Connect with us

Kozhikode

ജില്ലാ സെക്രട്ടറിയുടെ അറസ്റ്റ്; നിയമ വാഴ്ചയോടുള്ള വെല്ലുവിളി: എസ് എസ് എഫ്‌

Published

|

Last Updated

കോഴിക്കോട്: എസ് എസ് എഫ് ജില്ലാ സെക്രട്ടറി റിയാസിനെതിരായ പോലീസ് നടപടി നിയമവാഴ്ചയോടുളള വെല്ലുവിളിയാണെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി, ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് എന്നിവര്‍ കുറ്റപ്പെടുത്തി.
കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുന്ന പ്രാകൃത സ്വഭാവത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കേരള പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ഇനിയും സാധിച്ചിട്ടില്ലെന്നതിന്റെ തെളിവ് കൂടിയാണിത്. ബന്ധുക്കള്‍ ഉള്‍പ്പെട്ട തല്ലു കേസില്‍ യാദൃച്ഛികമായി സംഭവസ്ഥലത്തെത്തിയ റിയാസിനെ പോലീസ് അകാരണമായി പിടികൂടുകയായിരുന്നു. സംഭവത്തിന് സാക്ഷികളായ അനേകമാളുകള്‍ ഇത് സ്ഥിരീകരിക്കുന്നുമുണ്ട്.
റിയാസിനെ കസ്റ്റഡിയില്‍ വെച്ച് പ്രശ്‌നത്തിലുള്‍പ്പെട്ട ബന്ധുക്കളെ സ്റ്റേഷനിലെത്തിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമാണ് പോലീസ് പ്രയോഗിച്ചത്. ഇത് ഫലം കാണാതെ വന്നപ്പോള്‍ കുറ്റം റിയാസിന്റെ തലയില്‍ കെട്ടിവെക്കുകയാണുണ്ടായത്. നിയമവ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്താന്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ വഴിവെക്കൂ.
യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ സാധിക്കാത്ത നാദാപുരം പോലീസിന്റെ കഴിവുകേട് മറച്ചുവെക്കാനാണ് നിരപരാധിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചിരിക്കുന്നത്. അനീതി പ്രവര്‍ത്തിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.