Connect with us

Kerala

ആനവേട്ട: കര്‍ണാടക മാഫിയക്കും പങ്കുണ്ടെന്ന് സൂചന

Published

|

Last Updated

പത്തനംതിട്ട: സംസ്ഥാനത്തെ രണ്ട് വനമേഖലയില്‍ നടത്തിയ ആനവേട്ടക്ക് കര്‍ണാടകയിലെ ആനക്കൊമ്പ് വേട്ടസംഘത്തിന് പങ്കുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കേരളത്തിന്റെ വനാതിര്‍ത്തി കടന്ന് വേട്ട നടത്തി മടങ്ങുന്ന പ്രധാന സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. കേരളത്തിന്റെ വേനല്‍കാലാവസ്ഥ കണക്കിലെടുത്താണ് സംഘം സംസ്ഥാനത്തെ വനമേഖലയില്‍ കയറുന്നത് . ഇതിന് കേരളത്തില്‍ നിന്ന് വന മേഖലയെ നന്നായി അടുത്തറിയുന്നവര്‍ ഇവര്‍ക്ക് സഹായം ചെയ്തു നല്‍കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത് . കര്‍ണാടക വനമേഖലകളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കര്‍ണാടക ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയതോടെ വനം, ടാസ്‌ക്‌ഫോഴ്‌സ് എന്നിവരുടെ പരിശോധന കുടക്, മൈസൂര്‍ ബന്ദീപ്പൂര് വനമേഖലയില്‍ നടക്കുന്നതിനാല്‍ വേട്ടക്കാര്‍ പിന്‍വലിഞ്ഞിരുന്നു. ഈ അവസരങ്ങളില്‍ കേരളത്തില്‍ നിന്നാണ് ഇവര്‍ക്ക് കൊമ്പുകള്‍ ലഭ്യമായിരുന്നത്. വേനല്‍കാലത്ത് ആനകള്‍ പ്രകോപിതരാകുന്ന സമയമായതിനാല്‍ വനത്തിലുള്ള പെട്രോളിംഗ് നടത്തുന്നത് പതിവില്ലാത്തത് വേട്ടക്കാര്‍ക്ക് സൗകര്യപ്രദമായതായും അന്വേഷണ സംഘം പറഞ്ഞു. ഈ സമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആനകളെ കൊന്നടുക്കിയിട്ടുള്ളതെന്ന് വനം വകുപ്പ് പറയുന്നു. എന്നാല്‍ അഞ്ച് ആനകളെ മാത്രമാണ് വേട്ടയാടിയിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി വേട്ടതുടര്‍ന്ന് വന്നിട്ടുള്ളതായി ആനവേട്ടകാരുടെ സഹായിയായ മുന്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അന്വേഷണ സംഘത്തിന് നല്‍കിയ വിവരം. എന്നാല്‍ ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍മാത്രം നടത്തിയ പരിശോധനിയില്‍ ആനകളുടെ കൂടുതല്‍ അവശിഷ്ടം വനം വകുപ്പിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിലെ വേട്ടസംഘം കര്‍ണാടകയിലെ വേട്ടക്കാരെ വനത്തിനുള്ളില്‍ വെച്ചോ, അല്ലെങ്കില്‍ ഇടനിലക്കാര്‍ വഴിയോ പരിചയപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതേസമയം ആനക്കൊമ്പ് വില്‍പ്പനക്ക് കൊച്ചിയിലെ വ്യവസായികള്‍ക്കും പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ ഒരു ഹോട്ടലില്‍ ആനകൊമ്പ് വാങ്ങുന്നതിനായി ഇവര്‍ എത്തിയതെന്നാണ് വിവരം. ഈ വഴിക്കും അന്വേഷണം ഈര്‍ജിതമാണെങ്കിലും വേണ്ടത്ര തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. കര്‍ണാടക, മംഗലാപുരം എന്നിവിടങ്ങളിലേക്കും അന്വേഷണ വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു നിന്ന് പിടികൂടിയ ഏഴു പേരില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്. ഇവര്‍ നല്‍കുന്ന വിവരം അനുസരിച്ച് തിരുവനന്തപുരത്ത് നിന്ന് കൊമ്പില്‍ ശില്‍പങ്ങള്‍ തീര്‍ത്ത് ശ്രീലങ്കവഴി വിദേശത്തേക്ക് കടത്തുകയാണെന്നാണ്. വിദേശത്തേക്കാള്‍ കൂടുതല്‍ ഡിമാന്‍ഡ് ഇന്ത്യന്‍ വിപണയില്‍ നിലവില്‍ കൊമ്പിനുള്ളതിനാല്‍ ഇത് അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടില്ല. സംസ്ഥാനത്തെ ആനവേട്ടയില്‍ പ്രമുഖനായ വാസു ആത്മഹത്യ ചെയ്തതോടെ അന്വേഷണം ഇപ്പോള്‍ വഴിമുട്ടിയ അവസ്ഥയിലാണ്. എന്നാല്‍ കര്‍ണാടക വനം വകുപ്പിന്റെ പക്കലുള്ള ആനവേട്ടക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് സംഘത്തിന്റെ തീരുമാനം. അതേസമയം സംസ്ഥാനത്ത് ആനകൊമ്പുകള്‍ സൂക്ഷിച്ചിട്ടുള്ളതായി അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ തയ്യാറായിട്ടില്ല.