Connect with us

Kerala

മുല്ലപ്പെരിയാറിന് കമാന്‍ഡോ സുരക്ഷ

Published

|

Last Updated

>>മന്ത്രിസഭാ തീരുമാനം ഐ ബി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍

>>124 അംഗ സായുധ സംഘം

>>ഉപകരണങ്ങള്‍ വാങ്ങുന്നതിന് 85 ലക്ഷം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പ്രത്യേക സുരക്ഷാസംഘത്തെ നിയോഗിക്കാന്‍ മന്ത്രിസഭാ തീരുമാനം. കമാന്‍ഡോകളടങ്ങുന്ന 124 അംഗ സംഘത്തെയാണ് നിയോഗിക്കുക. ഒരു അസിസ്റ്റന്റ് കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ 124 അംഗ സംഘമായിരിക്കും സുരക്ഷ ഉറപ്പാക്കുക. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തീവ്രവാദി സംഘടനകളുടെ ഭീഷണിയുണ്ടെന്ന ഐ ബി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേരളാപോലീസ് തന്നെയാണ് നിലവില്‍ സുരക്ഷാചുമതല വഹിക്കുന്നത്. സായുധ പൊലീസ് സംഘത്തിന്റെ സ്ഥിരം സംവിധാനമാകും ഇനി അണക്കെട്ടിന്റെ സുരക്ഷാ ചുമതല നിര്‍വഹിക്കുക. പോലീസും കമാന്‍ഡോകളുമടങ്ങുന്ന സായുധ സംഘത്തിനായിരിക്കും സുരക്ഷാ ചുമതല. സംഘത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി ആദ്യഘട്ടത്തില്‍ 85 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
അണക്കെട്ടിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അവിടെ കേന്ദ്ര സേനയെ നിയോഗിക്കണമെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സി ഐ എസ് എഫ് സുരക്ഷ വേണമെന്നായിരുന്നു തമിഴ്‌നാട് നിലപാട്. 2014 ആഗസ്റ്റ് 16നാണ് മുല്ലപ്പെരിയാര്‍ ഡാമിന് തീവ്രവാദ ഭീഷണിയുണ്ടെന്ന് ഐ ബി റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ചാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാക് ഭീകര സംഘടനകളുടെ ആക്രമണ ഭീഷണിയുണ്ടെന്ന്് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്യിബ തുടങ്ങിയ ഭീകര സംഘടനകളാണ് അണക്കെട്ട് ആക്രമിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ് ഉണ്ടെന്നും തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ക്രമസമാധാനമെന്നത് സംസ്ഥാന സര്‍ക്കാറിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും കേരള സര്‍ക്കാര്‍ ആവശ്യപ്പെടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ സാധിക്കില്ലെന്നുമുള്ള നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.
തമിഴ്‌നാടിന്റെ വാദമുഖങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സുപ്രീംകോടതി കേരളത്തിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ഒരു മാസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേരളത്തിന്റെ പുതിയ തീരുമാനം.
ഓണക്കാലത്ത് വിപണിയില്‍ ഇടപെടാന്‍ 100 കോടി രൂപ അനുവദിച്ചു. ഇതില്‍ 68 കോടി സിവില്‍ സപ്ലൈസിനും 25 കോടി കണ്‍സ്യൂമര്‍ ഫെഡിനും ഏഴ് കോടി ഹോര്‍ട്ടികോര്‍പ്പിനുമായാണ് അനുവദിച്ചിട്ടുള്ളത്. വിപണി സ്വാധീനം ശക്തമാക്കിക്കൊണ്ട് ഓണവിപണിയെ നിയന്ത്രിക്കാന്‍ ഉതകുന്ന തരത്തില്‍ ഇപെടാന്‍ വേണ്ടിയാണ് 100 കോടി അനുവദിച്ചത്. ക്ഷേമ പെന്‍ഷനുകള്‍ ഉടന്‍ തന്നെ അനുവദിക്കാനും പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓണത്തിന് മുന്‍പ് സാമൂഹികപെന്‍ഷനുകള്‍ കൊടുത്തുതീര്‍ക്കാന്‍ 650 കോടി രൂപയും അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓണത്തിന് സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ അരി വീതം നല്‍കാനും തീരുമാനമായി. കൂടുതല്‍ തീരുമാനങ്ങള്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാകും.

Latest