Connect with us

Gulf

പടിഞ്ഞാറന്‍ മേഖലയില്‍ ഷോപ്പിംഗ് മാളും പരമ്പരാഗത സൂഖുകളും നിര്‍മിക്കും

Published

|

Last Updated

പടിഞ്ഞാറന്‍ മേഖലയില്‍ നഗരസഭ നിര്‍മിക്കുന്ന ഷോപിംഗ് മാളിന്റെ രൂപരേഖ

അബുദാബി: പടിഞ്ഞാറന്‍ മേഖലയില്‍ ഷോപ്പിംഗ് മാളും രണ്ടു പരമ്പരാഗത സൂഖുകളും നിര്‍മിക്കാന്‍ തീരുമാനിച്ചതായി പടിഞ്ഞാറന്‍ മേഖലാ നഗരസഭാ അധികൃതര്‍ പ്രഖ്യാപിച്ചു. പ്രദേശത്തെ ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗാമായാണ് നഗരസഭ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
ഡല്‍മ ദ്വീപ്, ഗയാതി എന്നിവിടങ്ങളിലാണ് പരമ്പരാഗത സൂഖുകള്‍ നിര്‍മിക്കുക. പഴം, പച്ചക്കറി, മാംസം, മത്സ്യം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ സൂഖാണ് സ്ഥാപിക്കുക. 30,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് സൂഖുകള്‍ പണി കഴിപ്പിക്കുക. ഇതില്‍ ഡല്‍മാ ദ്വീപില്‍ പദ്ധതിയിട്ട സൂഖ് 13,000 ചതുരശ്ര മീറ്ററായിരിക്കും. പ്രദേശത്തിന്റെ പാരമ്പര്യവും പൈതൃകവും പ്രതിഫലിക്കുന്ന രീതിയിലായിരിക്കും രണ്ടു സൂഖുകളുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതോടൊപ്പം ആധുനിക സജ്ജീകരണങ്ങളും ഇവിടങ്ങളില്‍ ലഭ്യമാക്കും.
രണ്ടു സൂഖുകള്‍ക്കു പുറമെ, പ്രദേശത്ത് വിപുലമായ ഷോപ്പിംഗ് മാളും നിര്‍മിക്കാന്‍ നഗരസഭ പദ്ധതിയിട്ടുണ്ട്. 85,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് മാള്‍ നിര്‍മിക്കുക.
ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവത്തിന് പ്രദേശവാസികള്‍ക്ക് അവസരമൊരുക്കുന്നതോടൊപ്പം താമസ സൗകര്യമുള്ള ഫഌറ്റുകളും ഇവിടെ സൗകര്യപ്പെടുത്തും. പടിഞ്ഞാറന്‍ മേഖലയിലെ മദീനാ സായിദിലാണ് ഇത് നിര്‍മിക്കുക. തിയറ്റര്‍, പ്രദര്‍ശന ഹാള്‍, ലൈബ്രറി, റസ്റ്റോറന്റുകള്‍, കുട്ടികള്‍ക്കുള്ള വിനോദസൗകര്യങ്ങള്‍, നീന്തല്‍ കുളങ്ങള്‍, ഹെല്‍ത് ക്ലബ് തുടങ്ങിയ നിരവധി സൗകര്യങ്ങളും ഇവിടെ ലഭ്യമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Latest