Connect with us

Kozhikode

ഷാഡോ പോലീസിനെ ആക്രമിച്ച സംഭവം: എസ് ഐ കോടതിയില്‍ കീഴടങ്ങി

Published

|

Last Updated

കോഴിക്കോട്: ചേവരമ്പലത്തെ ബസ് സ്റ്റോപ്പില്‍ പരസ്യമായി മദ്യപിച്ച ആറംഗ സംഘവും സിറ്റി ട്രാഫിക് എസ് ഐയും ചേര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഷാഡോ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന എസ് ഐ കോടതിയില്‍ കീഴടങ്ങി. കസബ പോലീസ് സ്‌റ്റേഷനിലേക്ക് സ്ഥലംമാറ്റപ്പെട്ട മുന്‍ ട്രാഫിക് എസ് ഐ പി ശ്രീനിവാസനാണ് കോടതിയില്‍ ഹാജരായത്. മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യില്‍ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം, അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയോടെ കോടതി ഇയാളെ ജാമ്യത്തില്‍വിട്ടു.
കേസില്‍ ഇതിനകം ചേവരമ്പലം സ്വദേശി വി സുശീല്‍കുമാര്‍, പറമ്പില്‍ ബസാര്‍ പെരിന്തലേരിപറമ്പില്‍ അജിത്കുമാര്‍, ചേവരമ്പലം വള്ളിച്ചേരി അജിത്കുമാര്‍, ചേവരമ്പലം കടക്കിനാരിയില്‍ നിഷാന്ത്, പ്രതീഷ് എന്നിവര്‍ ഇതിനകം അറസ്റ്റിലായിരുന്നു. സുശീല്‍കുമാര്‍ അറസ്റ്റിലാവുകയും ഒളിവിലായിരുന്ന മറ്റു നാല് പേര്‍ കോടതിയില്‍ കീഴടങ്ങുകയുമായിരുന്നു. രണ്ട് മാസമായി ഒളിവിലായിരുന്ന ഏഴാം പ്രതി എസ് ഐ ശ്രീനിവാസന്‍ കൂടി കീഴടങ്ങിയതോടെ കേസിലെ ഏഴ് പ്രതികളില്‍ ആറും അറസ്റ്റിലായി.
നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ ജോസി ചെറിയാന്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എസ് ഐയെ സസ്‌പെന്റ് ചെയ്തിരുന്നു. ഡ്യൂട്ടിക്ക് ഹാജരാകാത്തതിനാല്‍ ശ്രീനിവാസന്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് കൈപ്പറ്റിയിരുന്നില്ല.
കഴിഞ്ഞ മേയ് 22 ന് രാത്രി പത്തോടെ ചേവരമ്പലം കുടില്‍തോട് ബസ് സ്റ്റോപ്പിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബസ് സ്‌റ്റോപ്പില്‍ പരസ്യമായി മദ്യപിച്ച ആറംഗസംഘവും സ്ഥലത്തെത്തിയ സിറ്റി ട്രാഫിക്ക് എസ് ഐയും ചേര്‍ന്ന് ഡ്യൂട്ടിയിലുള്ള രണ്ട് സിറ്റി ഷാഡോ പോലീസുകാരെ മര്‍ദിച്ചെന്നാണ് കേസ്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട പരിശോധനക്കായി കുടില്‍തോടിലെത്തിയതായിരുന്നു ഷാഡോ പോലീസ്. മര്‍ദനത്തില്‍ പരുക്കേറ്റ ഷാഡോ പോലീസുകാരായ പ്രസാദ്, സനേഷ്‌കുമാര്‍ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കേസില്‍ സുശീല്‍കുമാര്‍ (44) തൊട്ടടുത്ത ദിവസം അറസ്റ്റിലായെങ്കിലും മറ്റു പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ജൂലൈ എട്ടിന് നാല് പ്രതികളും കഴിഞ്ഞ ദിവസം എസ് ഐയും കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

 

---- facebook comment plugin here -----

Latest