‍ ഭിന്നത സൃഷ്ടിക്കുന്നു: എ പി മുഹമ്മദ് മുസ്‌ലിയാര്‍

Published

|

Last Updated

പെരുവയല്‍: വിശ്വാസ കാര്യത്തിലും ആരാധനാ കര്‍മങ്ങളിലും നബിചര്യയില്‍ മാറ്റം വരുത്തി മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ പുത്തന്‍ വാദികള്‍ സമുദായത്തില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്ന് സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍. മക്കത്തും മദീനയിലുമടക്കം മുസ്‌ലിംകള്‍ തറാവീഹ് ഇരുപത് റക്അത്താണ് നിസ്‌കരിക്കുന്നത്. ഇത് വെട്ടിച്ചുരുക്കി എട്ടാക്കി. മുസ്‌ലിംകള്‍ ഐക്യത്തോടെയും സാഹോദര്യത്തോടെയും ഓരോ പ്രദേശങ്ങളിലും സൗഹാര്‍ദത്തിന്റെ കേന്ദ്രങ്ങളായ പള്ളികളില്‍ നടത്തേണ്ട പെരുന്നാള്‍ നിസ്‌കാരം യാതൊരു പ്രമാണങ്ങളുടെ പിന്‍ബലവുമില്ലാതെ ഈദ്ഗാഹ് എന്ന പേരില്‍ ഇതരര്‍ക്ക് അവകാശപ്പെട്ട സ്ഥലത്ത് നടത്തുന്നു. ഇതെല്ലാം സമുദായത്തിന്റെ കെട്ടുറപ്പ് ഇല്ലാതാക്കാനേ ഉപകരിക്കൂ.
പെരുവയല്‍ കല്ലേരി സി എം മെമ്മോറിയല്‍ ഐ സി സിയുടെ സില്‍വര്‍ ജൂബിലിയും സി എം വലിയുല്ലാഹി 25ാം ആണ്ടുനേര്‍ച്ചയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരന്നു അദ്ദേഹം. മടവൂര്‍ മഖാം സിയാറത്തിന് എ പി അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ കെ കുഞ്ഞഹമ്മദ് ഹാജി കല്ലേരി പതാക ഉയര്‍ത്തി. പി ടി സി മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം അബ്ദുല്ലത്വീഫ് മുസ്‌ലിയാര്‍, കെ പി ബീരാന്‍ മുസ്‌ലിയാര്‍, പി ടി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. പി വി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി. ജനറല്‍ സെക്രട്ടറി കെ സി മൂസ സഖാഫി സ്വാഗതവും കെ പി മുഹമ്മദ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.
ഇന്ന് മസ്ഊദ് സഖാഫി ഗൂഡല്ലൂരും നാളെ മര്‍കസ് മാനേജര്‍ സി മുഹമ്മദ് ഫൈസിയും പ്രഭാഷണം നടത്തും. വ്യാഴാഴ്ച സമാപന പ്രാര്‍ഥനാ സംഗമത്തില്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തും. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും.