Connect with us

Editorial

സ്വകാര്യതയും സര്‍ക്കാര്‍ നിലപാടും

Published

|

Last Updated

സ്വകാര്യത മൗലികാവകാശമല്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ആശങ്കാജനകമാണ്. ആധാര്‍ കാര്‍ഡിന് വേണ്ടി പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ തേടുന്നത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കാണിച്ചു സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ പരിഗണിക്കവെ ബുധനാഴ്ച അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹ്തഗിയാണ് സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്. ഭരണഘടനയില്‍ സ്വകാര്യതക്കുള്ള അവകാശത്തെ അവ്യക്തമായാണ് നിര്‍വചിച്ചിരിക്കുന്നതെന്നും സ്വകാര്യതക്കുള്ള അവകാശം ഭരണഘടനക്ക് കീഴില്‍ കൊണ്ടു വരുന്നത് ശ്രമകരമാണെന്നും എ ജി വ്യക്തമാക്കുകയുണ്ടായി.
വ്യക്തിയുടെ സ്വകാര്യതക്ക് ലോകം വില കല്‍പ്പിക്കുന്നുണ്ട്. ലോകരാഷ്ട്രങ്ങളെല്ലാം പൗരന്റെ സ്വകാര്യതക്ക് സംരക്ഷണം നല്‍കുന്നു. ബ്രിട്ടനില്‍ അടുത്തിടെ ഇതുസംബന്ധിച്ച് ഒരു വിവാദം ഉയര്‍ന്നു വന്നു. ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ വിശദ വിവരങ്ങള്‍ സര്‍ക്കാറിന് കൈമാറണമെന്ന ആരോഗ്യവകുപ്പ് മേധാവിയുടെ ഉത്തരവാണ് വിവാദത്തിന് വഴിവെച്ചത്. രോഗികളെ തിരിച്ചറിയുന്ന തരത്തില്‍ ആശുപത്രി രേഖകള്‍ സര്‍ക്കാറിന് നല്‍കുന്നത് ഗുരുതരമായ പ്രശ്‌നമാണെന്നും അത് അനുവദിക്കാനാവില്ലെന്നുമുള്ള അഭിപ്രായത്തിനാണ് അവിടെ മുന്‍തുക്കവും സ്വീകാര്യതയും ലഭിച്ചത്. ഒരു സിനിമക്കു വേണ്ടി നടി ശ്വേതയുടെ പ്രസവം സംവിധായകന്‍ ബ്ലെസ്സി ലൈവായി ചിത്രീകരിച്ചപ്പോള്‍ കേരളത്തിലും ഉയര്‍ന്നുവന്നു ഇത്തരമൊരു വിവാദം. സനാതന, ധാര്‍മിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവരെല്ലാം ഈ ചിത്രീകരണത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണുണ്ടായത്. പ്രസവം മഹനീയമായ ഒരു സ്വകാര്യതയാണെന്നും ഇത് സിനിമയിലും പൊതുമാധ്യമങ്ങളിലും പ്രദര്‍ശിപ്പിക്കുന്നത് വാണിജ്യവത്കരണമാണെന്നുമാണ് അന്തരിച്ച മുന്‍ നിയമസഭാ സ്പീക്കര്‍ കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടത്. നടിക്ക് സ്വകാര്യത വേണ്ടെന്നാണെങ്കില്‍ കുഞ്ഞിന് അതിനുള്ള അവകാശമുണ്ടെന്നും ശ്വേത അത് മാനിക്കേണ്ടിയിരുന്നുവെന്നുമായിരുന്നു അഡ്വ. സെബാസ്റ്റിയന്‍ പോളിന്റെ പ്രതികരണം.
ലോകത്തെവിടെയും പൗരന്മാരുടെ സ്വകാര്യതക്ക് ഭീഷണി നേരിടുന്ന നീക്കം സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടായപ്പോള്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആധാറിനെതിരെയുള്ള എതിര്‍പ്പ് ഇതിന്റെ തുടര്‍ച്ചയാണ്. ആധാര്‍ കാര്‍ഡിനെ ന്യായീകരിക്കാനുള്ള ശ്രമത്തില്‍ പൗരന്മാരുടെ സ്വകാര്യത കാത്തുസൂക്ഷിക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ തള്ളിപ്പറയുമ്പോള്‍ ദൂരവ്യാപകമായിരിക്കും അതിന്റെ പ്രത്യാഘാതങ്ങള്‍. സര്‍വത്ര മേഖലകളിലും സ്വകാര്യതക്ക് നേരെ കടന്നാക്രണം നടന്നുകൊണ്ടിരിക്കയാണിന്ന്. ഭക്ഷണ ശാലകളുടെ ടോയ്‌ലറ്റുകളില്‍, ലേഡീസ് ഹോസ്റ്റലുകളുടെ കുളിമുറികളില്‍, വസ്ത്രാലയങ്ങളുടെ ഡ്രസ്സിംഗ് റൂമുകളില്‍ തുടങ്ങി പൊതുഇടങ്ങളില്‍ എവിടെയെല്ലാം സ്വകാര്യത സംരക്ഷിക്കപ്പെട്ടിരുന്നുവോ, അവിടെയെല്ലാം ഒളിക്യാമറകളെ ഭയക്കേണ്ടിയിരിക്കുന്നു. യുവമിഥുനങ്ങള്‍ക്ക് മണിയറയിലെ ആദ്യരാത്രിയെപ്പോലും ഭീതിയോടെ സമീപിക്കേണ്ട അവസ്ഥ. അവിടെ ആരും ഒളിക്യാമറ സ്ഥാപിച്ചിട്ടില്ലെന്ന് എങ്ങനെ ഉറപ്പിക്കും. ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇന്റര്‍നെറ്റും ക്യാമറാ സംവിധാനവുമുള്ള മൊബൈലും വ്യാപകമായതോടെ അന്യന്റെ നഗ്നത പുതുതലമുറക്ക് ഹരമായി മാറിയിരിക്കയാണ്. ശാസ്ത്രലോകം പുതിയ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്താല്‍ അത് എങ്ങനെ ദുരുപയോഗം ചെയ്യാമെന്ന് കണ്ടെത്തുന്നതിലാണ് അവര്‍ക്ക് വ്യഗ്രത. സ്വന്തം മകളും സഹോദരിയുമടക്കം ഏത് സ്ത്രീയുടെയും നഗ്നതയും സ്വകാര്യതയും ആസ്വദിക്കുകയും പ്രചരിപ്പിക്കുയും ചെയ്യാമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു ലോകം. ഭരണകൂടങ്ങളില്‍ നിന്നും കടന്നാക്രമണത്തിന് വിധേയമാവുന്നു സ്വകാര്യത. ഫോണിലൂടെ പൗരന്മാര്‍ പരസ്പരം കൈമാറുന്ന വിവരങ്ങള്‍ ഭരണകൂടങ്ങള്‍ ചോര്‍ത്തിക്കൊണ്ടിരിക്കയാണ്. സോഷ്യല്‍ മീഡിയയും ചോര്‍ത്തപ്പെടുന്നു. സുരക്ഷയുടെ പേരില്‍ ഏതൊരാളുടെ സ്വകാര്യതയും ഏത് വിധേനയും ചോര്‍ത്താമെന്നായിരിക്കുന്നു. സര്‍ക്കാര്‍ തന്നെ സ്വകാര്യതയെ ലാഘവത്തോടെ കാണുകയും കടന്നാക്രമിക്കുകയും ചെയ്താല്‍ പൗരന്മാരുടെ സ്വകാര്യതക്കിവിടെ ആരാണ് സംരക്ഷണം നല്‍കുക?
എല്ലാ സ്വകാര്യതകളും സംരക്ഷിക്കപ്പെടേണ്ടതല്ലെന്നും, ഭരണകൂടത്തിന് ചില സ്വകാര്യതകളിലേക്ക് കടന്നു ചെല്ലാന്‍ അവകാശമുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ അവകാശവാദമെങ്കില്‍ അതിനൊരു പരിധി നിര്‍ണയിക്കേണ്ടതില്ലേ? ഒരു വ്യക്തിയുടെ സ്വകാര്യതയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളെന്തൊക്കെയാണ്? വ്യക്തിയുടെ ആശയവിനിമയ മാധ്യമങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, രോഗവിവരങ്ങള്‍ തുടങ്ങിയവ സ്വകാര്യതയുടെ പരിധിയില്‍ വരുമോ? ഏതിനെയെല്ലാം അടിസ്ഥാനമാക്കിയാണ് അത് നിര്‍ണയിക്കേണ്ടത്? ഇത്യാദി കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതും ഇതുസംബന്ധിച്ചു ഒരു നയം രൂപപ്പെടേണ്ടതുമുണ്ട്. ആധാര്‍ കാര്‍ഡിനെതിരായ കോടതിയുടെ ഇടപെടലില്‍ നിന്ന് രക്ഷപ്പെടുക എന്ന താത്കാലിക നേട്ടം മാത്രം ലക്ഷ്യമാക്കി ഇക്കാര്യത്തില്‍ അഴകൊഴമ്പന്‍ നയം കൈക്കൊള്ളുന്നത് പൗരന്മാരുടെ അവകാശ ധ്വംസനവും ജനവഞ്ചനയുമാണ്.