Connect with us

Editorial

രാജ്പത് സമിതി ശിപാര്‍ശകള്‍

Published

|

Last Updated

ഇന്ത്യന്‍ സ്ത്രീകളുടെ നിലവാരം ഉയര്‍ത്തുന്നതിനെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ഡോ. പാം രാജ്പതിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി തിങ്കളാഴ്ച പുറത്തിറക്കുകയുണ്ടായി. തലാഖ് മുഖേന വിവാഹം വേര്‍പ്പെടുത്തുന്ന ഇസ്‌ലാമിക രീതി ഏകപക്ഷീയമാണെന്നും നിരോധിക്കണമെന്നുമാണ് സമിതിയുടെ ശിപാര്‍ശകളിലൊന്ന്. വേശ്യാവൃത്തി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്നും വേശ്യാവൃത്തിക്ക് നിര്‍ബന്ധിതരാകുന്ന സ്തീകളെ ഇരകളായി കാണണമെന്നുമാണ് മറ്റൊന്ന്. ആണ്‍കുട്ടികളുടെ വിവാഹ പ്രായ പരിധി 21ല്‍ നിന്ന് 18 ആയി ചുരുക്കുക, സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കുക, ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകൃത്യമായി കാണുക, രജിസ്റ്റര്‍ വിവാഹത്തിന് രജിസ്ട്രാര്‍ ഓഫീസില്‍ നോട്ടീസ് പതിക്കുന്ന സമ്പ്രദായം ഉപേക്ഷിക്കുകയോ സാധ്യമല്ലെങ്കില്‍ എതിര്‍ പരാതി ബോധിപ്പിക്കാനുള്ള സമയ പരിധി ഒരു മാസത്തില്‍ നിന്ന് ഒരാഴ്ചയായി ചുരുക്കുകയോ ചെയ്യുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍. 2013 മെയില്‍ യു പി എ സര്‍ക്കാറാണ് സമിതിയെ നിയോഗിച്ചത്.
മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നുണ്ട് ഇന്ത്യന്‍ ഭരണഘടന. ഇതടിസ്ഥാനത്തില്‍ ശരീഅത്തനുസരിച്ചു ജീവിക്കാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ട്. ത്വലാഖ് മുഖേനയുള്ള വിവാഹമോചനം ശരീഅത്ത് നിര്‍ദേശിച്ചതാണ്. ഇത് ഏകപക്ഷീയമാണെന്ന ധാരണ ത്വലാഖിനെ സംബന്ധിച്ച അജ്ഞതയില്‍ നിന്നാണ് ഉടലെടുക്കുന്നത്. വിവാഹിതരാകുന്ന സ്ത്രീയും പുരുഷനും വ്യത്യസ്ത ചുറ്റുപാടുകളില്‍ നിന്നുള്ളവരും വിഭിന്ന മനോഭാവക്കാരുമായിരിക്കും. കാലാന്തരത്തില്‍ അവരുടെ ബന്ധത്തില്‍ അസംതൃപ്തിയും പൊട്ടലും ചീറ്റലും ഉടലെടുക്കുകയും ഒരു വിധേനയും അത് മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത സ്ഥിതി സംജാതമാകുകയും ചെയ്‌തേക്കാം. ഈ ഘട്ടത്തിലാണ് ത്വലാഖിന് ഇസ്‌ലാം പുരുഷന് അനുമതി നല്‍കുന്നത്. ഇതുപോലെ ഭര്‍ത്താവുമായി തീരെ പൊരുത്തപ്പെട്ടു പോകാന്‍ പറ്റില്ലെങ്കില്‍ ബന്ധം വിഛേദിക്കാന്‍ സ്തീക്കും ഇസ്‌ലാം അവസരം നല്‍കുന്നുണ്ട്. ഒരിക്കലും ഏകപക്ഷീയമല്ല വിവാഹമോചനത്തിലേതുള്‍പ്പെടെ ഇസ്‌ലാമിക നിയമങ്ങളൊന്നും.
ലോകചരിത്രത്തിലെ ഏറ്റവും ദാരുണമായ പകര്‍ച്ചവ്യാധി എന്ന് വിശേഷിപ്പിക്കപ്പെടുന്ന എയ്ഡ്‌സിനും മാരകമായ പല രോഗങ്ങള്‍ക്കും പ്രധാന കാരണം വേശ്യാവൃത്തി, സ്വവര്‍ഗരതി പോലുള്ള ലൈംഗികാരാജകത്വമാണെന്ന് ആരോഗ്യ ശാസ്ത്രം മുന്നറിയിപ്പ് നല്‍കിയതാണ് . ലൈംഗിക സദാചാരമാണ് ഇവയെ നിര്‍മാര്‍ജനം ചെയ്യാനും പ്രതിരോധിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും അവര്‍ നിര്‍ദേശിക്കുന്നു. 1981ല്‍ അമേരിക്കയിലെ ലോസ് ഏഞ്ചന്‍സില്‍ സ്വവര്‍ഗരതിക്കാരായ അഞ്ച് യുവാക്കളിലാണ് ലോകത്ത് ആദ്യമായി എയ്ഡ്‌സ് കണ്ടെത്തുന്നത് തന്നെ. എച്ച് ഐ വി വൈറസ് ബാധക്കുള്ള സാധ്യത സാധാരണക്കാരെ അപേക്ഷിച്ച് സ്വവര്‍ഗ പ്രേമികളില്‍ 20 ശതമാനം കൂടുതലാണെന്നും ചില രാജ്യങ്ങളില്‍ നൂറ് ശതമാനം വരെ വരുമെന്നും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ക്രിസ്‌ബെയ്റ്റും സംഘവും നടത്തിയ പഠനം കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചു നടന്ന മറ്റു പല പഠന ഫലങ്ങളും സമാനമായിരുന്നു. എന്നിട്ടും സ്വവര്‍ഗരതിക്കും വേശ്യാവൃത്തിക്കും അനുമതി നല്‍കണമെന്ന സമിതിയുടെ ശിപാര്‍ശക്ക് പിന്നിലെ ചേതോവികാരമാണ് മനസ്സിലാകാത്തത്.
മാതാപിതാക്കളുടെയും സമൂഹത്തിന്റെയും സമ്മതമില്ലാതെ നടക്കുന്ന വിവാഹങ്ങളാണ് സബ് രജിസ്ട്രാര്‍ ഓഫീസ് മുഖേന നടക്കുന്നവയില്‍ ഏറെയും. ഇവയില്‍ നല്ലൊരു പങ്കും സെക്‌സ് റാക്കറ്റിലെ കണ്ണികള്‍ പെണ്‍കുട്ടികളെ വശീകരിച്ചു തരപ്പെടുത്തുന്നവയാണ്. വിവാഹാനന്തരം ഈ പെണ്‍കുട്ടികളെ ഉപയോഗിച്ചു വേശ്യാവൃത്തി നടത്തുകയോ അവരെ വേശ്യാലയ നടത്തിപ്പുകാര്‍ക്ക് കൈമാറ്റം ചെയ്യുകയോ ആണ് പലപ്പോഴും ചെയ്യുന്നത്. അത്തരക്കാരുടെ കൈകളില്‍ അകപ്പെടുന്ന പെണ്‍കുട്ടികളുടെ ജീവിതം എന്നും ദുരിതപൂര്‍ണമായിരിക്കും. ഒരു തിരിച്ചുവരവിനു തരമില്ലാത്ത വിധം അവരുടെ ഭാവി ഇരുളടയും. ഇതുപോലുള്ള വഞ്ചകരില്‍ നിന്നും റാക്കറ്റുകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്‍ സഹായകമാണ് രജിസ്റ്റര്‍ വിവാഹം ഒരു മാസം മുമ്പ് പരസ്യപ്പെടുത്തണമെന്ന ചട്ടം. പെണ്‍കുട്ടികളുടെ നന്മ ലക്ഷ്യമാക്കിയാണ് രജിസ്റ്റര്‍ വിവാഹത്തില്‍ ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. ഇത് എടുത്തുകളയുന്നത് സെക്‌സ് റാക്കറ്റുകള്‍ക്കും ദുഷ്ടലാക്കോടെ വിവാഹം ചെയ്യുന്നവര്‍ക്കും സഹായകമാകുമെന്നല്ലാതെ സ്ത്രീ സമൂഹത്തിന് ഒരു ഗുണവും ചെയ്യില്ല. മാത്രമല്ല വന്‍ ഭവിഷ്യത്തിന് വഴിവെക്കുകയും ചെയ്യും.
ഫെമിനിസത്തിന്റെ സ്വാധീനം പ്രകടമാണ് രാജ്പത് സമിതിയുടെ മിക്ക നിര്‍ദേശങ്ങളിലും. ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ് ഫ്രാന്‍സില്‍ നിന്നുടലെടുത്ത പക്ഷപാതപരമായ ഈ സ്ത്രീത്വ വാദ സിദ്ധാന്തത്തിന് സ്തീകളുടെ നിലവാരം ഉയര്‍ത്തുന്നതിനോ സംതൃപ്തവും സ്വസ്ഥവുമായ ഒരു ജീവിതം സമ്മാനിക്കുന്നതിനോ സാധിച്ചിട്ടില്ല. മൂല്യവത്തായ ഒരു ജീവിത പാരമ്പര്യമുള്ള ഇന്ത്യന്‍ ജനതയെ, പടിഞ്ഞാറിന്റെ ലൈംഗിക ജീര്‍ണതയിലേക്ക് തള്ളിവിടുന്ന സമിതി ശിപാര്‍ശകള്‍ ഒരിക്കലും അംഗീകരിച്ചു കൂടാത്തതാണ്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നു വരേണ്ടതുണ്ട്.

Latest