Connect with us

Articles

പെണ്‍ ആത്മഹത്യകള്‍

Published

|

Last Updated

സാക്ഷരതയിലും സാംസ്‌കാരിക പ്രബുദ്ധതയിലും മുന്നിട്ട് നില്‍ക്കുന്ന കേരളം ആത്മഹത്യയിലും ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണെന്ന് സംശയിക്കാവുന്ന രീതിയിലാണ് സമകാലിക സംഭവങ്ങള്‍. സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലൊക്കെ സംസ്ഥാനം കൈവരിച്ച അസൂയാവഹമായ നേട്ടങ്ങള്‍ ഒരുഭാഗത്ത് ഉണ്ടെങ്കിലും മാനസികാരോഗ്യ രംഗത്ത് സന്ദേഹമാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആത്മഹത്യകള്‍ നമുക്ക് നല്‍കുന്ന മുന്നറിയിപ്പ്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം കേരളത്തില്‍ 2013ലെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷത്തിന് 24.6 ആണ്. ഇന്ത്യയിലെ ശരാശരി ആത്മഹത്യാ നിരക്കിന്റെ രണ്ട് ഇരട്ടിയോളമാണിത്. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഇന്ത്യയില്‍ കൂടിയ ആത്മഹത്യ നിരക്കുള്ള സംസ്ഥാനവും കേരളമാണ്.
മുന്‍കാലങ്ങളില്‍ കര്‍ഷകര്‍, തൊഴില്‍ രഹിതര്‍, വീട്ടമ്മമാര്‍ എന്നീ വിഭാഗമാണ് ആത്മഹത്യ ചെയ്തവരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ കുട്ടികളുടെ ഇടയിലും ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരുന്നു എന്നതാണ് യാഥാര്‍ഥ്യം. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം കോഴിക്കോട് ജില്ലയില്‍ ആറ്മാസത്തിനിടെ 17 വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. ഇവയില്‍ രണ്ട്‌പേര്‍ പെണ്‍കുട്ടികളാണ്. 2014 ല്‍ ഇവിടെ 11 വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. അതില്‍ ഏഴ്‌പേര്‍ പെണ്‍കുട്ടികളാണ്. മറ്റു ജില്ലകളിലും സമാനമായി തന്നെയുണ്ട്. വിദ്യാര്‍ഥികള്‍ പ്രത്യേകിച്ച്, പെണ്‍കുട്ടികളുടെ ആത്മഹത്യാ നിരക്ക് വര്‍ധിച്ചു വരുന്നുവെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. പെണ്‍കുട്ടികള്‍ ഒറ്റക്കായും കൂട്ടമായും ആത്മഹത്യ ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. അതിന് ബലം നല്‍കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്ന മൂന്ന് വിദ്യര്‍ഥികളുടെ മരണം. കോന്നിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് ഒറ്റപ്പാലം മങ്കരയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ആതിരയും രാജിയും ചികിത്സയിലായിരിക്കെ മരിച്ച ആര്യയും കോന്നിയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികളായിരുന്നു. ഇവരുടെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു എന്ന് ഇപ്പോഴും ദുരൂഹമായിരിക്കുകയാണ്. യൗവനം പ്രാപിച്ചുകൊണ്ടിരിക്കുന്ന, നിരവധി സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുന്ന കൗമാര പ്രായത്തില്‍ ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് പുതുതലമുറ എത്തിയിട്ടുണ്ടെങ്കില്‍ അതിന് പ്രതിരോധം സൃഷ്ടിക്കേണ്ടത് സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വൈദ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. കടബാധ്യതയും പട്ടിണിയും കുടുംബ പ്രാരാബ്ധവുമെല്ലാം മുതിര്‍ന്നവരെ ആത്മഹത്യയിലേക്ക് നയിച്ചിരുന്നുവെങ്കില്‍ വിദ്യാര്‍ഥികള്‍ എന്തുകൊണ്ട് ആത്മഹത്യയിലെത്തുന്നുവെന്നത് പഠന വിധേയമാക്കേണ്ടതുണ്ട്. കോന്നിയിലെ പെണ്‍കുട്ടികള്‍ വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോയി പിന്നെ ട്രെയിനില്‍ യാത്ര ചെയ്ത് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ച് വരുന്ന വഴിയില്‍ ജീവനൊടുക്കാന്‍ ട്രെയിനില്‍നിന്ന് ചാടിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടില്ലെന്നും വിഷം അടക്കമുള്ള മാരക വസ്തുക്കള്‍ ശരീരത്തിനുള്ളില്‍ പ്രവേശിച്ചതിന്റെ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സോഷ്യല്‍ മീഡിയ വഴി മറ്റു ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷണം നടത്തിയിട്ടും ഒരു പിടിയുമില്ല. ഇവിടെയാണ് ആത്മഹത്യയെക്കുറിച്ചും അതിന് കാരണമായി തീരുന്ന ഘടകങ്ങളെക്കുറിച്ചും സമൂഹം ബോധവാന്മാരാകേണ്ടതും വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണവും കൗണ്‍സിലിംഗും ഗൈഡന്‍സും നല്‍കേണ്ടി വരുന്നതും.
ഒരു വ്യക്തി ആത്മഹത്യ ചെയ്യുന്നത് ജീവിത സാഹചര്യങ്ങളുടെ അസഹ്യതമൂലമോ യുക്തിപൂര്‍ണമായ തീരുമാനമെടുത്തുകൊണ്ട് ജീവിതത്തെ നേരിടാനാവശ്യമായ മാനസികാരോഗ്യം നഷ്ടപ്പെടുന്നത്‌കൊണ്ടോ ആകാം. ഈ രണ്ട് വിധത്തിലുള്ള കാരണങ്ങളും മിക്കപ്പോഴും ഒരുമിച്ച് ഉണ്ടായിരിക്കുകയും പരസ്പരം ബന്ധപ്പെട്ടിരിക്കുകയും ചെയ്യാം. ബോധപൂര്‍വമായ പ്രവൃത്തി വഴി സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന അവസ്ഥയാണ് ആത്മഹത്യാ പ്രവണത. കോന്നിയിലെ പെണ്‍കുട്ടികള്‍ മരിക്കുന്നതിന് ബാഹ്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പീഡനമോ മറ്റു വല്ലവരും വിഷം നല്‍കുകയോ ഉണ്ടായിട്ടില്ല. എന്നിട്ടും ആത്മഹത്യയിലേക്ക് തീരുമാനം എടുത്തതിന്റെ പിന്നില്‍ മൂന്ന്‌പേരേയും ബാധിക്കുന്ന കാരണങ്ങള്‍ ഉണ്ടാകാം. ആത്മഹത്യാപ്രവണതയുടെ കാരണങ്ങള്‍ക്ക് മനഃശാസ്ത്രം പല ക്ലാസിഫിക്കേഷനുകള്‍ നല്‍കുന്നുണ്ട്. മാനസികവും ശാരീരികവും സാമൂഹികവുമായ കാരണങ്ങള്‍ ഇതില്‍ വരുന്നുണ്ട്. വിഷാദം, ഉന്മാദം, മുതലായ രോഗങ്ങള്‍ ഉള്ളവരില്‍ ആത്മഹത്യാ പ്രവണത സാധാരണമാണ്. വ്യക്തിത്വ വൈകല്യങ്ങളും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും ആത്മഹത്യയിലേക്ക് നയിക്കാറുണ്ട്. സമ്മര്‍ദ പൂര്‍ണമായ ജീവിത സാഹചര്യങ്ങള്‍, ഒറ്റപ്പെടല്‍ പ്രണയ നൈരാശ്യം, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയവയും ആത്മഹത്യയിലേക്ക് നയിക്കും.
ഓരോ വ്യക്തിയും ഒരു സാഹചര്യത്തോട്, സംഭവത്തോട് പ്രതികരിക്കുന്നത് ആ വ്യക്തിക്ക് സമ്മര്‍ദം താങ്ങാനുള്ള കഴിവനുസരിച്ചാണ് . ഈ കഴിവ് കൂറയുമ്പോഴാണ് ആത്മഹത്യാ പ്രവണത ഏറുന്നത്. വിദ്യാര്‍ഥികള്‍ ഇന്ന് പലവിധ സമ്മര്‍ദങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ റോമാറ്റിക്ക് സ്ട്രസ്സ് നടത്തിയ ഒരു പഠനപ്രകാരം 14 മുതല്‍ 42 ശതമാനം വരെ കുട്ടികളും ഒരിക്കലെങ്കിലും ഏതെങ്കിലും തരത്തിലുള്ള മാനസികാഘാതങ്ങള്‍ക്ക് വിധേയരാകുന്നവരാണ്. ഞാന്‍ മരിച്ചിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവര്‍ എത്രപേരുണ്ടെന്ന് പെണ്‍കുട്ടികള്‍ക്ക് നല്‍കിയ ചോദ്യത്തിന് 20ശതമാനം പേര്‍ മാത്രമേ “അതെ” എന്ന് ഉത്തരം നല്‍കിയുള്ളൂ. 80 ശതമാനം പെണ്‍കുട്ടികളും ഞാന്‍ മരിച്ചിരുന്നുവെങ്കില്‍ എന്ന് പലതവണ ചിന്തിച്ചിരുന്നുവത്രേ. സ്വന്തം വീട്ടില്‍നിന്നുണ്ടാകുന്ന ശാരീരിവും മാനസികവുമായ പീഡനങ്ങള്‍ ആത്മഹത്യയിലേക്ക് കുട്ടികളെ നയിക്കാറുണ്ട്. അവഗണനയും വൈകാരിക പീഡനവും ലൈംഗിക പീഡനവും ശാരീരിക പീഡനവും പീഡനമെന്നതില്‍പ്പെടുന്നു. പരീക്ഷാ ഭയം, പ്രണയനൈരാശ്യം, സമൂഹത്തില്‍ അപമാനമാകുന്ന സംഭവങ്ങള്‍ തുടങ്ങിയവ ഉണ്ടാകുന്നതുമൂലം ആത്മഹത്യ ചെയ്യുന്നവരുണ്ട്. മനസ്സ് പാകമായിവരുന്ന പ്രായമാണ് കൗമാരം. പല തരത്തിലുള്ള സംഘര്‍ഷങ്ങളും ഈ പ്രായത്തില്‍ അവര്‍ അനുഭവിക്കുന്നുണ്ട്. അവരുടെ മനസ്സിന് കരുത്ത് നല്‍കി ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ എടുക്കാന്‍ മുതിര്‍ന്നവര്‍ തയ്യാറാകണം. ആത്മഹത്യാപ്രവണത പരിഹരിക്കുന്നതിന് സമൂഹത്തിനും സര്‍ക്കാറിനും ബാധ്യതയുണ്ട്. ബോധവത്കരണം നല്‍കുകയും കൗണ്‍സലിംഗ് ആവശ്യമായവരെ കണ്ടെത്തി അതിന് വിധേയരാക്കുകയും വേണം. സ്‌കൂളുകളില്‍ കൗണ്‍സിലിംഗ് സെന്റര്‍ തുടങ്ങുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ആശ്വാസമേകുന്നതാണ്. കുടുംബാന്തരീക്ഷം നന്നാക്കുകയും കുട്ടികളുടെ ഓരോ പ്രശ്‌നവും കണ്ടറിഞ്ഞ് പരിഹരിക്കാന്‍ തയ്യാറാകുകയും ചെയ്താല്‍ കുട്ടികളില്‍ കാണുന്ന ആത്മഹത്യാ പ്രവണത ഇല്ലാതാക്കാന്‍ കഴിയും.

Latest