Connect with us

Kerala

മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ചെരുപ്പേറ്

Published

|

Last Updated

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരേ ചെരിപ്പേറ്. സി പി എം പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെയാണ് ചെരുപ്പേറുണ്ടായത്. പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് നിര്‍മിച്ച നീന്തല്‍ക്കുളത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി തുറന്ന ജീപ്പില്‍ സഞ്ചരിക്കുന്നതിനിടെയാണ് ചെരുപ്പേറുണ്ടായത്. ബാലരാമപുരത്ത് പള്ളിച്ചലിന് സമീപം ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം.
സ്പീക്കര്‍ എന്‍ ശക്തനും മന്ത്രി എം കെ മുനീറും മുഖ്യമന്ത്രിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. പരിപാടിക്ക് മന്ത്രി കെ എം മാണിയും എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കെ എം മാണി ചടങ്ങിനെത്തിയില്ല. കെ എം മാണിക്കെതിരെ പ്രതിഷേധിക്കാനാണ് സി പി എം പ്രവര്‍ത്തകര്‍ എത്തിയത്. മാണി എത്താത്തതിനെത്തുടര്‍ന്ന് പ്രതിഷേധം മുഖ്യമന്ത്രിക്ക് നേരെ നീളുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വാഹനമെത്തിയതോടെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പാഞ്ഞെത്തിയ പ്രവര്‍ത്തകരില്‍ ചിലര്‍ കറുത്ത കൊടിയും കൊടി കെട്ടിയ വടിയും വാഹനത്തിന് നേര്‍ക്ക് വലിച്ചെറിഞ്ഞു. ഇതിനിടെയാണ് ചിലര്‍ ചെരുപ്പുകള്‍ വാഹനത്തിനു നേരെ എറിഞ്ഞത്. ഉടന്‍ തന്നെ പോലീസും സുരക്ഷാ അംഗങ്ങളും മുഖ്യമന്ത്രിക്ക് വലയം തീര്‍ത്തു. ചെരിപ്പോ മറ്റ് വസ്തുക്കളോ മന്ത്രിമാരുടെ ആരുടേയും ദേഹത്ത് വീണില്ല. ചെരുപ്പേറിനെ തുടര്‍ന്ന് സി പി എം പ്രവര്‍ത്തകരെ പോലീസ് വിരട്ടിയോടിച്ചു. ഇത് സി പി എം പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളിനും സംഘര്‍ഷത്തിനും ഇടയാക്കി.
സംഭവത്തില്‍ നരുവാമൂട് പോലീസ് കേസെടുത്തു. റൂറല്‍ എസ് പി ഷഫീന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട്. ഏതാനും സി പി എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. അതേസമയം, മുഖ്യമന്ത്രിക്കു നേരെ ചെരിപ്പേറ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Latest