Connect with us

Gulf

മതത്തിന്റേയോ ജാതിയുടേയോ പേരില്‍ വിവേചനം കാണിച്ചാല്‍ 10 വര്‍ഷം വരെ തടവ്

Published

|

Last Updated

അബുദാബി: മതത്തിന്റേയോ ജാതിയുടേയോ വര്‍ഗത്തിന്റേയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നവര്‍ക്ക് ആറുമാസം മുതല്‍ 10 വര്‍ഷം വരെ തടവ്. 50,000 മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയും ഒടുക്കണം. ഇന്നലെ മുതല്‍ നിയമം രാജ്യത്ത് പ്രാബല്യത്തിലായിട്ടുണ്ട്. മതം, ജാതി, വംശം, വര്‍ഗം, നിറം, പ്രദേശം എന്നിവയുള്‍പെടെയുള്ളവയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള വിവേചനം കാണിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമം നടപ്പാക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഏത് രീതിയിലുള്ള വെറുപ്പും നിയമത്തിന്റെ പരിധിയില്‍വരും. സാമൂഹിക മാധ്യമം ഉള്‍പെടെയുള്ളവ നിയമത്തിന്റെ പരിധിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. വിവേചനത്തിനും വിദ്വേഷത്തിനും ഇടയാക്കുന്നവ പറയുകയോ, എഴുതുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരാണ് നിയമ പ്രകാരം കുറ്റക്കാരായി കണക്കാക്കുക. പത്ര- ദൃശ്യമാധ്യമങ്ങള്‍ക്ക് പുറമെ വെറുപ്പിന് ആഹ്വാനം ചെയ്യുന്നതോ അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ, മഹത്വവല്‍ക്കരിക്കുന്നതോ ആയ പുസ്തകങ്ങള്‍, ലഘുലേഖകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവയെയും ഉള്‍പെടുത്തിയാണ് സമഗ്ര നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഏതെങ്കിലും മതത്തിലുള്ളവര്‍ അവിശ്വാസികളാണെന്ന് പറഞ്ഞാലും നിയമ പ്രകാരം ശിക്ഷക്ക് അര്‍ഹരാവും.
ഏതെങ്കിലും മതത്തിന്റെ ദൈവത്തേയോ പ്രവാചകന്മാരെയോ വിശുദ്ധ ഗ്രന്ഥങ്ങളേയോ ആരാധനാലയങ്ങളേയോ, മഹാത്മാക്കളേയോ ഖബറിടങ്ങളെയോ കുറിച്ച് വെറുപ്പ് ഉണ്ടാക്കുന്നതോ, അപമാനിക്കത്തക്കരീതിയിലുള്ളതോ ആയ പരാമര്‍ശം നടത്തുന്നവരെയും ശിക്ഷിക്കാന്‍ നിയമം വ്യവസ്ഥചെയ്യുന്നു.
യു എ ഇ സാമൂഹിക വ്യവസ്ഥയില്‍ മതസൗഹാര്‍ദവും സാമൂഹികമായ പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മതഗ്രന്ഥങ്ങള്‍ ആരാധനാലയങ്ങള്‍, വിശുദ്ധവും പുണ്യവുമെന്ന് പരിഗണിക്കപ്പെടുന്ന സ്ഥലങ്ങള്‍ ചിഹ്നങ്ങള്‍ തുടങ്ങിയ നശിപ്പിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ കുറ്റക്കാരായി കണക്കാക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികം ഉള്‍പെടെയുള്ള സഹായ-സഹകരണങ്ങള്‍ നല്‍കുന്നവരെയും നിയമം വെറുതെവിടില്ല. വിവേചനവും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട് യോഗം ചേരുക, സമ്മേളനം നടത്തുക തുടങ്ങിയവയും നിയമത്തിന്റെ പരിധിയില്‍ഉള്‍പെടുത്തിയിട്ടുണ്ട്. ശൈഖ് ഖലീഫ പ്രഖ്യാപിച്ച പുതിയ നിയമത്തെ സ്വാഗതം ചെയ്യുന്നതായി ദുബൈ പോലീസ് വ്യക്തമാക്കി.