Connect with us

Palakkad

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക അധ്യാപകരും ജീവനക്കാരും കൂട്ട അവധിയില്‍

Published

|

Last Updated

ലക്കിടി: സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ ജീവനക്കാരും അധ്യാപകരും കൂട്ട അവധിയില്‍. ഇതേ തുടര്‍ന്ന് കലാപീഠത്തിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു. സ്മാരകത്തില്‍ പ്രവര്‍ത്തിക്കുന്ന കലാപീഠത്തിലെ തുള്ളല്‍, മൃദംഗം, മോഹിനിയാട്ടം എന്നീ വിഭാഗത്തിലെ അഞ്ച് അധ്യാപകരാണ് അവധിയെടുത്തിരിക്കുന്നത്.
തുള്ളലിലെ ഒരു അധ്യാപകനും, മോഹിനിയാട്ടത്തിലെ ഒരു അധ്യാപികയും മാത്രമാണ് ഇന്നലെ കളരിയില്‍ ഹാജരായത്. മോഹിനിയാട്ടത്തിലെ സീനിയര്‍ അധ്യാപിക ആഴ്ചകളായി മെഡിക്കല്‍ അവധിയിലാണ്. കൂടാതെ നിലവിലെ രണ്ട് സ്ഥിരം ജീവനക്കാരും ഇന്നു മതുല്‍ അവധിയെടുത്തിരിക്കയാണ്. സ്മാരകത്തിലെ സ്ഥിരം ജീവനക്കാരായ ക്ലാര്‍ക്ക് പി ചന്ദ്രമോഹനന്‍, പ്യൂണ്‍ കം വാച്ച് മാന്‍ പി രാജന്‍ എന്നിവരും ഇന്നലെ മുതല്‍ അവധിയെടുക്കാന്‍ തുടങ്ങി. സ്മാരകത്തിലെ താല്‍കാലിക ജീവനക്കാരിയായ സ്വീപ്പര്‍ മാത്രമാണ് ഇനി സ്മാരകം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ആശ്രയം.
ശമ്പളം മാസങ്ങളായി മുടങ്ങിയതാണ് ജീവനക്കാരുടെയും അധ്യാപകരുടെയും കൂട്ടഅവധിയില്‍ കലാശിച്ചത്. അധ്യാപകര്‍ക്ക് ഒന്‍പത് മാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. ജീവനക്കാര്‍ക്ക് ഏഴ്മാസമായിട്ടും ശമ്പളമില്ല. സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കാത്തതാണ് സ്മാരകത്തിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ കോഴ്‌സില്‍ തുള്ളല്‍ അഭ്യസിക്കുന്നതിനു 22 കുട്ടികളും, മോഹിനിയാട്ടത്തിനു 40 കുട്ടികളുമാണ് നിലവിലുള്ളത്. മൂന്ന് വര്‍ഷത്തെ വ്യത്യസ്ത സിലബസില്‍ പഠിക്കുന്ന കുട്ടികളെയും ഒരു കളരിയിലിരുത്തേണ്ട സ്ഥിതിയാണിപ്പോള്‍. തുള്ളല്‍ കുട്ടികള്‍ക്ക് കര്‍ക്കടകമാസത്തില്‍ ആരംഭിക്കേണ്ട ഉഴിച്ചിലും മുടങ്ങുന്ന സ്ഥിതിയാണ്.
മൃദംഗം, ശാസ്ത്രീയസംഗീതം വിഭാഗത്തിലെ കുട്ടികള്‍ ക്ലാസിലെത്തിയിരുന്നെങ്കിലും അധ്യാപകര്‍ ഇല്ലാത്തതിനാല്‍ തിരിച്ചുപോയി. താല്‍കാലിക അധ്യാപകര്‍ക്ക് ഒന്‍പത് മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പളം നല്‍കുന്നതിനു “രണസമിതി പരാജയപ്പെട്ടതാണ് ഇപ്പോള്‍ അധ്യാപകരെയും ജീവനക്കാരെയും കൂട്ടഅവധിയെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ അവഗണനക്കെതിരെ പ്രതിഷേധം വ്യാപകമായിരിക്കയാണ്. ഒരു കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നു വീണ മഹാകവിയുടെ സ്മാരകം 1976 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. അന്നു മുതല്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍, സര്‍ക്കാര്‍ നോമിനി കമ്മിറ്റിയാണ് ഭരണം നടത്തുന്നത്. 2008 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച കുഞ്ചന്‍ സ്മാരക കലാപീഠത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടതായുള്ള ആശങ്കയിലാണ് കുട്ടികളും രക്ഷിതാക്കളും. ജീവനക്കാരുടെ കൂട്ടഅവധി സാംസ്‌കാരികവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ഭരണസമിതിയുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടി പ്രതീക്ഷിക്കുന്നതായും സെക്രട്ടറി അറിയിച്ചു.

Latest