Connect with us

Kasargod

ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖം ആഗസ്റ്റില്‍ നാടിന് സമര്‍പ്പിക്കും

Published

|

Last Updated

കാസര്‍കോട്: ജില്ലയുടെ സ്വപ്‌നപദ്ധതിയായ ചെറുവത്തൂര്‍ മത്സ്യബന്ധനതുറമുഖം അടുത്ത മാസം 21ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും.
മത്സ്യബന്ധനതുറമുഖം കമ്മീഷന്‍ ചെയ്യുന്നതോടെ തദ്ദേശവാസികളായ ആയിരത്തോളം പേര്‍ക്ക് നേരിട്ടും നാലായിരത്തിലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാകും. ഒരു വര്‍ഷത്തില്‍ നിലവില്‍ 200 ഓളം പ്രവൃത്തി ദിനങ്ങള്‍ മാത്രമാണ് മത്സ്യബന്ധനത്തിന് ലഭിക്കുന്നത്. തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ ഇത് 280 ആയി ഉയരും. ജില്ലയില്‍ കമ്മീഷന്‍ ചെയ്യുന്ന ആദ്യമത്സ്യബന്ധന തുറമുഖമാകും ഇത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത ധനസഹായത്തോടുകൂടിയാണ് ചെറുവത്തൂര്‍ മത്സ്യബന്ധനതുറമുഖം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 29.06 കോടി രൂപയാണ് ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിച്ചത്. ചെറുവത്തൂര്‍ ടൗണില്‍ നിന്നും അഞ്ച് കി.മീ അകലെയുളള പ്രദേശത്താണ് തുറമുഖം നിര്‍മിച്ചത്. തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ തുറമുഖത്ത് ഒരേസമയം 300 ലധികം മത്സ്യബന്ധന ബോട്ടുകള്‍ക്ക് നങ്കൂരമിടാന്‍ കഴിയും.
തുറമുഖത്തില്‍ 803 മീറ്ററും 833 മീറ്ററും നീളമുളള രണ്ട് പുലിമുട്ട്, 120 മീറ്റര്‍ നീളമുള്ള വാര്‍ഫ്, 900 സ്‌ക്വയര്‍മീറ്റര്‍ സൗകര്യമുളള ലേലപുര, മത്സ്യബന്ധനബോട്ടുകളുടെ അറ്റകുറ്റപണികള്‍ക്കുളള വര്‍ക്ക്‌ഷോപ്പ്, ലോഡിംഗ് ഏരിയ, പാര്‍ക്കിംഗ് ഏരിയ, കാന്റീന്‍, ഗിയര്‍ഷെഡ് , വിശ്രമമുറി, അനുബന്ധ കടകള്‍, അപ്രോച്ച് റോഡ്, ഗേറ്റ്ഹൗസ്, ചുറ്റുമതില്‍, എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയുടെ വികസനത്തില്‍ നാഴികകല്ലാകാന്‍ ചെറുവത്തൂര്‍ മത്സ്യബന്ധനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

Latest