Connect with us

Kasargod

വലിയകൊവ്വല്‍ സിന്തറ്റിക് മൈതാനം ആഗസ്റ്റില്‍ പൂര്‍ത്തിയാകും

Published

|

Last Updated

തൃക്കരിപ്പൂര്‍: ഫുട്ബാള്‍ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നടക്കാവ് വലിയകൊവ്വല്‍ സിന്തറ്റിക് സ്‌റ്റേഡിയത്തിന്റെ നിര്‍മാണം പുരോഗമിച്ചുവരുന്നു. ഫുട്ബാള്‍ രംഗത്തിന് ഏറെ ഉത്തേജകമാകുമെന്ന് കരുതുന്ന ജില്ലയിലെ ഈ പ്രഥമ സംരംഭത്തിന്റെ ഉദ്ഘാടനം അടുത്തമാസം അവസാനത്തോടെ നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
തിരുവോണത്തിന് മുമ്പായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പങ്കെടുപ്പിച്ചുകൊണ്ട് ഉദ്ഘാടന പരിപാടി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. കേന്ദ്ര കായികമന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ജില്ലയില്‍ ആദ്യമായുള്ള കൃത്രിമ പുല്‍ത്തകിടി പിടിപ്പിച്ചുള്ള സ്‌റ്റേഡിയം ഒരുങ്ങുന്നത്. 2.08 കോടി രൂപ നിര്‍മാണ ചെലവുള്ള ഈ മൈതാനം ഡല്‍ഹി ആസ്ഥാനമായുള്ള ശിവ നരേഷ് കമ്പനിക്കാണ് നിര്‍മാണ ചുമതല. മൈതാനം കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് അടുത്തപടിയായി നടക്കേണ്ടത്. കോണ്‍ക്രീറ്റ് ചെയ്ത മൈതാനത്തിന്റെ മുകള്‍ഭാഗത്ത് സിന്തറ്റിക് ഷീറ്റുകള്‍ പിടിപ്പിച്ചാണ് സ്‌റ്റേഡിയം ഒരുക്കുന്നത്. മൈതാനത്തിന്റെ വടക്കും കിഴക്കും ഭാഗത്ത് ഡ്രൈനേജിന്റെ പ്രവൃത്തി പൂര്‍ത്തിയായി. ഇരുമ്പ് വേലി കെട്ടാനായി നാല് ഭാഗത്തും പൈപ്പുകള്‍ ഉറപ്പിച്ചു കഴിഞ്ഞു.
പദ്ധതി പൂര്‍ത്തിയായാല്‍ തൃക്കരിപ്പൂരും പരിസരങ്ങളിലുമുള്ള ഫുട്ബാള്‍ പ്രേമികളുടെ ചിരകാലാഭിലാഷമാണ് യാഥാര്‍ഥ്യമാകുക. ഇന്ത്യയിലെ തന്നെ മികച്ച ഫുട്ബാള്‍ ക്ലബ്ബുകളുടെയും കളിക്കാരുടെയും കളികള്‍ നേരിട്ടാസ്വദിക്കാനുള്ള അവസരം ഒരുങ്ങുമെന്നതിനാല്‍ ഏറെ പ്രതീക്ഷയിലാണ് കായികപ്രേമികള്‍.

Latest