Connect with us

International

ആഴ്ചകള്‍ക്ക് ശേഷം ഗ്രീക്ക് ബേങ്കുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു

Published

|

Last Updated

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഴ്ചകളായി അടച്ചിട്ടിരുന്ന ഗ്രീസിലെ ബേങ്കുകള്‍ തുറന്നുപ്രവര്‍ത്തിച്ചപ്പോള്‍ പുറത്ത് ക്യൂ നില്‍ക്കുന്നവര്‍

ഏഥന്‍സ്: ആഴ്ചകള്‍ക്ക് ശേഷം രാജ്യത്തെ ബേങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഗ്രീക്ക് സര്‍ക്കാര്‍ ഉത്തരവിട്ടു. വന്‍തോതിലുള്ള പണം പിന്‍വലിക്കലിനെത്തുടര്‍ന്ന് ബേങ്കിംഗ് സമ്പദ്രായം തകരാതിരിക്കാനാണ് മൂന്ന് ആഴ്ച മുമ്പ് ബേങ്കുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍നിന്നും രക്ഷിക്കാന്‍ വായ്പയെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് അടുത്ത ആഴ്ച പുതിയ ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെയാണ് ബേങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കാബിനറ്റ് പുനഃസംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാര്‍ അധികാരമേറ്റു. കടുത്ത നിര്‍ദേശങ്ങളോടെയുള്ള വായ്പ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സിപ്രാസിന്റെ സിരിസ പാര്‍ട്ടിയിലെ ഈ മന്ത്രിമാര്‍ വിമത ശബ്ദം പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് ഇവരെ നീക്കിയത്. ഊര്‍ജ മന്ത്രി പനാഗിയോട്ടിസ് ലഫസാനിസിനും രണ്ട് സഹമന്ത്രിമാര്‍ക്കുമാണ് സ്ഥാനം നഷ്ടമായത്. ഇന്നലെ ചേര്‍ന്ന പുതിയ കാബിനറ്റ് യോഗം ആദ്യം തീരുമാനിച്ചത് പണം പിന്‍വലിക്കലിന് നിയന്ത്രണമേര്‍പ്പെടുത്തി ബേങ്കുകള്‍ തുറക്കാനാണ്.

Latest