Connect with us

Kerala

കൈക്കൂലി: ആരോഗ്യ സര്‍വകലാശാല രജിസ്ട്രാറെ പുറത്താക്കി

Published

|

Last Updated

തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ കുറ്റത്തിന് ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഐപ്പ് വര്‍ഗീസിനെ ഔദ്യോഗിക സ്ഥാനത്തു നിന്ന് പുറത്താക്കി. സര്‍വകലാശാല ഗവേണിംഗ് കൗണ്‍സില്‍ യോഗമാണ് അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. ഐപ്പ് വര്‍ഗീസ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ചാനല്‍ പുറത്തു വിട്ടതിനെ തുടര്‍ന്ന് അദ്ദേഹം സസ്‌പെന്‍ഷനിലായിരുന്നു. ഈ മാസം 31 ന് വിരമിക്കാനിരിക്കെയാണ് പുറത്താക്കല്‍.
അമ്പതിനായിരം രൂപയാണ് ഒരു സ്വകാര്യ ചാനലിന്റെ ഒളിക്യാമറ ഓപറേഷനിടെ അദ്ദേഹം വാങ്ങിയത്. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ഇദ്ദേഹം പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ദിവസം മുതല്‍ ഡോ. ഐപ്പിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തതായി ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ അറിയിച്ചു. സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ ഐപ്പ് വര്‍ഗീസ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗവേണിംഗ് കൗണ്‍സില്‍ മുമ്പാകെ നേരിട്ട് ഹാജരാവാന്‍ ഡോ. ഐപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരായിരുന്നില്ല.