Connect with us

Articles

ജി എസ് ടി: കോര്‍പറേറ്റുകള്‍ മേയാന്‍ വരുന്നു

Published

|

Last Updated

ചരക്കു സേവന നികുതി(ജി എസ് ടി) ലക്ഷ്യമിടുന്നത് ബഹുരാഷ്ട്ര കുത്തകകള്‍ക്കും ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കും സര്‍വതന്ത്ര സ്വതന്ത്രമായി മേയാന്‍ കഴിയുന്ന ഒരു ഏകീകൃത ഇന്ത്യന്‍ വിപണിയുടെ രൂപവത്കരണമാണ്. രാജ്യത്തെ ഒരു ഏകീകൃത വിപണിയാക്കും വിധം സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ നിലവിലുള്ള അസംഖ്യം പരോക്ഷ നികുതികളെയെല്ലാം ഒരൊറ്റ നികുതി സംവിധാനത്തില്‍ കൊണ്ടുവരാനുള്ള നീക്കം. വാജ്പയ് ഭരണകാലത്ത് തുടക്കമിട്ട മൂല്യവര്‍ധിത നികുതി(വാറ്റ്)യുടെ കൂടുതല്‍ വിപുലമായ ഒരു അവതാരമാണ് ജി എസ് ടി. വാറ്റ് ചരക്കുകള്‍ക്ക് മാത്രമായിരുന്നുവെങ്കില്‍ ജി എസ് ടി സേവനങ്ങള്‍ക്ക് കൂടി ബാധകമാണ്. ദേശീയ സമ്പദ്ഘടനയുടെ 60 ശതമാനത്തോളം സേവനങ്ങളില്‍ നിന്നായിരിക്കുന്ന സന്ദര്‍ഭത്തില്‍ ജി എസ് ടിയുടെ വൈപുല്യത്തെപ്പറ്റി ഊഹിക്കാവുന്നതേയുള്ളൂ.
2007-08 ബജറ്റ് സമയത്ത് സി പി എം നേതാവും പശ്ചിമ ബംഗാള്‍ ധനമന്ത്രിയുമായ അസിംദാസ് ഗുപ്തയുടെ നേതൃത്വത്തില്‍ ഇന്ത്യയാകെ ബാധകമായതും 2010 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്നതുമായ ഒരു ജി എസ് ടി മോഡലിനു വേണ്ടിയുള്ള നീക്കങ്ങള്‍ സജീവമായിരുന്നു. എന്നാല്‍ പ്രതിപക്ഷമായ ബി ജെ പിയുടെയും പ്രാദേശിക പാര്‍ട്ടികള്‍ നയിച്ച സംസ്ഥാന സര്‍ക്കാറുകളുടെയും എതിര്‍പ്പ് മൂലം ജി എസ് ടി നടപ്പാക്കാനുള്ള യു പി എ സര്‍ക്കാറിന്റെ ശ്രമങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്. നരേന്ദ്ര മോദി അധികാരത്തിലേറിയതോടെ കോര്‍പറേറ്റുകളും ബ്യൂറോക്രാറ്റുകളും ജി എസ് ടിക്ക് വേണ്ടി രംഗത്ത് വന്നു. അതോടെ, ബജറ്റ് വിറ്റ് കോഴപ്പണം സമ്പാദിച്ചു എന്ന പേരില്‍ ഇന്ത്യയില്‍ ഏറ്റവും കുപ്രസിദ്ധനായ കെ എം മാണിയെ തന്നെ ചെയര്‍മാനാക്കി ജി എസ് ടി നടപ്പാക്കാനുള്ള ഉന്നതാധികാര സമിതിയെ മോദി സജീവമാക്കുകയും ചെയ്തു.
എന്താണ് ജി എസ് ടി എന്നു നോക്കാം. ഉത്പാദകന്റെയും സേവന ദാതാവിന്റെയും തലം മുതല്‍ ചില്ലറ വില്‍പ്പന ഘട്ടം വരെയുള്ള വില്‍പ്പനകളുടെ അഥവാ കൈമാറ്റങ്ങളുടെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന “മൂല്യവര്‍ധന”വിന്റെ അടിസ്ഥാനത്തില്‍ സാധനങ്ങളിലും സേവനങ്ങളിലും നികുതി ചുമത്തുന്നതും അന്തിമമായി അത് ഉപഭോക്താക്കളില്‍ നിന്നും സമാഹരിക്കുന്നതുമാണ് ജി എസ് ടി. തങ്ങളേര്‍പ്പെടുന്ന കൈമാറ്റ പ്രക്രിയയിലൂടെ ഉണ്ടാകുന്ന മൂല്യവര്‍ധനവിന് മാത്രം നികുതി കൊടുത്താല്‍ മതി എന്നതുകൊണ്ട് കച്ചവടക്കാര്‍ക്കും ഇടനിലക്കാര്‍ക്കും ഇത് വലിയ നേട്ടമായിരിക്കും. നിര്‍മാണത്തിന്റെ ഘട്ടം മുതല്‍ വില്‍പ്പനയുടെയും ഉപഭോഗത്തിന്റെയും വിവിധ തലങ്ങളിലെല്ലാം ചരക്കുകളുടെയും സേവനത്തിന്റെയും മേല്‍ ചുമത്തുന്നതും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇപ്പോള്‍ ചുമത്തിവരുന്നതുമായ എല്ലാ പരോക്ഷ നികുതികളും അവസാനിപ്പിക്കുന്ന നികുതി പരിഷ്‌കാരമാണിത്. നിലവിലുള്ള കേന്ദ്ര- സംസ്ഥാന വില്‍പ്പന നികുതികള്‍, എക്‌സൈസ് ഡ്യൂട്ടികള്‍, സേവന നികുതികള്‍, വാറ്റ്, പ്രവേശ നികുതികള്‍ എന്നിവയടക്കം എല്ലാ നികുതികളും ഇല്ലാതാകും. ഇറക്കുമതി ചെയ്യുന്നവക്ക് കൂടി ജി എസ് ടി ബാധകമായിരിക്കും.
ഈ പരിഷ്‌കാരം നടപ്പായാല്‍ അതൊന്നുകൊണ്ട് മാത്രം ഇന്ത്യയുടെ നികുതി വരുമാനത്തില്‍ ഒരു ലക്ഷം കോടിയുടെയും ദേശീയ വരുമാനത്തില്‍ രണ്ട് ശതമാനത്തിന്റെയും വര്‍ധനവുണ്ടാകുമെന്നാണ് കോര്‍പറേറ്റ്‌വത്കരണ വക്താക്കള്‍ വാദിക്കുന്നത്. എന്നാല്‍, മോദി ഭരണകാലത്ത് ഇന്ത്യയില്‍ നടന്ന ജാതി വര്‍ഗീയ ആക്രമണങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പേരില്‍ മാത്രം 21. 73 ലക്ഷം കോടി രൂപ രാജ്യത്തിന് നഷ്ടമായിട്ടുണ്ട് എന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എക്കണോമിക്‌സ് ആന്റ് പീസ് എന്ന സംഘടന കണക്കാക്കിയിട്ടുള്ളത്. മാത്രമല്ല, സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടവും അവയുടെ അവകാശത്തിന്‍ മേലുള്ള കടന്നുകയറ്റവുമൊക്കെ ചര്‍ച്ചയായിട്ടുണ്ടെങ്കിലും രാജ്യത്തെ ജനകോടികളെ ജി എസ് ടി ബാധിക്കുന്ന കാര്യം ഗൗരവമായ ചര്‍ച്ചക്ക് വിഷയമായിട്ടില്ല.
ഈ സന്ദര്‍ഭത്തില്‍ ജി എസ് ടിക്ക് പിന്നിലെ നവ ഉദാരവത്കരണ ദൗത്യമെന്തെന്ന് തിരിച്ചറിയേണ്ടതുണ്ട്. ലോകതലത്തില്‍ ജി എസ് ടി എന്ന പരോക്ഷ നികുതി വ്യവസ്ഥയിലേക്ക് ചുവടുമാറാന്‍ ലോകബേങ്ക് അടക്കമുള്ള കേന്ദ്രങ്ങളെ പ്രേരിപ്പിക്കുന്നത് 1970കള്‍ മുതല്‍ ശക്തിപ്പെട്ട സ്റ്റാഗ്ഫ്‌ളേഷന്‍ എന്ന സാമ്പത്തിക പ്രതിസന്ധിയും അങ്ങനെ വിശാല ജനവിഭാഗങ്ങളുടെ ക്രയശേഷിയിലുണ്ടായ തകര്‍ച്ചയുമാണ്. തൊഴിലില്ലായ്മയും ദേശീയ വരുമാനത്തില്‍ വേതനവിഹിതം കുറഞ്ഞതും തൊഴിലാളികളുടെയും അധ്വാനിക്കുന്നവരുടെയും നികുതി കൊടുക്കാനുള്ള കഴിവിനെ ഇല്ലാതാക്കി. ഇതിന് പകരമായി സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്ന സമ്പന്ന കോര്‍പറേറ്റ് വിഭാഗങ്ങള്‍ക്കു മേല്‍ പ്രത്യക്ഷ നികുതികള്‍ ചുമത്തി വിഭവസമാഹരണം വര്‍ധിപ്പിക്കാന്‍ നവ ഉദാര സാമ്പത്തിക സമീപനത്തിന് കഴിയില്ലല്ലോ. അങ്ങനെയായപ്പോള്‍ മൂലധനകേന്ദ്രങ്ങള്‍ക്ക് അഭികാമ്യം രണ്ട് ദിശയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് വന്നു. ഒന്ന് നികുതി സമാഹരണത്തിലെ കുറവ് ചൂണ്ടിക്കാട്ടി സാമൂഹിക ചെലവുകള്‍ കുത്തനെ വെട്ടിക്കുറക്കുക, രണ്ട്, നടപ്പാക്കാന്‍ എളുപ്പമുള്ളതും നികുതിഭാരം സാധാരണക്കാരില്‍ കേന്ദ്രീകരിക്കുന്നതുമായ വാറ്റ്, ജി എസ് ടി പോലുള്ള പരോക്ഷ നികുതി സമ്പ്രദായങ്ങള്‍ പ്രയോഗിക്കുക.
ഇന്ത്യയിലാകെയുള്ള വിവിധങ്ങളായ പരോക്ഷ നികുതികളെല്ലാം ജി എസ് ടി എന്ന ഏകീകൃത സംവിധാനത്തില്‍ കൊണ്ടുവരുന്നതിലൂടെ കോര്‍പറേറ്റുകള്‍ക്ക് വിഭവ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പല തടസ്സങ്ങളും ഒഴിവാകുന്നതാണ്. അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തനത്തിനു ശ്രമിക്കുന്ന ഒരു കോര്‍പറേറ്റ് കമ്പനിക്ക് ഇന്നിപ്പോള്‍ ഓരോ സംസ്ഥാനത്തും നിലവിലുള്ള വില്‍പ്പന നികുതി വകുപ്പുകളുടെ വ്യത്യസ്തമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ട സാഹചര്യമാണുള്ളത്. എന്നാല്‍, ജി എസ് ടി നടപ്പിലാകുന്നതോടെ ഇന്ത്യയിലെവിടെയും പ്രവര്‍ത്തിക്കുന്നതിന് കേവലം ഒരു രജിസ്‌ട്രേഷനിലൂടെ തന്നെ കഴിയും. ഓരോ സംസ്ഥാനത്തിന്റെയും നികുതി രജിസ്‌ട്രേഷന്‍ പ്രക്രിയയിലൂടെ കടന്നുപോകേണ്ടിവരില്ല. ലോകബേങ്ക് ആവശ്യപ്പെടുന്ന നികുതി പരിഷ്‌കാരത്തിലെ ഒരു പ്രധാന ഘടകവും ഇതാണ്.
അതേസമയം, മറുവശത്തോ? പ്രാദേശികവും അസംഘടിത മേഖലയില്‍ പെടുന്നതും അതേസമയം, ഇന്നും ഇന്ത്യയുടെ മൊത്തം തൊഴിലിന്റെ 93 ശതമാനത്തിലധികം സൃഷ്ടിക്കുന്നതുമായ ചെറുകിട, ഇടത്തരം മേഖലകള്‍ ജി എസ് ടി മൂലം വിനാശകരമായ സ്ഥിതിയായിരിക്കും അഭിമുഖീകരിക്കേണ്ടിവരിക. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് അക്കൗണ്ടുകള്‍ ക്രമപ്പെടുത്തി വാറ്റ് കൊടുക്കുന്ന രസീതികളടക്കം സമര്‍പ്പിക്കാന്‍ കഴിയാതെ വരുന്ന അനൗപചാരിക അസംഘടിത മേഖലകളിലെ ദശലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങള്‍ വിപണന മേഖലകളില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കപ്പെടും. കുത്തകകള്‍ കൈയടക്കാന്‍ വെമ്പുന്ന വിപണമേഖലകളാണിവ. ഇത് രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന കാര്‍ഷികത്തകര്‍ച്ചയെയും തൊഴിലില്ലായ്മയെയും ശക്തമാക്കുകയും ചെയ്യും.
140 രാജ്യങ്ങളെങ്കിലും ജി എസ് ടി നടപ്പാക്കിയിട്ടുണ്ട്. നികുതി ഭാരത്തില്‍ നിന്ന് സാധാരണ ജനങ്ങള്‍ക്ക് ഒരു നിലക്കും ഒഴിവാകാന്‍ കഴിഞ്ഞില്ല. ഇതുമൂലം സര്‍ക്കാറിന്റെ നികുതി വരുമാനം വര്‍ധിക്കുകയുണ്ടായി. എന്നാല്‍, കോര്‍പറേറ്റ് കമ്പനികളുടെ നികുതി ബാധ്യതകള്‍ കുത്തനെ കുറയുന്നതായാണ് ഇവിടങ്ങളില്‍ കണ്ട അനുഭവം. കൂടുതല്‍ പേര്‍ നികുതിയുടെ വലയിലാകുന്നതോടെ നിലവിലുള്ള നികുതി നിരക്കുകളെക്കാള്‍ കുറഞ്ഞ നിരക്കാകും ജി എസ് ടിയുടെത്. ഇന്ത്യയിലിപ്പോഴുള്ള പരോക്ഷ നികുതികളുടെ ശരാശരി നിരക്ക് 20 ശതമാനമാണെങ്കില്‍ ജി എസ് ടി നടപ്പാക്കുന്നതോടെ 12-15 ശതമാനമാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇതുവഴി സംസ്ഥാന സര്‍ക്കാറുകള്‍ക്കാകും കനത്ത നികുതി നഷ്ടം നേരിടേണ്ടിവരിക. ഇത് പരിഹരിക്കാനാണ് കുറഞ്ഞൊരു കാലത്തേക്ക് സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനുള്ള ചില നിര്‍ദേശങ്ങള്‍ കൂടി മുന്നോട്ട് വെച്ചിരിക്കുന്നത്.
ഒരു കേന്ദ്രത്തില്‍ മാത്രം നികുതി കൊടുത്താല്‍ ഇന്ത്യയിലെവിടെയും നിരങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന കോര്‍പറേറ്റ് മുതലാളിമാരെ തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ തയ്യാറായി നില്‍ക്കുകയാണ്. ഉത്പാദകന്റെയും വില്‍പ്പനക്കാരന്റെയും സേവന ദാതാവിന്റെയും വേഷം കെട്ടുന്ന കോര്‍പറേറ്റുകള്‍ മൂല്യ/വില വര്‍ധനവിന് മാത്രം നികുതിയൊടുക്കുമ്പോള്‍ നിരവധി തട്ടുകളില്‍ നടക്കുന്ന മൂല്യവര്‍ധിത നികുതികളുടെയെല്ലാം സമാഹാരമായ മുഴുവന്‍ നികുതി ഭാരവും അന്തിമ ഉപഭോക്താവായ സാധാരണക്കാരുടെ ചുമലുകളിലാകും വീഴുക.
സംസ്ഥാന സര്‍ക്കാറുകളുമായി എങ്ങനെയും സന്ധിയുണ്ടാക്കി അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ ജി എസ് ടി കൊണ്ടുവരാനുള്ള തത്രപ്പാടിലാണ് മോദിയും അരുണ്‍ ജെയ്റ്റ്‌ലിയും. ഇത് നടപ്പാക്കാനുള്ള ഉന്നതാധികാര സമിതിയുടെ ചെയര്‍മാനായി ധമന്ത്രിമാരില്‍ ഏറ്റവും പിന്തിരിപ്പനായ കെ എം മാണിയെ അവരോധിച്ചത് കോര്‍പറേറ്റുകളുടെ താത്പര്യം മുന്നില്‍ മുന്നില്‍ കണ്ടാണ്. യൂനിയന്‍ കാര്‍ബൈഡിന്റെ വക്കാലത്തുകാരനെന്ന നിലയില്‍ കോര്‍പറേറ്റുകാരുടെ സേവക്കു വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തയാളാണ് അരുണ്‍ ജെയ്റ്റ്‌ലി. അതിനാല്‍, ജി എസ് ടി നടപ്പാക്കാന്‍ ഇതുതന്നെ സമയമെന്ന് കുത്തകകളും കരുതുന്നു. ജി എസ് ടി നിലവില്‍ വരുന്നതോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നികുതി സമാഹരണം മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭവ സമാഹരണവും അതിന്റെ ഉറവിടങ്ങളുമെല്ലാം നിയന്ത്രിക്കുന്നത് കേന്ദ്രീകൃത ജി എസ് ടി സംവിധാനമായിരിക്കും.