Connect with us

Wayanad

ഗഗാറിനെതിരെ നടപടിയെടുത്തിട്ടില്ല: സി പി എം

Published

|

Last Updated

കല്‍പ്പറ്റ: സിപിഐ എം ജില്ല കമ്മറ്റി അംഗവും വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ പി ഗഗാറിനുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ജില്ല സെക്രട്ടരിയറ്റംഗം വി ഉഷാകുമാരി, ജില്ല കമ്മറ്റി അംഗം എം സെയ്ത് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ഗഗാറിനെതിരെ യാതൊരു അന്വേഷണവും നടന്നിട്ടില്ല. പാര്‍ടിയില്‍ നിന്ന് പുറത്താക്കാനോ തരംതാഴ്ത്താനോ ജില്ല കമ്മറ്റി തീരുമാനിച്ചിട്ടുമില്ല. എന്നിട്ടും വസ്തുതകളുടെ നിജസ്ഥിതി അന്വേഷിക്കാതെ മാധ്യമങ്ങള്‍ വാര്‍ത്ത പടച്ച് വിടുന്നത് മാധ്യമധര്‍മത്തിന് നിരക്കുന്നതല്ല.കെട്ടിട നിര്‍മാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് യാതൊരു ആശയകുഴപ്പവും പാര്‍ടിയിലില്ല. ഗഗാറിന്‍ സ്വീകരിച്ച നിലപാട് പാര്‍ടി നിലപാടിന് വിരുദ്ധവുമല്ല.
വയനാട് ജില്ലയില്‍ പാര്‍ട്ടിക്ക് ഏറ്റവും അധികം സ്വാധീനമുള്ള പഞ്ചായത്താണ് വൈത്തിരി. വര്‍ഷങ്ങളായി പഞ്ചായത്ത് ഭരണവും സിപിഐ എം നേതൃത്വത്തിലുള്ള മുന്നണിക്കാണ്.പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ സംശയത്തിന്റെ പുക മറ സൃഷ്ടിക്കാനാണ് ബോധപൂര്‍വം ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുന്നത്. ജനങ്ങള്‍ക്കിടയില്‍ പാര്‍ടിക്കുള്ള സ്വാധീനം കണ്ട് വിറളി പിടിച്ച നിക്ഷിപ്ത താല്‍പര്യക്കാരാണ് ഇത്തരം കള്ള പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ഇത് സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ്. വൈത്തിരിയിലെ ചില റിയല്‍ എസ്‌റ്റേറ്റ് ലോബിയുടെ ഇച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കാത്തതാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കാനിടയാക്കുന്നത്. ചില സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമേ ഇത്തരം പ്രചരണങ്ങള്‍ ഉപകരിക്കൂ എന്നും നേതാക്കള്‍ പറഞ്ഞു.