Connect with us

Kozhikode

നൂതന രീതിയില്‍ ബൈക്ക് മോഷ്ടിക്കുന്ന കുട്ടിക്കള്ളന്‍മാര്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട്: ബൈക്ക് മോഷണ സംഘത്തിലെ മൂന്ന് കുട്ടിക്കള്ളന്‍മാര്‍ പിടിയില്‍. നഗരത്തിലെ പ്രധാന സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളെയാണ് മോഷണം നടത്തിയതിന് പന്നിയങ്കര എസ് ഐ അരുണ്‍ പ്രസാദും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
നൂതന രീതികളിലൂടെയാണ് വിദ്യാര്‍ഥിസംഘം മോഷണം നടത്തിയത്. ഇവര്‍ക്ക് മോഷണ സൂത്രം കിട്ടിയത് വാട്ട്‌സ്ആപ്പിലൂടെയാണ്. മൊബൈലുകളിലുള്ള വാട്‌സ് ആപ്പ് അപ്ലിക്കേഷനില്‍ താക്കോല്‍ ഇല്ലാതെ ബൈക്ക് സ്റ്റാര്‍ട്ടാക്കുന്ന വീഡിയോ കണ്ടിട്ടാണ് ഇവര്‍ ഈ രിതിയിലുള്ള മോഷണങ്ങള്‍ ആരംഭിച്ചത്.
കല്ലായ്, പന്നിയങ്കര, കണ്ണഞ്ചേരി ഭാഗങ്ങളില്‍ നിന്ന് ആറ് ബൈക്കുകള്‍ ഇവര്‍ മോഷ്ടിച്ചു. ഇതില്‍ മൂന്ന് ബൈക്കുകള്‍ പോലീസ് കണ്ടെടുത്തു. കല്ലായ് മുണ്ടങ്ങാളി പറമ്പത്ത് ഡി കെ രജ്ഞിത്തിന്റെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക്, വട്ടക്കിണര്‍ സറീന മന്‍സില്‍ കെ ടി യഹിയബീരാന്റെ വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക്, പന്നിയങ്കര ഭാഗത്ത് നിന്നെടുത്ത ബൈക്കുമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. കളവ് നടത്തിയ മറ്റു ബൈക്കുകളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മോഷണ ശേഷം ബൈക്കുകളുടെ നമ്പര്‍ മാറ്റിയാണ് ഇവര്‍ ഉപയോഗിക്കുന്നത്. മോഷ്ടിച്ച ബൈക്കുകള്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാതെ ഏതെങ്കിലും വഴികളിലോ ഷോപ്പുകളുടെ വശങ്ങളിലോ നിര്‍ത്തിയിടാറാണ് പതിവെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇങ്ങനെ മോഷണം നടത്തിയ ബൈക്കുകള്‍ പൊളിച്ച് വില്‍ക്കാന്‍ ആളെ തിരയുമ്പോഴാണ് ഇവര്‍ പോലീസിന്റെ വലയിലായത്.
കോഴിക്കോട് നഗരത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബൈക്കുകള്‍ മോഷണം നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി എ വല്‍സന്റെ നിര്‍ദേശ പ്രകാരം സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ ജെ ബാബുവിന്റെ നേതൃത്വത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സി പി ഒമാരായ ഒ മോഹന്‍ദാസ്, ടി പി ബിജു, സി പി ഒമാരായ കെ ആര്‍ രാജേഷ്, അനീഷ് മുസേന്‍വിട്, കെ പി ഷജുല്‍ പന്നിയങ്കര പോലീസ് സ്റ്റേഷനിലെ സന്തോഷ് എന്നിവര്‍ ചേര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കള്ളന്‍മാര്‍ പിടിയിലായത്.