Connect with us

Gulf

ആയിരം കിലോമീറ്റര്‍ കുതിരയോട്ടത്തിന് യുമ മെന്‍സിയ ഒരുങ്ങുന്നു

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള മംഗോള്‍ ഡെര്‍ബി കുതിരയോട്ടത്തില്‍ പങ്കാളിയാവാന്‍ ദുബൈ സ്വദേശിനിയായ യുമ മെന്‍സിയ ഒരുങ്ങുന്നു. മംഗോളിയയിലെ വന്യതയിലൂടെ മുന്നേറുന്നതാണ് 40 പേര്‍ പങ്കാളികളാവുന്ന ഈ മത്സരം. ലോകത്തിലെ തന്നെ ഏറ്റവും ശ്രമകരമായ കുതിരയോട്ട മത്സരം കൂടിയാണിത്. ദിശ നിര്‍ണയിക്കാന്‍ മത്സരത്തില്‍ ജി പി എസ് സംവിധാനമാവും ഉപയോഗിക്കുക.

ദുബൈയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ പെണ്‍കുട്ടികൂടിയാണ് സാഹസികതയുടെ തോഴിയായ ഈ മിടുക്കി.
2009ലാണ് മംഗോള്‍ ഡെര്‍ബിക് തുടക്കമിട്ടത്. 700 വര്‍ഷം മുമ്പ് ചെങ്കിസ്ഘാന്‍ തന്റെ വൈദേശികാക്രമണങ്ങള്‍ക്ക് പുറപ്പെട്ട വഴിയിലൂടെയാണ് കുതിരയോട്ട മത്സരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി ദുബൈയില്‍ കഴിയുന്ന യുമ, മത്സരത്തില്‍ 25 കുതിരകളെയാണ് മാറി മാറി ഉപയോഗിക്കുക. ദുബൈയില്‍ യുമ പരിശീലനം നടത്തുന്ന അറേബ്യന്‍ കുതിരകളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണ് മെരുക്കം കുറഞ്ഞതും കാടന്‍ സ്വഭാവം പ്രകടിപ്പിക്കുന്നതുമായ മംഗോളിയന്‍ കുതിരകള്‍. സവാരിക്കാര്‍ക്ക് വിശ്വസിക്കാന്‍ പറ്റാത്തവയാണ് മംഗോള്‍ കുതിരകളെന്ന് യുമ അഭിപ്രായപ്പെട്ടു. കഠിനമായ ജോലികള്‍ക്കായി ഉപയോഗപ്പെടുത്തുന്ന ഇത്തരം കുതിരകളെ മത്സരങ്ങള്‍ക്കും വ്യക്തിപരമായ സവാരിക്കും ഉപയോഗപ്പെടുത്തുക അപൂര്‍വമാണ്. അതിനാല്‍ കൈകാര്യം ചെയ്യുമ്പോള്‍ കടുത്ത ജാഗ്രത ആവശ്യമാണ്. പാതയിലെ അപകടങ്ങളെക്കുറിച്ച് യാതൊരു മുന്നറിയിപ്പുമുണ്ടാവില്ലെന്നതും മംഗോളിയയിലെ കുന്നുകളും പുല്‍മേടുകളുമെല്ലാം ഉള്‍പെട്ട മേഖല താണ്ടണമെന്നതും വളരെ വലിയ വെല്ലുവിളിയായി തന്നെയാണ് ഏറ്റെടുക്കുന്നതെന്ന് 26 കാരിയായ യുമ മെന്‍സിയ വ്യക്തമാക്കി.
മത്സരത്തിനിടയില്‍ സവാരിക്കാരനോ, കുതിരക്കോ അപകടം സംഭവിക്കാം. വഴിതെറ്റി ദുരിതത്തിലാവാം. പങ്കെടുക്കുന്നവരില്‍ മിക്കവര്‍ക്കും മംഗോള്‍ ഡെര്‍ബി പൂര്‍ത്തീകരിക്കാന്‍ സാധിക്കാറില്ല. തന്റെ കേസില്‍ എന്താണ് സംഭവിക്കുകയെന്നതിനെക്കുറിച്ച് പ്രവചനം സാധ്യമല്ലെന്നും യുമ പറഞ്ഞു.