Connect with us

Wayanad

വയനാട് മെഡിക്കല്‍ കോളജ്: ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ശ്രേയാംസിനെതിരെ രൂക്ഷവിമര്‍ശം

Published

|

Last Updated

കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ എം വി ശ്രേയാംസ്‌കുമാറിനെതിരെ രൂക്ഷവിമര്‍ശനം.
വയനാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്രേയാംസ്‌കുമാര്‍ എം എല്‍ എ ഏകാധിപത്യ ശൈലിയില്‍ കോണ്‍ഗ്രസിനെയും മറ്റ് ഘടകകക്ഷികളെയും അവഗണിക്കാനുള്ള കരുനീക്കങ്ങള്‍ നടത്തിയ പ്രവണത ഒരു കാരണവശാലും ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം. എം പി എം ഐ ഷാനവാസും, മന്ത്രി ജയലക്ഷ്മിയും, എം എല്‍ എ ഐ സി ബാലകൃഷ്ണനും കൂടി ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരുമിച്ച് നില്‍ക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വളരെ ശക്തമായി ആഞ്ഞടിച്ച് പ്രതികരിച്ച മുന്‍ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റെ അഭിപ്രായത്തോട് യോഗത്തിലെ മുഴുവന്‍ അംഗങ്ങളും ഏകകണ്ഠമായി യോജിക്കുകയായിരുന്നു. വയനാട്ടില്‍ നടന്നത് പോലുള്ള മെഡിക്കല്‍ കോളജ് തറക്കല്ലിടല്‍ കര്‍മ്മങ്ങള്‍ നടന്ന ഏട്ട് ജില്ലകളില്‍ ഏഴ് ജില്ലകളിലും ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു അധ്യക്ഷന്‍. അതാണ് പ്രോട്ടോകോള്‍. നഗ്നമായ പ്രോട്ടോകോള്‍ ലംഘനം നടത്തി എം എല്‍ എ തന്നെ ഇവിടെ അധ്യക്ഷനായി.
കുഞ്ഞാലിക്കുട്ടിയെ പോലുള്ള സീനിയര്‍ മന്ത്രിമാരുള്ള മലപ്പുറം ജില്ലയില്‍ ശിവകുമാര്‍ ആയിരുന്നു അധ്യക്ഷന്‍. സ്വാഗതസംഘം എം എല്‍ എ തന്നെ മുന്‍കൈയെടുത്ത് രൂപീകരിച്ച് മറ്റ് എം എല്‍ എമാരോ എം പിയോ ഇല്ലാത്ത സമയം നോക്കി സ്വയം ചെയര്‍മാനായി.
ജിനചന്ദ്രന്‍ വയനാട്ടില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കെടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തിന്റെ പേരില്‍ മെഡിക്കല്‍ കോളജ് ഉയരുന്നതില്‍ ഓരോ കോണ്‍ഗ്രസുകാരനും അഭിമാനിക്കാവുന്നതാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പക്ഷേ ജിനചന്ദ്രനുമായി രാഷ്ട്രീയബന്ധമില്ലാത്തവര്‍ മെഡിക്കല്‍ കോളജിന്റെ ക്രഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനെതിരെ യോഗത്തില്‍ അതിരൂക്ഷമായി വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയുടെ ഉമ്മന്‍ചാണ്ടിയുടെ ഇച്ഛാശക്തി ധീരതയും ഒന്നുകൊണ്ട് മാത്രമാണ് മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമായതെന്നായിരുന്നു യോഗത്തിലെ പൊതു അഭിപ്രായം.

Latest