Connect with us

Gulf

റമസാന്‍: അബുദാബി നഗരസഭ വിതരണം ചെയ്തത് 2,380 ടണ്‍ ധാന്യങ്ങള്‍

Published

|

Last Updated

അബുദാബി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നു

അബുദാബി: വിശുദ്ധ റമസാന്‍ മാസത്തില്‍ അബുദാബി നഗരസഭയുടെ ആഭിമുഖ്യത്തില്‍ സ്വദേശികള്‍ക്കായി വിതരണം ചെയ്തത് 2,380 മെട്രിക് ടണ്‍ ധാന്യങ്ങള്‍. 1,700 ടണ്‍ അരിയും 680 ടണ്‍ ഗോതമ്പുമാണ് വിതരണം ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടൊപ്പം ഏഴു ലക്ഷം പെട്ടി ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തിട്ടുണ്ട്.
നഗരസഭയുടെ കീഴിലുള്ള വിതരണ കേന്ദ്രങ്ങള്‍ വഴിയാണ് റമസാനില്‍ ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി വിതരണം ചെയ്തത്. 37,348 പെട്ടി ഭക്ഷ്യ എണ്ണയും 9,500 പെട്ടി ഭക്ഷ്യവസ്തുക്കളും 10,750 പെട്ടി പാലും 6,650 പെട്ടി മക്രോണിയും 5,310 പെട്ടി ചായയും 10,500 പെട്ടി ടിഷ്യൂ പേപ്പറും 10,284 പെട്ടി ഈത്തപ്പഴവും 5,41,580 പെട്ടി കുടിവെള്ളവും 15,498 പെട്ടി വിവിധ ഇനം ഭക്ഷ്യവസ്തുക്കളായ പഴച്ചാറുകള്‍, തക്കാളി സോസ് തുടങ്ങിയവയും വിതരണം ചെയ്തവയില്‍ ഉള്‍പെടും. രാജ്യത്തെ പൗരന്മാര്‍ക്ക് നോമ്പ്തുറ വിഭവ സമൃദ്ധമാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു വിതരണം.
ഓരോ വര്‍ഷവും പൗരന്മാര്‍ക്ക് പുതിയ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ നഗരസഭ ശ്രമിക്കാറുണ്ട്. വിംട്ടോ, സണ്‍ക്വിക്ക് സിറപ്പ്, ബീന്‍സ്, ചിക്ക് പിയ, കിഡ്‌നി ബീന്‍സ്, മക്രോണി, പാല്‍പൊടി തുടങ്ങിയ 74 വസ്തുക്കളാണ് വിതരണം ചെയ്തത്.

Latest