Connect with us

Palakkad

തുടിക്കല്‍ കനാല്‍ അപകടാവസ്ഥയില്‍

Published

|

Last Updated

കൊപ്പം: തകര്‍ന്ന കനാല്‍ തലക്കുമീതെ വീഴുമോയെന്ന ഭീതിയില്‍ വിളയൂര്‍ പഞ്ചായത്തിലെ കണ്ടത്തൊടി കോളിയില്‍ 100 കുടുംബങ്ങളാണ് ദുരിതത്തില്‍ കഴിയുന്നത്. പ്രദേശത്ത്കൂടി കടന്നുപോകുന്ന തുടിക്കല്‍ കനാല്‍ തകര്‍ച്ചാഭീഷണിയിലായിട്ട് വര്‍ഷങ്ങളായി.
ഏത് സമയവും നിലംപൊത്താറായ കനാലിന് താഴെയും പരിസരത്തുമായി 100 കുടുംബങ്ങളാണ് ജീവന്‍പണയം വെച്ച് കഴിയുന്നത്. തുടിക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ തൂതപ്പുഴയില്‍ നിന്ന് വിതരണം ചെയ്യുന്ന ജലസേചന പദ്ധതിയുടെ കനാല്‍ കോണ്‍ക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ച്ചാ ഭീഷണിയിലാണ്.
പൊട്ടിപ്പൊളിഞ്ഞ കനാലിന്റെ കല്ല് വീണ് വീടുകള്‍ക്ക് കേട് പറ്റുന്നുണ്ട്. പാറമ്മല്‍-പാങ്ങത്തൊടി, ഉരുണിയന്‍പുലാവ് റോഡിലൂടെ യാത്ര ചെയ്യാനും പറ്റാത്ത സ്ഥിതിയാണ്. വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാരുടെയും തലക്ക്മീതെ—കല്ലും കമ്പിയും അടര്‍ന്ന് വീണ് അപകടം നിത്യസംഭവമാണ്. 15 അടി ഉയരമുള്ള തകര്‍ന്ന കനാലിന് മുകളിലൂടെ വിദ്യാര്‍ഥികളുടെ കാല്‍നട യാത്രയും അപകടം വര്‍ധിപ്പിക്കുന്നു.
36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച കനാല്‍ കാലപ്പഴക്കം മൂലം കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ പുറത്ത് കാണാന്‍ തുടങ്ങിയതിന് പുറമെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. തുടിക്കല്‍ ഭാഗത്തെ കേടായ തൂണുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അറ്റകുറ്റപണി നടത്തിയെങ്കിലും കണ്ടത്തൊടി, കണിയറാവ് ഭാഗങ്ങളിലെ തൂണുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ജലവിതരണ സമയങ്ങളില്‍ കനാലിന് ചോര്‍ച്ചയുള്ളതായും നാട്ടുകാര്‍ പറയുന്നു. 1979ല്‍ അന്നത്തെ മന്ത്രി എം കെ രാഘവനാണ് തുടിക്കല്‍ പദ്ധതി തറക്കല്ലിട്ടത്. വിളയൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറന്‍മേഖലയിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ജലസേചനം ലക്ഷ്യമിട്ട് 1983ല്‍ ഉദ്ഘാടനം നടത്തിയ പദ്ധതിയുടെ മോട്ടോര്‍പുര നവീകരണം അവസാനഘട്ടത്തിലാണ്.
സി പി മുഹമ്മദ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 42 ലക്ഷം രൂപ ചെലവിട്ട് നടത്തുന്ന പണിയില്‍ 110 കുതിരശക്തിയുള്ള മൂന്ന് മോട്ടോറുകള്‍ സ്ഥാപിച്ച് റണ്‍ബൈ ആയി ഉപയോഗിക്കാന്‍ വിഭാവനം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം നടക്കാനിരിക്കയാണ്. കാലപ്പഴക്കത്താല്‍ പൂര്‍ണ്ണമായും കേടായ കനാല്‍ വഴി ജലവിതരണം നടത്തുന്നത് അപകടകരമാകുമോയെന്നാണ് ആശങ്ക.
അപകടാവസ്ഥയിലായ കനാല്‍ അറ്റകുറ്റപണി നടത്തുകയോ പുതിയത് നിര്‍മിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest